മൊതക്കരയിൽ സ്രോതസ് ഇനീഷ്യേറ്റീവ് അംഗങ്ങൾ കൃഷിയിടത്തിൽ |ഫോട്ടോ: മാതൃഭൂമി
കോവിഡ് എന്ന മഹാമാരി ലോകത്തെ നിശ്ചലമാക്കുമ്പോള്‍ അതിനോടുള്ള സമൂഹത്തിന്റെ പ്രതിരോധവും പലതരത്തിലുള്ളതാണ്. വീട്ടിലിരുന്നും സാമൂഹിക അകലം പാലിച്ചും ദിവസങ്ങളെയും മാസങ്ങളെയും തോല്‍പ്പിക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തമായ ചിലതുമുണ്ട്. അടച്ചിടല്‍ കാലം തുടങ്ങി കോവിഡ് സൃഷ്ടിച്ച ഒറ്റപ്പെടലുകളെ വയനാട്ടിലെ ഒരു കൂട്ടം യുവാക്കള്‍ മറികടന്നത് മണ്ണിലേക്കിറങ്ങിയാണ്. ഒരു നാടിനാകെ പ്രതീക്ഷയായി അവരുടെ നലേക്കറോളം തരിശ് ഭൂമി ഇന്ന് പച്ചപ്പണിഞ്ഞ നെല്‍പ്പാടമായി. സ്വന്തം അധ്വാനത്തിലൂടെ ഇവര്‍ക്ക് മുന്നില്‍ ഇക്കാലം വരെയും കോവിഡും തോറ്റു.

സര്‍ക്കാര്‍ ജീവനക്കാരും വിവിധ ടൂറിസം സംരംഭകരുമാണ് കോവിഡ് കാലത്ത് മൊതക്കരയില്‍ സ്രോതസ് ഇനീഷ്യേറ്റീവ് എന്ന കൂട്ടായ്മ രൂപീകരിച്ചത്. പതിനഞ്ച് പേരടങ്ങുന്ന കൂട്ടായ്മയില്‍ എല്ലാവരും ഇതിന് മുമ്പ് തിരക്കുകളില്‍ വ്യാപൃതരായിരുന്നവര്‍. വയനാട്ടില്‍ നിന്ന് തുടങ്ങി കേരളത്തിന്റെ ഇതര വിനോദ സഞ്ചാരകേന്ദ്രങ്ങളിലും കര്‍ണ്ണാടകയിലും മറ്റും ടൂറിസം ഒഴിവില്ലാതെ ബിസിനസ് നോക്കി നടത്തിയിരുന്നവരെല്ലാം ഈ കൂട്ടായ്മയിലേക്ക് ഒരു മടിയുമില്ലാതെ ഇറങ്ങിവന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലിയുള്ളവരും അടിക്കടിയുണ്ടായ അവധി ദിനങ്ങളിലും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
നാലേക്കര്‍ വയല്‍ പാട്ടത്തിനെടുത്തായിരുന്നു തുടക്കം. ഇതില്‍ മുക്കാല്‍ഭാഗവും മുന്‍ വര്‍ഷങ്ങളില്‍ തരിശായി കിടന്ന കൃഷിയിടം. ഇതെല്ലാം കൃഷിക്കായി പാകപ്പെടുത്തുക എന്നതായിരുന്നു ശ്രമകരം. പതിനഞ്ച് പേരും കൂട്ടായിറിങ്ങി വയല്‍ വരമ്പുകള്‍ പുനര്‍നിര്‍മ്മിച്ചു. ഉഴുതുമറിച്ച പാടത്ത് കൃഷിഭവനില്‍ നിന്നും ചാക്കിന് 350 രൂപ നിരക്കില്‍ ലഭ്യമാക്കിയ നെല്‍വിത്ത് ഞാറിനായി പാകി. 28 മൂപ്പ് എത്തുന്നതിന് മുമ്പേ ഞാറ് പറിച്ചു. ചെളിപുരണ്ട വയലില്‍ അങ്ങിനെ വിളനാട്ടി ഉത്സവമായി. കോവിഡ് കാലമായതിനാല്‍ മരവിച്ച കാര്‍ഷിക മേഖലയില്‍ നിന്നും വീടുകളില്‍ വെറുതെയിരുന്ന ആദിവാസി സ്ത്രീ തൊഴിലാളികള്‍ക്കും ഈ കൂട്ടായ്മ ആവേശമായി. എഴുപതോളം തൊഴില്‍ ദിനങ്ങളാണ് നാട്ടിപ്പണിയില്‍ ഇവര്‍ക്ക് ലഭിച്ചത്.
