കേരള പോലീസിലാണ് രമേശന്‍ പേരൂല്‍ ഔദ്യോഗിക ജീവിതം തുടങ്ങിയത്. കാക്കിക്കുപ്പായം ഊരിവെച്ച് പിന്നീട് അദ്ദേഹം അണിഞ്ഞത് കൃഷിയുടെ പച്ചക്കുപ്പായം. കൃഷിയുമായി ബന്ധപ്പെട്ടുള്ള പുതിയ അറിവുകള്‍ പകര്‍ന്ന് കൊടുത്ത് കര്‍ഷകരുടെ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ രമേശന് കഴിഞ്ഞെന്നുള്ളതിന് തെളിവാണ് പുരസ്‌കാരം. ക്ലാസുകള്‍, കവിതകള്‍, കഥകള്‍, നാടകങ്ങള്‍, ഹ്രസ്വചിത്രങ്ങള്‍ തുടങ്ങിയവയിലൂടെ കര്‍ഷകരുമായി സംവദിക്കാന്‍ രമേശന്‍ പേരൂലിന് കഴിഞ്ഞു. 

തവിടിശ്ശേരി പ്രദേശത്തുമാത്രം കൃഷിചെയ്യുന്ന നാടന്‍ വഴുതനയെ പുനരുജ്ജീവിപ്പിക്കാനും വ്യാപകമായി പ്രചരിപ്പിക്കാനും രമേശന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയ്ക്ക് സാധിച്ചു. യുവാക്കളുടെ കൂട്ടായ്മയുണ്ടാക്കി നഴ്‌സറികള്‍ തുടങ്ങുകയും പച്ചക്കറിത്തൈകളും വൃക്ഷത്തൈകളും വിതരണം നടത്തുകയും ചെയ്തു. അരവഞ്ചാല്‍ ഭഗവതിക്കാവിലെ ജൈവസംരക്ഷണപദ്ധതിയായ 'മരുതം' പദ്ധതിയുടെ സൂത്രധാരകനായിരുന്നു.  30 വര്‍ഷമായി തരിശിട്ടിരുന്ന വയക്കര വയലില്‍ വയല്‍പ്പെരുമ കൂട്ടായ്മയുണ്ടാക്കി കൃഷിയിറക്കാന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചു.  കാര്‍ഷിക?േമഖലയില്‍ 45 സ്വാശ്രയസംഘങ്ങളെ ചലിപ്പിക്കാന്‍ സാധിച്ചു.

കൃഷിയറിവുകള്‍ പകര്‍ന്ന് രമേശന്‍ പേരൂല്‍ കാര്‍ഷികലേഖനങ്ങള്‍ തയ്യാറാക്കി വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
കാര്‍ഷികമേഖലയെ അടിസ്ഥാനമാക്കി നിര്‍മിച്ച ദൃശ്യസമാഹാരമായ നൈപുണി, ഹരിതകം എന്നിവയും ജീവമിത്രം, പോഷകം എന്നീ പഠനാത്മകമായ പതിപ്പുകളും രമേശന്റെതാണ്. 

പ്രായോഗിക കാര്‍ഷികവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ 'കതിര്‍ക്കൂറ' എന്ന പുസ്തകം കാര്‍ഷികരംഗത്തുള്ളവര്‍ക്ക് സഹായകരമാണ്.    

കാര്‍ഷികമേഖലയിലെ സേവനങ്ങള്‍ പരിഗണിച്ച് രമേശന്‍ പേരൂലിനെത്തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. പുരോഗമനകലാസാഹിത്യ സംഘം പെരിങ്ങോം ഏരിയാ കമ്മിറ്റിയംഗം, ഐ.ആര്‍.പി.സി. പെരിങ്ങോം സോണല്‍ കമ്മിറ്റിയംഗം, ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. പയ്യന്നൂര്‍ മണ്ഡലത്തിലെ കനി മധുരം പദ്ധതിയുടെ മോണിറ്ററിങ് കമ്മിറ്റി അംഗമാണ്. 

മാതമംഗലം പേരൂലിലെ അഞ്ജലിയിലാണ് താമസം. ഭാര്യ ദീപ മൈലഞ്ചേരി (സിവില്‍ പോലീസ് ഓഫീസര്‍, പരിയാരം പോലീസ് സ്റ്റേഷന്‍). മാതമംഗലം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അഞ്ജലി മകളാണ്. 

Content Highlight: a police officer became farmer