ചെറുപ്പം മുതലേ സസ്യങ്ങളുടെ ചങ്ങാതിയായ കെ.ജി. രമേശിന് കിട്ടിയ അംഗീകാരമാണു വനംവകുപ്പിന്റെ ഈ വര്‍ഷത്തെ വനമിത്ര പുരസ്‌കാരം. ആലപ്പുഴ, കണ്ടല്ലൂര്‍ പുല്ലുകുളങ്ങര ആറാട്ടുകുളങ്ങര ജങ്ഷനു സമീപം പ്രണവം വീട്ടില്‍ ഒന്നേകാല്‍ ഏക്കറോളം വരുന്ന സ്ഥലത്ത് 'ലക്ഷ്മീസ് അറ്റോള്‍' എന്ന ഇദ്ദേഹത്തിന്റെ ഉദ്യാനം സസ്യവര്‍ഗ സമ്പന്നമാണ്. ആയിരത്തഞ്ഞൂറോളോം സസ്യങ്ങളാണ് ഇവിടെ വളരുന്നത്.

ഇതില്‍ ഔഷധ വൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും ജലസസ്യങ്ങളും ഉള്‍പ്പെടും. അപൂര്‍വങ്ങളായ ശിംശിപാവൃക്ഷം, കമണ്ഡലു മരം, കടുവാ പിടുക്കന്‍, ചെമ്മരം, ഭൂതി ഉണര്‍ത്തി, മരവുരി, അകോരി എന്നിവയെല്ലാം ഉദ്യാനത്തിലുണ്ട്. നാഗലിംഗമരം, ബ്രൗണിയ, ഊദ് മരം, കല്‍ത്താമര, കായം, കാരമരം, സോമലത, കരിങ്ങാലി, റംബുട്ടാന്‍, ലിച്ചി, മിറാക്കിള്‍ ഫ്രൂട്ട്, ഫെവിക്കോള്‍ മരം, പനച്ചി, കര്‍പ്പൂര മരം, രുദ്രാക്ഷം തുടങ്ങിയവയും വളരുന്നുണ്ട്. ഇരുപത്തിയേഴ് ഇനം നക്ഷത്ര വൃക്ഷങ്ങള്‍, മൂന്നുതരം കടമ്പുകള്‍, പതിനേഴിനം തുളസി, പതിനഞ്ചോളം ആല്‍മരങ്ങളുമുണ്ട്. കൂടാതെ വിവിധ ഇടവിളകൃഷികള്‍, പച്ചക്കറികള്‍, നാടന്‍ മത്സ്യക്കൃഷി, നാടന്‍ പശുക്കള്‍, നാടന്‍ കോഴികള്‍ എന്നിവയെല്ലാം വീട്ടിലുണ്ട്.

സസ്യ വൈവിധ്യങ്ങള്‍ കാണാനും മനസ്സിലാക്കാനും ഗവേഷണ വിദ്യാര്‍ഥികളും സ്‌കൂള്‍-കോളേജ് കുട്ടികളും എത്താറുണ്ട്. ഇവര്‍ക്കു മനസ്സിലാകാനായി ഒട്ടുമിക്ക സസ്യങ്ങളില്‍ ശാസ്ത്രീയനാമം എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സസ്യങ്ങളുടെ ശേഖരണത്തിനായി കേരളമാകെ ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്റെ അക്ഷയശ്രീ, സി.പി.സി.ആര്‍.ഐ. അവാര്‍ഡുകള്‍ കൃഷി വകുപ്പിന്റെ പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍ എന്നീ അംഗീകാരങ്ങളും കെ.ജി. രമേശിന് കിട്ടിയിട്ടുണ്ട്.

അപൂര്‍വ സസ്യജാലങ്ങള്‍ സംരക്ഷിക്കുകയും വരും തലമുറക്കു പ്രയോജനപ്പെടുന്ന രീതിയില്‍ വളര്‍ത്തി എടുക്കുകയും ചെയ്യുക എന്നതാണ് 'ലക്ഷ്മീസ് അറ്റോള്‍' ലക്ഷ്യം വെക്കുന്നതെന്ന് കെ.ജി. രമേശ് പറഞ്ഞു. ഭാര്യ കണ്ടല്ലൂര്‍ വടക്ക് മുകുന്ദവിലാസം എല്‍.പി.സ്‌കൂള്‍ പ്രഥമാധ്യാപിക വി. രമാദേവിയും സസ്യങ്ങളുടെ ശേഖരണത്തിനും പരിപാലനത്തിനും കൂട്ടായി എപ്പോഴും രമേശിനൊപ്പമുണ്ട്. മക്കള്‍: മനു, ലക്ഷ്മി.

Content Highlights: About 1,500 plants in Ramesh's yard