ക്കാളി, കോവയ്ക്ക, പയര്‍, വഴുതനങ്ങ, പച്ചമുളക്, വെണ്ടയ്ക്ക, മുരിങ്ങയ്ക്ക എന്നു വേണ്ട വാഴയും പ്ലാവും വരെയായി ഹരിതഭംഗിയുടെ ഒരുപാട് അടയാളങ്ങള്‍. ആകാശത്തെ തൊടാനെന്ന മട്ടില്‍ നില്‍ക്കുന്ന കൊച്ചി, രാംവിഹാര്‍ ഫ്‌ളാറ്റിന്റെ മുകള്‍ത്തട്ടിലെത്തുമ്പോള്‍ ഏദന്‍ തോട്ടത്തില്‍ എത്തിയതുപോലെ. ഫ്‌ളാറ്റിന്റെ ഇത്തിരി സ്ഥലത്ത് മനസ്സുവെച്ചാല്‍ ഹരിതഭംഗി സൃഷ്ടിക്കാമെന്നതിന്റെ അടയാളമാണ് വടുതലയിലെ രാംപ്രകാശ് വിഹാര്‍ ഫ്‌ളാറ്റ്. അസോസിയേഷന്‍ പ്രസിഡന്റ് മുതല്‍ സെക്യൂരിറ്റിക്കാരന്‍ വരെ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നതിന്റെ വിളവെടുപ്പാണ് ഇവിടത്തെ ഈ മനോഹര കാഴ്ച.

കൃഷിയുടെ കൂട്ടായ്മ

പതിനാലാം നിലയിലെത്തുമ്പോള്‍ ഫ്‌ളാറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ബ്രിഗേഡിയര്‍ പി.എന്‍. മോഹന്‍ നായരും സംഘവും ഹരിതഭംഗിയുടെ നടുവിലാണ്. അസോസിയേഷന്‍ ട്രഷറര്‍ എലിസബത്ത് ചാണ്ടിയും അശ്വതി ശ്രീരാജും ഒക്കെ അവിടെയുണ്ട്.

''കൂട്ടായ്മയിലാണ് ഞങ്ങളുടെ കൃഷി വിജയകരമായി മുന്നോട്ടു പോകുന്നത്. അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം കെയര്‍ടേക്കര്‍ ചാക്കപ്പനും സെക്യൂരിറ്റിക്കാരന്‍ കരണുമൊക്കെ നന്നായി അധ്വാനിക്കുന്നു. കോവിഡ്കാലത്താണ് ഫ്‌ളാറ്റില്‍ കൃഷി എന്ന ആശയം വന്നത്. ഇപ്പോള്‍ ഇവിടത്തെ താമസക്കാര്‍ക്കെല്ലാം വിഷമുക്തമായ പച്ചക്കറി നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്'' - മോഹന്‍ നായര്‍ പറഞ്ഞു.

''കോവയ്ക്കയും വെണ്ടയ്ക്കയും പുതിനയും എല്ലാ ദിവസവും വിളവെടുക്കും. പാലക് ആഴ്ചയില്‍ രണ്ടു ദിവസവും ചീര മാസത്തില്‍ മൂന്നോ നാലോ തവണയുമാണ് വിളവെടുക്കുന്നത്, തക്കാളിയും വഴുതനയും ഒന്നിടവിട്ട ദിവസങ്ങളിലും. പ്രസിഡന്റ് തന്നെ വിളവെടുത്ത് പച്ചക്കറികളെല്ലാം റിസപ്ഷനില്‍ കൊണ്ടുവന്ന് വെക്കും. ഇതെല്ലാം തൂക്കിനോക്കി ഞാന്‍ വിലയിട്ട് വില്പനയ്ക്കു വെക്കും'' - എലിസബത്ത് പറഞ്ഞു.

മണ്ണും ഡ്രമ്മും വളവും

ഫ്‌ളാറ്റിനു മുകളിലെ കൃഷിയെപ്പറ്റി ചോദിച്ചപ്പോള്‍ മോഹന്‍ നായര്‍ മണ്ണുമുതല്‍ വളം വരെയുള്ള കാര്യങ്ങളെല്ലാം വിശദീകരിച്ചു.

''പുറത്തുനിന്ന് വാങ്ങിക്കൊണ്ടുവരുന്ന മണ്ണ് ടെറസില്‍ കൊണ്ടുവന്നിടും. അതിലേക്ക് ചകിരിച്ചോറും ചാണകപ്പൊടിയും കോഴിക്കാഷ്ഠവും എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് കുഴയ്ക്കും. ഇങ്ങനെ മിക്‌സ് ചെയ്ത മണ്ണ് ഏഴു ദിവസം കഴിഞ്ഞ് ചട്ടികളില്‍ നിറച്ചാണ് അതില്‍ വിത്ത് വിതയ്ക്കുന്നത്. പപ്പായയും വാഴയും മുരിങ്ങയുമൊക്കെ വലിയ ഡ്രമ്മുകളില്‍ മണ്ണുനിറച്ചാണ് വളര്‍ത്തുന്നത്. ആദ്യമൊക്കെ പുറത്തു നിന്നാണ് വിത്തുകള്‍ വാങ്ങിച്ചത്. ഇപ്പോള്‍ ഇവിടെയുണ്ടാകുന്ന പച്ചക്കറികളുടെ വിത്തു തന്നെയാണ് ഉപയോഗിക്കുന്നത്. പച്ചക്കറികള്‍ നനയ്ക്കാന്‍ ടെറസിനു മുകളില്‍ 750 ലിറ്ററിന്റെ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍നിന്ന് എല്ലാ ചട്ടികളിലേക്കും ചെറിയ പൈപ്പുകള്‍ ഇട്ടുകൊടുത്താണ് നനയ്ക്കുന്നത്'' - മോഹന്‍ നായര്‍ പറഞ്ഞു.

തോട്ടം ഇനിയും വളരും

തെങ്ങും മാവും ഉള്‍പ്പെടെയുള്ള വൃക്ഷങ്ങളും ടെറസില്‍ വളര്‍ത്താനുള്ള ഒരുക്കത്തിലാണിവര്‍. വലിയ ഡ്രമ്മില്‍ മണ്ണുനിറച്ചാകും തെങ്ങും മാവും വളര്‍ത്തുന്നത്. ഫ്‌ളാറ്റുകളിലെ മാലിന്യം വളമാക്കി ഉപയോഗിക്കാനും പദ്ധതിയുണ്ട്.

Content Highlights: A resident association's success story in terrace farming