എട്ടാം ക്ലാസില്‍ പഠിക്കുന്ന അഭിലാല്‍, അച്ഛനൊപ്പം കൃഷിചെയ്ത് സ്വന്തം ആവശ്യത്തിനുള്ള പണം കണ്ടെത്തുകയാണ്. പെരിന്തല്‍മണ്ണ പുലാമന്തോള്‍ ചോലപ്പറമ്പത്ത് വീട്ടില്‍ ശശിധരന്റെ മകനാണ് അഭിലാല്‍.

സമപ്രായക്കാര്‍ കളികള്‍ക്കൊപ്പമായിരുന്നപ്പോള്‍ അഭിലാല്‍ കൃഷിപ്പണിയിലായിരുന്നു. ഇതിന് ഫലമുണ്ടായി. ആലപ്പുഴ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്‌കാരം അഭിലാലിനെത്തേടിയെത്തി. ഇക്കൊല്ലത്തെ അന്താരാഷ്ട്ര പയര്‍വര്‍ഷം മുന്‍നിര്‍ത്തി കുട്ടികളിലെ കൃഷി മികവിനുള്ള അംഗീകാരമാണിത്. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.

30 സെന്റ് മാത്രം സ്വന്തമായുള്ള പിതാവ് ശശിധരന്‍, മൂന്നേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് വടക്കന്‍ പാലൂരില്‍ കൃഷി നടത്തുന്നത്. രണ്ടേക്കറില്‍ രണ്ടുപൂ നെല്‍ക്കൃഷിയും ഒരേക്കറില്‍ വെണ്ട, ചീര, സൂര്യകാന്തി, വഴുതന, മുളക്, പയര്‍ എന്നിവയും മുടക്കമില്ലാതെ ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്.

കൃഷിയില്‍നിന്നുള്ള വരുമാനം മാത്രമാണ് ആറുപേര്‍ അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം. പുലാമന്തോള്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അഭിലാല്‍. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും അവധിദിനങ്ങളില്‍ മുഴുവനായും കൃഷിയിടത്തില്‍ അച്ഛനെ സഹായിക്കും. അഭിലാലിന്റെ കൃഷിയിലെ താത്പര്യം മനസ്സിലാക്കിയ അച്ഛന്‍ പത്തുസെന്റ് സ്ഥലം പയര്‍ കൃഷിചെയ്യാന്‍ കൊടുത്തു.

എന്‍.എസ്. 320, എന്‍.എസ്. 321 എന്നീ വള്ളിപ്പയറും കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച ടി.സി. 15, പി.ജി.സി.പി.-6 എന്നീ കുറ്റിപ്പയറിനവുമാണ് കൃഷി ചെയ്തത്. ചാണകവും മണ്ണിരക്കമ്പോസ്റ്റും ചാരവും വളമാക്കി. കീടനാശിനിയായി പഞ്ച ഗവ്യം, പുകയില കഷായം, മത്തി-ശര്‍ക്കര ലായനി, വെളുത്തുള്ളി-കാന്താരി മിശ്രിതം എന്നിവ പ്രയോഗിച്ചു.

പത്തു സെന്റില്‍നിന്ന് 800 കിലോ പയറാണ് അഭിലാല്‍ വിളയിച്ചെടുത്തത്. ആവശ്യക്കാര്‍ക്ക് വിത്തും നല്‍കുന്നുണ്ട്. പയര്‍കൃഷി വിളവെടുപ്പ് കഴിഞ്ഞ സ്ഥലത്ത് കൂര്‍ക്കയും പച്ചക്കറികളും ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അഭിലാല്‍. പുലാമന്തോള്‍ കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണന്റെ നിര്‍ദേശങ്ങളും അധ്യാപകരായ ഹരിദാസ്, മുഹമ്മദലി, അജിത എന്നിവരുടെ പ്രേരണയും അഭിലാലിന് പ്രോത്സാഹനമായി.

(ഫോണ്‍, 9495344237)