കേരള കാര്‍ഷിക സര്‍വകലാശാല (കെ.എ.യു.) വികസിപ്പിച്ചെടുത്ത 'സമ്പൂര്‍ണ' വളം നെല്‍പ്പാടങ്ങളില്‍ ഡ്രോണിലൂടെ തളിച്ചപ്പോള്‍ 36.87 ശതമാനം ഉത്പാദനം കൂടിയെന്ന് കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ കണ്ടെത്തല്‍. കൃഷിവിജ്ഞാനകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നാലു ജില്ലകളില്‍ ഇത്തരത്തില്‍ പരീക്ഷണം നടത്തി.

സമ്പൂര്‍ണ പോഷകമിശ്രിതം കൊല്ലം ജില്ലയ്ക്ക് ഫലപ്രദമാണെന്ന് കൃഷിവിജ്ഞാനകേന്ദ്രം നടത്തിയ പഠനത്തില്‍ തെളിഞ്ഞു. സിങ്ക്, കോപ്പര്‍, ഇരുമ്പ്, മാംഗനീസ്, മഗ്‌നീഷ്യം, സള്‍ഫര്‍, പൊട്ടാസ്യം, നൈട്രജന്‍ തുടങ്ങിയ മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള സമ്പൂര്‍ണ പോഷകമിശ്രിതം മൂന്നുതവണയാണ് പ്രയോഗിക്കേണ്ടത്. അഞ്ച് ഗ്രാം സമ്പൂര്‍ണ മിശ്രിതം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഞാറ് പറിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പ് തളിച്ചുകൊടുക്കണം. 

10 ഗ്രാം സമ്പൂര്‍ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി 30, 50 ദിവസമാകുമ്പോള്‍ ചെടികളില്‍ തളിക്കണം.-ഇതാണ് ഉപയോഗരീതി. ഈ സങ്കേതികവിദ്യ ഉപയോഗിച്ചപ്പോള്‍ നെല്‍ച്ചെടിയുടെ വളര്‍ച്ചയും കരുത്തും വിളവും വര്‍ധിച്ചു. കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്നതിനാലും ഇലകളിലൂടെ ചെടികള്‍ക്ക് ലഭിക്കുന്നതിനാലും സംയോജിത വളപ്രയോഗത്തില്‍ ഈ പോഷകമിശ്രിതം കൂടി ഉള്‍പ്പെടുത്തിയാല്‍ നെല്‍ക്കൃഷിയില്‍ നേട്ടംകൊയ്യാം.

ഡ്രോണ്‍ ഉപയോഗിക്കുന്നതുകൊണ്ട് സമയലാഭം, കൃത്യത, സുരക്ഷിതം തുടങ്ങിയ പ്രയോജനങ്ങളുണ്ട്. കൊല്ലം കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പെരിനാട് കുഴിയം ഏലായില്‍ അഞ്ചേക്കറില്‍ ശനിയാഴ്ച രാവിലെ ഡ്രോണ്‍ ഉപയോഗിച്ച് സമ്പൂര്‍ണ മിശ്രിതം തളിച്ചു.

മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് അംഗം ബി.ജയന്തി അധ്യക്ഷത വഹിച്ചു. കൊല്ലം കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ. ബിനി സാം, അസി. പ്രൊഫ. ഡോ. ബിന്ദു പൊടിക്കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മഠത്തില്‍ സുനില്‍, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന എ.ആര്‍., ജി.ഗോപകുമാര്‍, പാടശേഖരസമിതി പ്രസിഡന്റ് ശിവദാസന്‍ പിള്ള, കൃഷി അസി.ഡയറക്ടര്‍ രാജി ബി.ടി. എന്നിവര്‍ സംസാരിച്ചു.

Content Highlights: Sprayer drone for spray pesticide in farm land