ഒരു ഗ്രാമ പാതക്കിരുവശവുമായി നീണ്ടു പരന്നു കിടക്കുന്ന വയലിലൂടെ കടന്നു പോകുമ്പോള്‍ ഒരാളെപ്പോലും കാണാതാവുകയും ആളില്ലാത്ത ട്രാക്ടറുകള്‍ നിലമുഴുകയും ചില യന്ത്രമനുഷ്യര്‍ പറന്നു നടന്ന് വിളവുകള്‍ പറിക്കുകയുമൊക്കെ ചെയ്യുന്നതു കണ്ടാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പുറത്തു വരുന്ന പുതിയ വിവരം. വികസിത രാജ്യങ്ങളിലെ കൃഷി ഇപ്പോഴേ ജിപിഎസ്സും റിമോട്ട് സെന്‍സറു മൊക്കെ ചേര്‍ന്നാണ്. 

കാര്യങ്ങള്‍ അവിടന്നും മുന്നോട്ടു പോയിക്കഴിഞ്ഞു. അമേരിക്കയിലെ ഒരു പാടത്ത് ആളില്ലാത്ത ട്രാക്ടര്‍ മനുഷ്യന്‍ ഓടിക്കുന്നതിനേക്കാള്‍ കൃത്യതയോടെ നിലം ഉഴുതു. ക്യാമറക്കണ്ണുകളും സെന്‍സര്‍ പിടിപ്പിച്ച കയ്യുകളുമായി ഒരു കൂട്ടം യന്ത്രമനുഷ്യര്‍ കൃഷിഭൂമിയിലിങ്ങി നടന്നു. വിത്തു മുളച്ച സമയം, വളര്‍ച്ചയുടെ തോത്, ചെടിയുടെ ആരോഗ്യം തുടങ്ങി രോഗം, കീടങ്ങളുടെ സാന്നിദ്ധ്യം തുടങ്ങി വിളകളുമായി ബന്ധപ്പെട്ട ഒന്നും ഇവരുടെ കണ്ണില്‍ നിന്ന് രക്ഷപ്പെടില്ല.

അതായത് സ്വന്തം കൃഷിഭൂമിയില്‍ മനുഷ്യന്‍ ഇറങ്ങി നടക്കുന്നതിനേക്കാള്‍ മെച്ചമാണ് കാര്യങ്ങളെന്ന് ചുരുക്കം. ഓരോ ചെടിക്കും വേണ്ടത്ര വെളളവും വളവും കീടനാശിനിയും ആവശ്യമുളളപ്പോള്‍ മാത്രം നല്കാ നാകും എന്നതാണ് ഏറെ ശ്രദ്ധേയമായ നേട്ടം. മനുഷ്യരുടെ കണ്ണില്‍ നിന്ന് എളുപ്പം രക്ഷപ്പെടുന്ന ഇലകള്‍ക്കടിയിലൊക്കെ ഒളിച്ചിരിക്കുന്ന കീടങ്ങള്‍ക്കും ഇവരുടെ കണ്ണില്‍ നിന്ന് രക്ഷപ്പെടാനാകില്ല.

പച്ചക്കറി പോലെ ഓരോന്നോരോന്നായി പറിക്കേണ്ട വിളകളുടെ കാര്യത്തില്‍ മനുഷ്യര്‍ക്ക് പകരം ജോലി ചെയ്യിപ്പിക്കാന്‍ കഴിയുന്ന റോബോകളുടെ കാര്യത്തില്‍ ജപ്പാനും ഏറെ മുന്നോട്ടു പോയി ക്കഴിഞ്ഞു.