ഇരുപത്തിമൂന്നു വര്‍ഷമായി പോലീസില്‍ ജോലി ചെയ്യുന്ന കോഴിക്കോട് മൈക്കാവിലെ ഷാജു ചൂരക്കാത്തടത്തില്‍ വീട്ടിലെത്തുന്ന വേളകളില്‍ കൃഷിയോട് കാണിക്കുന്ന സ്‌നേഹം ശ്രദ്ധേയമാണ്.

മുക്കം എ. എസ്.ഐ. ആയി ഇപ്പോള്‍ ജോലിചെയ്യുന്ന ഷാജു അതിരാവിലെയും ഒഴിവുദിവസങ്ങളിലും പരിശ്രമിച്ചാണ് തന്റെ വിളവ് മെച്ചപ്പെടുത്തുന്നത്. ഭാര്യ മഞ്ജു സഹായത്തിനുണ്ട്. ഇപ്പോള്‍ ഒരേക്കര്‍ സ്ഥലത്ത് കരനെല്ല് വിജയകരമായി വിളവെടുത്തിരിക്കുകയാണ്.

റബ്ബറിനു വിലകുറയുകയും ആദായകരമല്ലാതാവുകയും ചെയ്തതോടെ കൃഷിയിടം മറ്റ് ആവശ്യത്തിനായി വിനിയോഗിക്കാന്‍ തീരുമാനിച്ചപ്പോള്‍ നെല്‍ക്കൃഷിയിലേക്ക് ശ്രദ്ധ തിരിച്ചു. യന്ത്രമുപയോഗിച്ച് റബ്ബര്‍വേരുകള്‍ പിഴുത്ത് മാറ്റി ഉഴുതുമറിക്കുകയാണ് ആദ്യം ചെയ്തത്. ഇടക്കയ്യാല തീര്‍ത്ത് കൃഷിയിടത്തെ ഏഴ് കള്ളികളാക്കി തിരിച്ചു.

മണ്ണൊരുക്കുന്നതിന് ചാണകപ്പൊടിയും കുമ്മായവും ചേര്‍ത്ത് ഇളക്കുകയും ചെയ്തു. മഴക്കാലത്തെ ആശ്രയിച്ചുള്ള കൃഷിയായതിനാല്‍ ജൂണിലെ വര്‍ഷാരംഭത്തില്‍ വിത്തു വിതച്ചു. 90 ദിവസം കൊണ്ട് കൊയ്‌തെടുക്കാവുന്ന ഉമ നെല്ലിനമാണ് ഉപയോഗിച്ചത്.

ഒന്നരമാസമായപ്പോള്‍ അടിക്കണ തെളിഞ്ഞുതുടങ്ങിയ സമയത്ത് നേരിയ അളവില്‍ യൂറിയ ചേര്‍ത്തു. മൂന്നാം മാസത്തില്‍ കതിരിട്ടു തുടങ്ങിയ അവസ്ഥയില്‍ പൊട്ടാഷും യൂറിയയും നല്‍കി. എള്ള്, ഇഞ്ചി, കൂര്‍ക്ക, തെങ്ങ്, പച്ചക്കറികള്‍ തുടങ്ങി വേറെയും വിളകള്‍ ഉണ്ട്. ജൈവരീതിയെയാണ് അവലംബിക്കുന്നത്.

വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളധികവും ഇവിടെത്തന്നെ വിളയിക്കുന്നു. ആറു സഹോദരങ്ങളും അവരുടെ കുടുംബവുമാണ് കൊയ്ത്തും മെതിക്കലും ഉത്സവമാക്കി മാറ്റാന്‍ കൂട്ടിനുണ്ടായിരുന്നത്. പഴയകാല നെല്‍ സമൃദ്ധി തിരിച്ചുകൊണ്ടുവരാനുള്ള കുടുംബാംഗങ്ങളുടെ കൂട്ടായ്മയ്ക്ക് നെല്ല് വീതിച്ച് നല്‍കുകയും ചെയ്തു. (ഫോണ്‍: 9495721602)

Content Highlight: Agriculture, Paddy, Organic Farming, Kerala Police