അധ്വാനമാണ് ആവേശം
സമൂഹമാധ്യമങ്ങള്‍ ശക്തമായ കാലത്ത് നേരം പോക്കാന്‍ അനവധി വഴികളുണ്ട്. പ്രത്യേകിച്ച് യുവ നിരകളാവുമ്പോള്‍ ഒട്ടേറെ പ്രതലങ്ങള്‍. പാഴാകി പോകുന്ന ദിവസങ്ങളില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ മാത്രം ബാക്കി. ഇവിടെയാണ് കൃഷി നടത്താനിറങ്ങിയ യുവാക്കളുടെ വിജയം. ആശങ്കകള്‍ ഒന്നുമില്ലാതെയായിരുന്നു തൊഴില്‍ ദിനങ്ങളെല്ലാം. മഴ നനഞ്ഞും ചെളിപുരണ്ടും പകലന്തിയോളം അധ്വാനിച്ച് വീട്ടിലെത്തുമ്പോള്‍ നന്നായി ഉറങ്ങാനുള്ള ആത്മവിശ്വാസവും ഉണര്‍ന്നു. നാലേക്കര്‍ പാടത്ത് പുരുഷ തൊഴിലാളികളെ പുറത്ത് നിന്നും ആരെയും കൂട്ടേണ്ടി വന്നിട്ടില്ല. എല്ലാ പണിയും സ്വന്തമായി ചെയ്തു.

ഇതു വഴി അരലക്ഷത്തോളം രൂപയാണ് ആദ്യഘട്ടത്തില്‍ ലാഭിക്കാന്‍ കഴിഞ്ഞത്. മറ്റു തൊഴിലുകള്‍ കൂടി വന്നപ്പോള്‍ ചെളിയിലിറങ്ങാന്‍ ആളില്ലെന്നതായിരുന്നു വയനാട്ടിലെ വയലുകളുടെ വെല്ലുവിളി. ഈ പ്രതിസന്ധികള്‍ക്കിടയില്‍ ഇവിടെ മാത്രം ഹെക്ടര്‍ കണക്കിന് നെല്‍പ്പാടങ്ങള്‍ വര്‍ഷാവര്‍ഷം തരിശായി മാറി. അങ്ങിനെ നെല്‍പ്പാടങ്ങള്‍ വരണ്ടുപോയ കാലത്താണ് കോവിഡ് കാലം എല്ലാവരെയും കൃഷിയിടത്തില്‍ ഒന്നിപ്പിക്കുന്നത്. അഞ്ചക്ക ശമ്പളം വാങ്ങുന്ന തൊഴിലുണ്ടെങ്കിലും കൃഷിയില്‍ നിന്നും ലഭിക്കുന്ന സംതൃപ്തിക്ക് തുല്യം മറ്റൊന്നില്ല. കൃഷിയുടെ ഓരോ കാലത്തും ആവേശത്തോടെ പൂര്‍ണ്ണസമയം ഇതിനായി മാറ്റി വെക്കുമ്പോള്‍ കോവിഡ് നല്‍കുന്ന ഏകാന്തതകളെല്ലാം എവിടെയോ പോയി. കാര്‍ഷികമായ ഈ പ്രതിരോധങ്ങള്‍ മനസ്സിനും ശരീരത്തിനും ഉന്മേഷവും നല്‍കുന്നു.
