തിരുനെൽവേലിയിലെ ബാബുവിന്റെ കഴുതഫാം
ചെന്നൈ: പഠിക്കാന്‍ പിന്നിലായപ്പോള്‍ അധ്യാപകര്‍ 'കഴുതേ' എന്നു പരിഹസിക്കുമായിരുന്നു ബാബുവിനെ. എന്നാല്‍, ഇപ്പോള്‍ കഴുതകളാണ് ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ അനുഗ്രഹമായിരിക്കുന്നത്. പഠനം പാതിവഴിയിലാക്കി സ്കൂളില്‍നിന്ന് പടിയിറങ്ങിയ ബാബു ഇപ്പോള്‍ കഴുതകളെ കൂട്ടുപിടിച്ചാണ് ജീവിക്കുന്നത്.
തമിഴ്നാട്ടിലെ ആദ്യത്തെ കഴുതഫാമിന്റെ ഉടമയാണ് തിരുനെല്‍വേലിക്കാരനായ ഈ യുവാവ്. വീടിനടുത്തായി 17 ഏക്കറിലാണ് ഫാം. ഇവിടെനിന്ന് കഴുതപ്പാല് ബെംഗളൂരുവിലെ ഒരു സൗന്ദര്യവര്‍ധക ഉത്പന്ന നിര്‍മാണക്കമ്പനിക്ക് മൊത്തമായി നല്‍കും.
Also Read
ഫാമില്‍ തമിഴ്നാട്ടിലെ തനി നാടന്കഴുതകളും ഗുജറാത്തിലെ ഹലാരികഴുതകളും മഹാരാഷ്ട്രയിലെ കത്തിയവാടി കഴുതകളും ഉള്‍പ്പെടെ 100 കഴുതകളാണുള്ളത്. വൈകാതെ എണ്ണം ആയിരമാക്കാനാണ് നീക്കം. മൊത്തമുളള 17 ഏക്കറില്‍ 12 ഏക്കര്‍ സ്ഥലത്ത് റാഗി, ചോളം തുടങ്ങിയ തീറ്റകള്‍ കൃഷിചെയ്യുന്നു. ബാക്കി അഞ്ചേക്കറിലാണ് കഴുതവളര്‍ത്തല്‍ കേന്ദ്രം. കുടുംബാംഗങ്ങളില്‍ പലര്‍ക്കും ബാബു ഇവിടെ ജോലിനല്‍കി. ഇനി കഴുതപ്പാലുമായി യൂറോപ്യന്‍വിപണിയില്‍ വേരുപിടിപ്പിക്കാനുളള ഒരുക്കത്തിലാണ് ഇദ്ദേഹം.
ആകസ്മികമായാണ് ബാബു കഴുതപ്പാല് വ്യാപാരത്തില്‍ എത്തുന്നത്. പ്ലസ് വണ്‍ പാസായി പഠനം ഉപേക്ഷിച്ചപ്പോള്‍ ഒരു മരുന്നുകമ്പനിയില്‍ ജോലിചെയ്തു. അപ്പോഴാണ് ബെംഗളൂരുവിലെ സൗന്ദര്യവര്‍ധക കമ്പനിയുടെ ഉടമകളുമായി പരിചയപ്പെടുന്നത്. അവര്‍ക്ക് എല്ലാമാസവും 1,000 ലിറ്റര്‍ കഴുതപ്പാല് ആവശ്യമായിരുന്നു. അതിനുള്ള ഉറവിടം അന്വേഷിക്കുമ്പോഴാണ് ബാബുവിന്റെ വരവ്.
തമിഴ്നാട്ടില്‍ നിലവിലുള്ള കഴുതകളെവെച്ച് കമ്പനിക്ക് ആവശ്യമായ പാല് നല്‍കാനാവില്ലെന്നു മനസ്സിലാക്കി. അങ്ങനെയാണ് ഫാം തുടങ്ങാന്‍ തീരുമാനിച്ചത്. പലരും സംരംഭത്തെ നിരുത്സാഹപ്പെടുത്തി. പക്ഷേ, ബാബു പിന്മാറിയില്ല. ഒരു സുഹൃത്തില്‍നിന്ന് 17 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് തുടക്കം.
പിന്നീട് പല ഇനങ്ങളില്‍പ്പെട്ട കഴുതകളെ അന്വേഷിച്ചുള്ള യാത്രകളായിരുന്നു. 'ഡോങ്കി പാലസ്' എന്നാണ് ഫാമിന്റെ പേര്. കഴുതപരിപാലനത്തില് പരിചയമുള്ള ഒരു കുടുംബത്തെ ഫാമില്‍ താമസിപ്പിച്ചു. കൊഴുപ്പിന്റെ അംശം ധാരാളമുള്ള കഴുതപ്പാലിന് ഏറെ ഔഷധഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്. ഫാമില്‍ത്തന്നെ ശീതികരിച്ചാണ് ബെംഗളൂരുവിലേക്ക് പാല് അയയ്ക്കുന്നത്. സോപ്പുകള്‍, ചര്‍മ-മുടി സംരക്ഷണലേപനങ്ങള്, ക്രീമുകള്‍ തുടങ്ങിയ സൗന്ദര്യവര്‍ധകവസ്തുക്കളുടെ നിര്‍മാണത്തിലെ ഘടകമാണ് കഴുതപ്പാല്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..