ഴിഞ്ഞ വര്‍ഷം ബാങ്കിലെ മാനേജര്‍ പദവിയില്‍നിന്ന് വിരമിച്ചപ്പോള്‍ ഇനി വിശ്രമജീവിതമെന്ന പതിവുവഴിയിലേക്ക് രാമചന്ദ്രന്‍ തിരിഞ്ഞില്ല. പകരം പച്ചപ്പിന്റെ പുതിയ വഴി തുറന്നു. 2019-ലാണ് കൂറ്റനാട് കോമംഗലത്തെ കിഴുപ്രക്കാട്ട് മനയില്‍ രാമചന്ദ്രന്‍ തൃത്താല കനറാ ബാങ്കില്‍നിന്ന് മാനേജരായി വിരമിച്ചത്. യാത്രയയപ്പുകള്‍ തീര്‍ന്നതോടെ, വീടിന് സമീപത്ത് കാടുകയറി തരിശായിക്കിടന്ന ഒന്നര ഏക്കറിലധികം സ്ഥലം കൃഷിക്കായി ഒരുക്കിയെടുത്തു.

തരിശുമണ്ണില്‍ വെണ്ട, മുളക്, പയര്‍, ഇഞ്ചി, കൂവ, മഞ്ഞള്‍, വഴുതന, പടവലം, ചേന, ചേമ്പ്, ചുരയ്ക്ക, മരച്ചീനി, നേന്ത്രവാഴ തുടങ്ങിയ വിളകള്‍ കൃഷിയിറക്കി. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി. പച്ചക്കറികള്‍ക്ക് പുറമേ മൂന്നര ഏക്കറില്‍ നെല്‍ക്കൃഷികൂടി ചെയ്തുവരുന്നുണ്ട്. കൂടാതെ വീടിന് സമീപത്തെ കമുകുകൃഷി വിപുലീകരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

തൊഴുത്തില്‍നിന്ന് ബയോഗ്യാസ്

മൂന്ന് പശുക്കളെയും ഇദ്ദേഹം വീട്ടില്‍ വളര്‍ത്തുന്നുണ്ട്. തൊഴുത്തില്‍നിന്നുള്ള ചാണകവും ഗോമൂത്രവും പ്രത്യേകമായി ശേഖരിച്ച് ജൈവവളമാക്കി മാറ്റും. ഇതാണ് കൃഷിയിടത്തില്‍ പ്രയോഗിക്കുന്നത്. കൂടാതെ പശുത്തൊഴുത്തില്‍നിന്ന് വീട്ടിലേക്കാവശ്യമായ ബയോഗ്യാസും നിര്‍മിക്കുന്നുണ്ട്. കൃത്യതയോടെയുള്ള വളപ്രയോഗവും പരിചരണവും ലഭിച്ചതോടെ മികച്ച വിളവാണ് ലഭിക്കുന്നത്. പച്ചക്കറികള്‍ക്ക് പുറമെ പാലും മോരുമെല്ലാം ഇദ്ദേഹം വിപണിയിലെത്തിക്കുന്നുണ്ട്.

അമ്പരിപ്പിച്ച് പടവലങ്ങത്തോട്ടം

നാഗലശ്ശേരി പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെയാണ് കൃഷി. വെജിറ്റബിള്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം (വി.ഡി.പി.) പദ്ധതിയിലൂടെ കൃഷിക്കായി പോളി ഹൗസും നിര്‍മിച്ചിട്ടുണ്ട്. പോളിഹൗസിലൂടെ വിളയിച്ചെടുത്തത് ആറരയടിയിലേറെ നീളം വരുന്ന പടവലങ്ങകളാണ്. വീട്ടുപറമ്പിലെ കുളം വൃത്തിയാക്കി മത്സ്യക്കൃഷിയും ആരംഭിച്ചു. 

ഭാര്യ ശ്രീദേവി പൂര്‍ണപിന്തുണയുമായി കൂടെയുണ്ട്. തൃത്താലയിലെ ജൈവപച്ചക്കറി വിപണന-സംഭരണ കേന്ദ്രമായ 'സമൃദ്ധി'യിലാണ് പച്ചക്കറികള്‍ വില്‍പ്പനക്കായി എത്തിക്കുന്നത്. തൊഴിലാളിക്ഷാമവും ഉയര്‍ന്ന കൂലിച്ചെലവും മാത്രമാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു. നാഗലശ്ശേരി പഞ്ചായത്ത് കൃഷി ഓഫീസര്‍ കെ.ആര്‍. രണ്‍ദീപ്, കൃഷി അസിസ്റ്റന്റ് ശശിദാസ് എന്നിവര്‍ കഴിഞ്ഞ ദിവസം കൃഷിയിടം സന്ദര്‍ശിച്ചിരുന്നു.

Content Highlights: A retired bank manager's success story inVegetable farming