ഭിഭാഷകന്‍ ആണെങ്കിലും സജിമോന് കമ്പം കൃഷിയോടാണ്. കൃഷിയെന്നാല്‍ സാധാരണ കൃഷിയല്ല. നാട്ടില്‍ കാണാന്‍ കിട്ടാത്ത വിവിധയിനം മുളകള്‍ക്കൊണ്ട് സമ്പന്നമാണ് സജിയുടെ തോട്ടം. ഇവ കാണാനും പഠിക്കാനുമായി പ്രകൃതിസ്‌നേഹികളെത്തുന്നു. മുളയെക്കുറിച്ചറിയാന്‍ നാടുചുറ്റുന്നവര്‍ കാപ്പിസെറ്റിലെ വെള്ളച്ചാല്‍വീട്ടില്‍ നിത്യസന്ദര്‍ശകരാണ്. ഒരേക്കര്‍ സ്ഥലത്ത് മറ്റുവിളകള്‍ക്കൊപ്പം സജിമോന്റെ മുളപ്രേമം പൂത്തുതളിര്‍ക്കുകയാണ്.

വരള്‍ച്ചയെ ചെറുക്കാനും മണ്ണിടിച്ചില്‍ തടയാനുമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ ചെറിയരീതിയില്‍ മുളകള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയതെന്ന് സജി പറഞ്ഞു. പരിസ്ഥിതിദിനമാണ് ആദ്യമായി തോട്ടത്തില്‍ മുള നടാന്‍ സജി തിരഞ്ഞെടുത്തത്. തൊട്ടതെല്ലാം പൊന്നുപോലെ പിന്നീടങ്ങോട്ട് മുളകളാല്‍ നിറഞ്ഞ കൃഷിയിടമാണ് സജി മെനഞ്ഞെടുത്തത്. ഏതൊരു കാലാവസ്ഥയിലും മുളകള്‍ വളരുമെന്നതും അനുകൂല ഘടകമായി.

കല്ലന്‍ മുള, ഗഡ്വ മുള, സ്ട്രിക്ടസ്, ഓഗര്‍, ബാംബൂസ്, അര്‍നെമിക്ക, ബ്ലുമിനിയ തുടങ്ങിയ ഇനങ്ങള്‍ ഇവിടെയുണ്ട്. സജിയുടെ കൃഷിയിടത്തിന്റെ ഒരുഭാഗം തോടാണ്. മഴക്കാലമായാല്‍ ഈ ഭാഗത്ത് മണ്ണിടിച്ചില്‍ വലിയ പ്രശ്‌നമാണ്. മണ്ണിടിച്ചില്‍ തടയുന്നതിന്റെ ഭാഗമായാണ് മുളനടാന്‍ തുടങ്ങിയത്. പ്രകൃതിദത്തമായ രീതിയില്‍ത്തന്നെ മണ്ണിടിച്ചില്‍ തടയാനാകുമെന്നതാണ് പ്രത്യേകത. മുളകള്‍കൊണ്ടുള്ള ഉത്പന്നങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാരേറെയാണെന്നാണ് സജി പറയുന്നത്. ഇക്കാരണത്താല്‍ത്തന്നെ മുള വാങ്ങുന്നതിനും ആളുകളുണ്ട്. കൂടുതല്‍ഭാഗങ്ങളിലേക്ക് മുളക്കൃഷി വ്യാപിപ്പിക്കാനാണ് അഭിഭാഷകനായ ഈ കര്‍ഷകന്റെ തീരുമാനം.

മുള നട്ട് ആദ്യത്തെ ഒരുവര്‍ഷംമാത്രം നന്നായി പരിപാലിച്ചാല്‍ മതിയാകുമെന്നാണ് സജിയുടെ അനുഭവം. ആദ്യത്തെ വേനലില്‍ പരിക്കേല്‍ക്കാതെ അതിജീവിച്ചാല്‍ പിന്നീടങ്ങോട്ട് മുള തഴച്ചുവളരും. കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന ഈ അതിര്‍ത്തിഗ്രാമത്തില്‍ വേനല്‍ക്കാലത്തെ ചൂടുകാറ്റ് അസഹനീയമാണ്. എന്നാല്‍ മുളകള്‍ നിറഞ്ഞതോടെ തന്റെ കൃഷിയിടത്തില്‍ വേനല്‍ക്കാലത്തും കുളിര്‍മ നിറഞ്ഞുനില്‍ക്കുകയാണെന്ന് സജി പറയുന്നു. ഭാര്യ സ്വപ്നയും മക്കളായ അഥിനും മിഥുനും സജിയോടൊപ്പം കൃഷിയില്‍ സദാവ്യാപൃതരാണ്. 20 വര്‍ഷമായി ബത്തേരി കോടതിയിലാണ് സജി അഭിഭാഷക വൃത്തിയിലേര്‍പ്പെട്ടിരിക്കുന്നത്.

Content Highlights: A lawyer from Wayanad who cultivates bamboo