പഠന കാലത്തും കൂട്ടുകാര്‍
ചെറുപ്പകാലം മുതല്‍ പഠനകാലത്തെല്ലാം ഈ കൂട്ടായ്മ സ്രോതസ് എന്ന പേരില്‍ നാട്ടിലുണ്ടായിരുന്നു. നാടിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും അക്കാദമിക പ്രവര്‍ത്തനത്തിനും ഒപ്പമാണ് എല്ലാവരും പഠനം പൂര്‍ത്തിയാക്കിയത്. ബിരുദവും അതിനുമുകളിലും പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ചേര്‍ന്നവരുമെല്ലാം അന്ന് ഗ്രാമക്കവലയിലെ ചെറിയ ഷൈഡ്ഢില്‍ വൈകുന്നേരങ്ങളില്‍ പി.എസ്.സി പഠനത്തിനായി ഒത്തുകൂടി. കൂട്ടായ്മയുടെ ആ ഉദ്യമത്തിനും പ്രതീക്ഷകള്‍ മങ്ങിയില്ല.

ഇന്ന് ഇതില്‍ ഏഴുപേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥരാണ്. മറ്റുള്ളവരാകട്ടെ നഴ്‌സിങ്ങ് മേഖലയില്‍ മുതല്‍ ടൂറിസം മേഖലയില്‍ വരെ അറിയപ്പെടുന്ന സംരംഭകരായും വളര്‍ന്നു. അതിന് ശേഷം തിരക്കുകളിലും ഈ കൂട്ടായ്മകള്‍ അകന്നില്ല. കോവിഡ് കാലം പുറത്തേക്കുള്ള എല്ലാ വഴികളും അടച്ചപ്പോള്‍ കൃഷിയിടത്തിലേക്കായിരുന്നു ഇവരുടെ തിരികെ നടത്തം. നെല്ലിനെ കൂടാതെ ഒരേക്കര്‍ സ്ഥലത്തോളം കപ്പകൃഷിയും വീടുകളില്‍ പച്ചക്കറി കൃഷിയും മീന്‍ വളര്‍ത്തലിനും മുന്നിട്ടിറങ്ങി. പതിനഞ്ച് സെന്റ് വിസ്തൃതിയുള്ള കുളം തയ്യാറാക്കിയാണ് മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

പ്രതീക്ഷയുടെ പുതുവഴികള്‍
ധാരാളം പാടശേഖരങ്ങളുണ്ടെങ്കിലും അന്യനാട്ടില്‍ നിന്നും അരി വണ്ടികള്‍ ചുരം കയറി വന്നില്ലെങ്കില്‍ പട്ടിണിയാകുന്നതാണ് വയനാടിന്റെ ഇന്നത്തെ സാഹചര്യം. ഇവിടെയാണ് ഈ വയലുകളെല്ലാം തിരിച്ചു പിടിക്കേണ്ട ആവശ്യം ഒടുവില്‍ തിരിച്ചറിയുന്നത്. സര്‍ക്കാരിന്റെ തരിശു രഹിത സുഭിക്ഷ കേരളം പദ്ധതിയില്‍ ജില്ലയില്‍ വന്‍മുന്നേറ്റമാണുള്ളത്. നെല്ലിന് പുറമെ കിഴങ്ങ് വര്‍ഗ്ഗങ്ങളും വ്യാപകമായി കൃഷി ചെയ്യുന്നു. കാര്‍ഷിക വിളകള്‍ക്കെല്ലാം അനുകൂലമായ കാലാവസ്ഥ നിലനിന്നിരുന്ന വയനാട്ടില്‍ വിളകളുടെ വിലതകര്‍ച്ചയായിരുന്നു ഒരു കാലത്ത് നട്ടെല്ലൊടിച്ചത്. വ്യക്തിഗത കര്‍ഷകര്‍ക്ക് ഈ നഷ്ടങ്ങള്‍ സഹിച്ചും മുന്നോട്ടുള്ള യാത്രകള്‍ ദുഷ്‌കരമായിരിക്കും. കൂട്ടായ്മകള്‍ തന്നെയാണ് ഈ വെല്ലുവിളികള്‍ക്കെതിരെയുള്ള പ്രതിരോധം. ഇതാണ് സ്രോതസ് എന്ന യുവ കൂട്ടായ്മയും അടിവരയിടുന്നത്.
ഫോണ്‍ : 9447546567
Content Highlights: A group of young people in Wayanad cultivate paddy during the Covid period
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..