ആകാശത്തിലെ പറവകള്‍ വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്നില്ലെന്നത് ഇനി മറന്നേക്കാം, കാരണം കൊളവള്ളിയിലെ പാടശേഖരത്തില്‍ കൊയ്തില്ലെങ്കിലും വളം തളിക്കാനെത്തിയത് യന്ത്രപ്പറവയാണ്. പതിവില്ലാത്ത ശബ്ദംകേട്ട് പാടശേഖരത്തിലേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നെ ആശങ്കയായി. 

പാടശേഖരത്തിനുമുകളിലൂടെ വലിയ ഡ്രോണ്‍ പറക്കുന്ന കാഴ്ചയാണ് കബനിയോടുചേര്‍ന്നുകിടക്കുന്ന കൊളവള്ളി ഗ്രാമവാസികള്‍ കഴിഞ്ഞദിവസം രാവിലെ കണ്ടത്. കാര്യം തിരക്കിയപ്പോള്‍ വീണ്ടും അദ്ഭുതമായി. കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആധുനികസാങ്കേതികവിദ്യയുപയോഗിച്ച് വളം തളിക്കുന്നതിന്റെ ഭാഗമായാണ് കൊളവള്ളി പാടശേഖരത്തിന് മുകളിലൂടെ ഡ്രോണുകള്‍ പറന്നത്.

സൂക്ഷ്മമൂലക മിശ്രിതമായ 'സമ്പൂര്‍ണ'യാണ് ഡ്രോണിലൂടെ പാടശേഖരത്തില്‍ തളിച്ചത്. കാര്‍ഷികയന്ത്രവത്കരണത്തിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുകയാണ് ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ഈ പരീക്ഷണത്തിലൂടെ. കളപറിക്കല്‍, വളപ്രയോഗം, കീടരോഗ നിയന്ത്രണത്തിനായുള്ള മരുന്നുതളിക്കല്‍ തുടങ്ങിയവയ്ക്ക് തൊഴിലാളിദൗര്‍ലഭ്യം നേരിടുന്നതുംകൂടിയാണ് ഇത്തരം പരീക്ഷണങ്ങള്‍ക്ക് അധികൃതരെ പ്രേരിപ്പിച്ചത്.

വിളകള്‍ക്ക് ആവശ്യമായ രീതിയില്‍ കൃത്യസമയത്ത് മൂലകങ്ങള്‍ എത്തിക്കാനാകുമെന്നതാണ് ഈ രീതിയുടെ പ്രത്യേകതയെന്ന് കൃഷിവിജ്ഞാനകേന്ദ്രം അധികൃതര്‍ പറയുന്നു. നെല്ലുപറിച്ച് നടുന്നതിനുമുമ്പ് മിശ്രിതം തളിച്ചിരുന്നു. ഒരുമാസത്തിനുശേഷമാണ് രണ്ടാംഘട്ടത്തില്‍ മിശ്രിതം തളിച്ചിരിക്കുന്നത്.

ഡ്രോണിന്റെ വേഗം, പറക്കുന്ന ഉയരം, മൂലകത്തിന്റെ അളവ് എന്നിവ കാര്‍ഷികസര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ. അലന്‍ തോമസ്, കെ.പി. ശിവജി, ഡോ. അപര്‍ണ രാധാകൃഷ്ണന്‍, ഡോ. ഇന്ദുലേഖ, ഡോ. സഞ്ജു ബാലന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ക്രമീകരിച്ചത്. മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കാര്‍ഷികസര്‍വകലാശാല വിജ്ഞാനവ്യാപന വിഭാഗം മേധാവി ഡോ. ജിജു പി. അലക്‌സ് അധ്യക്ഷത വഹിച്ചു.

Content Highlights: Sprayer drone for spray pesticide in farm land