ആറ്റിങ്ങല്‍: സംസ്ഥാനത്ത് ജൈവകൃഷിയില്‍ തനതായ ഇടം നേടി മുന്നേറുകയാണ് ആറ്റിങ്ങല്‍. പച്ചക്കറിക്കൃഷിയിലും നെല്‍ക്കൃഷിയിലും വന്‍നേട്ടമാണ് ഒരു വര്‍ഷം കൊണ്ട് ഈ നഗരം സ്വന്തമാക്കിയത്. സഹജീവികളുടെ സുഖജീവനത്തിനായി ഒരു ഡോക്ടര്‍ നടത്തുന്ന സാമൂഹ്യ ഇടപെടലുകളുടെ വിജയം കൂടിയാണിത്.

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എം.ഡി. ഡോ.പി. രാധാകൃഷ്ണന്‍നായരാണ് ഈ ഡോക്ടര്‍. ഇന്ന് ആറ്റിങ്ങല്‍ നഗരത്തിലെ ഓരോ വീട്ടിലും പച്ചക്കറിച്ചെടികള്‍ തളിരിടുമ്പോഴും പൂവിടുമ്പോഴും അതിന് പിന്നില്‍ ഈ മനുഷ്യന്റെ വിരല്‍പ്പാടുകളുണ്ട്.

കേരളത്തിലെ അറിയപ്പെടുന്ന ഡോക്ടര്‍മാരിലൊരാള്‍ കുഞ്ഞുങ്ങളില്ലാതെ നിറംകെട്ടുപോയ ജീവിതങ്ങള്‍ക്ക് ചികിത്സയിലൂടെ വെളിച്ചവും തെളിച്ചവും നല്‍കുന്ന ആശുപത്രിയുടെ അമരക്കാരന്‍. ജീവിതചുറ്റുപാടുകള്‍ മൂലം പഠനമുള്‍പ്പെടെ പ്രതിസന്ധികളിലായിപ്പോയ അനേകരുടെ ആശ്രയം. ഏതാവശ്യം പറഞ്ഞും മുന്നിലെത്തുന്നവരെ നിരാശപ്പെടുത്താത്ത സ്‌നേഹം.

സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്നുപറയുന്നയാള്‍. വിവിധ സംഘടനകളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പ്രേരകശക്തി, ഇതൊക്കെയാണ് രാധാകൃഷ്ണന്‍ ഡോക്ടര്‍. ഇതിനെല്ലാമപ്പുറമാണ് ഡോക്ടര്‍ ഇപ്പോള്‍ കാര്‍ഷിക മേഖലയ്ക്കു നല്‍കുന്ന സംഭാവന.

നഗരത്തില്‍ ജൈവകൃഷി നടപ്പാക്കുന്നതിനായി കിഴുവിലം തൊഴില്‍സേനയും നഗരസഭാധികൃതരും സമീപിച്ചപ്പോള്‍ സര്‍വ്വാത്മനാ പങ്കാളിയാവുകയായിരുന്നു ഡോക്ടര്‍. ഏകദേശം രണ്ടരലക്ഷം തൈകള്‍ ഉത്പാദിപ്പിച്ച് സൗജന്യമായി വിതരണം ചെയ്തു. അഞ്ചുതരം പച്ചക്കറിത്തൈകളാണ് വിതരണം നടത്തിയത്.

പദ്ധതിയുടെ പ്രചാരണത്തിനായി 'കൃഷി ആരോഗ്യത്തിനു വേണ്ടി' എന്ന സന്ദേശവുമായി നഗരസഭയുടെ മുക്കിലും മൂലയിലും പോയി ക്ലാസുകളെടുത്തു. ഇത് കാര്‍ഷികമേഖലയിലും ആരോഗ്യമേഖലയിലും ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുന്നതിനുപകരിച്ചു. കൃഷിയിലൂടെ വന്‍ വിളവാണ് ഓരോവീട്ടുകാര്‍ക്കും ലഭിച്ചത്.

വീടിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ പറമ്പില്‍ ജൈവക്കൃഷി നടത്തി ഇതിന്റെ മാതൃകയും ഡോക്ടര്‍ കാണിച്ചു. പച്ചക്കറിയും നാണ്യവിളകളും കിഴങ്ങുവര്‍ഗവുമെല്ലാം ഈ പറമ്പില്‍ നിറഞ്ഞു. പയര്‍, പാവല്‍, വിവിധയിനം വഴുതന, വെള്ളരി, പച്ചമുളക്, ചീര, വാളരി, ചേന, മരിച്ചീനി തുടങ്ങിയ നാടന്‍ പച്ചക്കറികളും കിഴങ്ങു വര്‍ഗങ്ങളും നാടനും വിദേശിയുമായ പഴവര്‍ഗങ്ങളും ഡോക്ടറുടെ പറമ്പില്‍ നല്ല വിളവ് നല്‍കുന്നുണ്ട്.

എല്ലാ ദിവസവും രാവിലെ ഏഴുമണി മുതല്‍ എട്ട് മണിവരെയാണ് ചെടികളുടെ ശുശ്രൂഷ. രാവിലെ ചെടികള്‍ക്കൊപ്പം ഒരു മണിക്കൂര്‍ ചെലവിടുന്നതോടെ മനസ്സ് ഉന്മേഷഭരിതമാകുമെന്ന് ഡോക്ടര്‍ പറയുന്നു.

നഗരത്തില്‍ ശീതകാല പച്ചക്കറിക്കൃഷി വ്യാപകമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ ഡോക്ടററും സംഘവും. ഇതിനായി തൈകള്‍ ഉത്പാദിപ്പിച്ചു കഴിഞ്ഞു.