.jpg?$p=24d41f7&f=16x10&w=856&q=0.8)
നിറയ കായിച്ച ഗാഗ് ചെടി
മയ്യിലിനടുത്ത ആറാം മൈല്‍ കെ.പി. നിവാസിലെ എ. സജീവന്റെ വീട്ടിലെത്തുക. ലോകത്തിലെ ഏറ്റവും വിലകൂടിയവയിലൊന്നും 'സ്വര്‍ഗത്തിലെ കനി'യെന്ന് അറിയപ്പെടുന്നതുമായ ഗാഗ് മുതല്‍ നാടന്‍മാവ് വരെയുള്ള സ്വദേശികളും വിദേശികളുമായ എഴുപതോളം പഴവര്‍ഗങ്ങള്‍ ഇവിടെ നട്ടുവളര്‍ത്തിയിരിക്കുന്നു. രണ്ട് കാലിനും സ്വാധീനം കുറഞ്ഞ ഈ 44-കാരന്റെ അധ്വാനഫലമാണിത്. ശാരീരികപരിമിതികളെ അതിജീവിക്കാനുള്ള വഴികൂടിയാണ് കൃഷിയെന്ന് പൊതുമരാമത്തുവകുപ്പില്‍ എന്‍ജിനിയറായ സജീവന് പറയുന്നു.
കിലോഗ്രാമിന് 1200 മുതല്‍ 1500 രൂപവരെ വിലയുള്ള ഗാഗ് (മധുരപ്പാവല്‍) വിയറ്റ്നാമില്‍നിന്ന് സുഹൃത്ത് വഴി കിട്ടിയതാണ്. വിയറ്റ്നാംകാര്, അവരുടെ വിശേഷദിവസങ്ങളില്‍ ഈ പഴത്തിന്റെ പള്‍പ്പും അരിയും ചേര്‍ത്ത് പ്രത്യേക വിഭവമുണ്ടാക്കും. വിറ്റാമിന്‍ സി-യുടെ കലവറയാണ് ഗാഗ്. പുളിയും മധുരവും ചേര്‍ന്ന രുചിയുള്ള പഴത്തിന്റെ നീര് തേനില്‍ ചേര്‍ത്തും കഴിക്കാം. ഇതിന്റെ കായില്‍നിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണയ്ക്ക് കിലോഗ്രാമിന് 20,000 രൂപയോളം വിലയുണ്ട്. ഫേസ് ക്രീം, ജെല്ലി, ജാം, അച്ചാര്‍ എന്നിവയുമുണ്ടാക്കാം. അഞ്ചുമുതല്‍ ഏഴുമാസംവരെ വളര്‍ന്നാല്‍ ചെടി കായ്ച്ചുതുടങ്ങും.
.jpg?$p=400be31&w=610&q=0.8)
എത്രവര്‍ഷം കഴിഞ്ഞാലും പത്തടിയില്‍ കൂടുതല്‍ വളരാത്ത കുള്ളന്‍ കവുങ്ങും തോട്ടത്തിലുണ്ട്. മഞ്ഞനിറമുള്ള പപ്പായ, റംബുട്ടാന്, ലോങ്ങന്‍, വൈറ്റ് ഞാവല്‍, മില്‍ക്ക് ഫ്രൂട്ട്, ജാതിക്ക, മാങ്കോസ്റ്റിന്‍, ഈന്തപ്പന, സിന്ധുര്‍ ജാക്ക്, വിയറ്റ്നാം ഏര്‍ലി, അബിയു, വ്യത്യസ്ത ഇനം കുറ്റിക്കുരുമുളകുകള്, കിലോപേര, ചെറി, കസ്തൂരിമാവ്, ബഡ്ഡ് ചെയ്ത കുറ്റിയാട്ടൂര്‍ മാവ്, ബഡ്ഡ് ചെയ്ത കശുമാവ്, മിറക്കിള്‍ ഫ്രൂട്ട്, റോളിനിയോ, അവക്കാഡോ, ഡ്രാഗണ്‍ ഫ്രൂട്ട്, സാന്തോള്‍, സ്പ്രിങ് പേര, ചെറുനാരകം, ഗണപതിനാരകം, ബര് ആപ്പിള്‍, സീതപ്പഴം, മുന്തിരി, നാന്‍സി, ഓലസപ്പോ, മുസംബി, ചൈനീസ് മുസംബി, കടപ്പിലാവ്, റെഡ് ലേഡി പപ്പായ, കാപ്പി, ഏലം, വാളന്‍പുളി എന്നിങ്ങനെ നീളുന്നു തോട്ടത്തിലെ ഫലവൃക്ഷങ്ങള്‍.
അധ്യാപികയായ എയ്ഞ്ചലാ പ്രകാശാണ് സജീവന്റെ ഭാര്യ. മകള്‍ ആരാധ്യ. ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍സംവരണം എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കണമെന്ന കോടതിവിധിയുടെ അടിസ്ഥാനത്തില്‍, സംസ്ഥാനത്ത് ആദ്യമായി നിയമനം ലഭിക്കുകവഴി എയ്ഞ്ചലാ പ്രകാശും വാര്‍ത്തയില്‍ ഇടംനേടിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..