വലക്കൂട് കൃഷി| ഫോട്ടോ: മാതൃഭൂമി
മണ്ണും വെള്ളവും കുറവുള്ളവര്‍ക്ക് എളുപ്പത്തില്‍ കൃഷിചെയ്യാവുന്ന രീതിയാണ് വലക്കൂട് കൃഷി. മണ്ണിനുപകരം ജൈവവളമിശ്രിതം, ചകിരിച്ചോര്‍, കരിയിലകള്‍, കമ്പോസ്റ്റ് എന്നിവയാണ് കൂടിനുള്ളില്‍ ഉപയോഗിക്കുന്നത്. ലഭ്യമാണെങ്കില്‍ കല്ലില്ലാത്ത അല്പം മണ്ണുകൂടി ചേര്‍ത്താല്‍ വിളവ് ഇരട്ടിയാകും. നാലടി ഉയരത്തിലാണ് വെല്‍ഡ് മെഷ് ഉപയോഗിച്ച് വലക്കൂട് നിര്‍മിക്കുന്നത്. ഇതിനായി ആദ്യം 60 സെന്റീമീറ്റര്‍ നീളത്തില്‍ വല മുറിച്ചെടുക്കണം. തുടര്‍ന്ന് പെയിന്റ് ചെയ്യണം.
തുരുമ്പെടുക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പെയിന്റ് ഉണങ്ങിയശേഷം വട്ടത്തിലാക്കി പ്ലാസ്റ്റിക് വള്ളി ഉപയോഗിച്ച് കെട്ടി കൂടയാക്കണം. നേരത്തേ തയ്യാറാക്കിയ മിശ്രിതം ഈ കൂടയില്‍ നിറയ്ക്കണം. ക്യാരറ്റ്, കൂര്‍ക്കല്‍, മുള്ളങ്കി, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, ചീനി തുടങ്ങിയവയെല്ലാം ഇങ്ങനെ നട്ടുവളര്‍ത്താം. സാധാരണ കൃഷിരീതിയെ അപേക്ഷിച്ച് വെള്ളവും കുറച്ചുമതിയെന്നതാണ് വലക്കൂട് കൃഷിയുടെ പ്രത്യേകത.
വിത്തിട്ടശേഷം നനയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം സ്പ്രേ ചെയ്ത് കൊടുക്കാനേ പാടുള്ളൂ. ഡ്രിപ്പ് പൈപ്പ് കൊടുത്ത് അതില്‍ ഒരു വാല്‍വ് ഘടിപ്പിച്ച് നനയ്ക്കാവുന്നതാണ്. ക്യാരറ്റാണെങ്കില് ഒരു വലക്കൂടില്‍ ഇരുപതിലധികം ക്യാരറ്റ് വിളയും. കൂര്‍ക്കലാണെങ്കില്‍ അതില്‍ കൂടുതലും നടാം.
ശരാശരി മൂന്ന് കിലോ ഒരു കൂടയില്‍ നിന്ന് ആദായം കിട്ടും. ഒരു വലക്കൂട നിര്‍മിക്കാന്‍ പണിക്കൂലിയടക്കം 600 രൂപ ചെലവ് വരും. ഒരു വല പത്തുവര്‍ഷത്തിന് മുകളില്‍ ഉപയോഗിക്കാം. വയനാട് പുല്‍പ്പള്ളി സ്വദേശിയായ ചെറിയതോട്ടില്‍ സി.വി. വര്‍ഗീസ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇങ്ങനെ വലക്കൂടിനുള്ളില്‍ കൃഷിചെയ്തുവരുന്ന ആളാണ്. ആദ്യഘട്ടത്തില്‍ 21 കൂടുകളാണ് ഇദ്ദേഹം നിര്‍മിച്ചത്. അടുത്തഘട്ടത്തില്‍ 22 എണ്ണംകൂടി നിര്‍മിച്ചു.
വിവരങ്ങള്‍ക്ക്: 9744367439.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..