പേര് സൂചിപ്പിക്കുന്നതു പോലേതന്നെ ചെടികള്‍ക്കുള്ള കൂടയാണ് മഴമറ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മഴക്കാലത്ത് കേരളത്തില്‍ പച്ചക്കറിക്കൃഷി കുറവാണ്. ഇതിന് പ്രതിവിധിയാണ് മഴമറ. തുടക്കത്തില്‍ തന്നെ ഒരുകാര്യം മനസ്സിലാക്കുക വാണിജ്യാടിസ്ഥാനത്തിനുള്ള കൃഷിക്ക് മഴമറ അനിയോജ്യമല്ല. ചെറിയതോതിലും വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉണ്ടാക്കാനുമാണ് ഈ കൃഷിരീതി കൂടുതല്‍ ഗുണം ചെയ്യുക. മഴവെള്ളം ഉള്ളിലേക്ക് കടക്കാത്ത രീതിയില്‍ പോളി ഷീറ്റുകള്‍ മേഞ്ഞ മേല്‍ക്കൂരയ്ക്കു താഴെ നടത്തുന്ന കൃഷിയാണ് മഴമറകൃഷി. 

മഴമൂലമുള്ള പ്രതികൂല കാലാവസ്ഥയില്‍ നിന്ന് പച്ചക്കറികളെ സംരക്ഷിക്കുവാന്‍ ഇത് സഹായിക്കും. ഒരു സ്ട്രക്ചറും അതിനു മേല്‍ മേഞ്ഞിരിക്കുന്ന രീതിയിലുള്ള മേല്‍ക്കൂടുമാണ് മഴമറയുടെ പ്രധാന ഭാഗങ്ങള്‍. ഗ്രീന്‍ ഹൗസുകളുമായി ഇവയ്ക്ക് നിര്‍മാണത്തില്‍ സാമ്യങ്ങളുണ്ട്. മഴമറയുടെ ചട്ടക്കുടിനായി മുള, കവുങ്ങ്, ഇരുമ്പ് പൈപ്പ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. പരമാവധി സൂര്യപ്രകാശം കടത്തിവിടുന്ന സുതാര്യമായ 200 മൈക്രോണ്‍ കനമുള്ള യുവി സ്‌റ്റെബിലൈസ്ഡ് പോളിത്തീന്‍ ഷീറ്റുകളാണ് ഉപയോഗിക്കേണ്ടത്. മേല്‍ക്കൂര അര്‍ധവൃത്താകൃതിയിലോ ചെരിവുള്ള പന്തലാകൃതിയിലോ നിര്‍മിക്കാവുന്നതാണ്. 

സൂക്ഷ്മ കൃഷി രീതിയില്‍ ഉപയോഗിക്കുന്ന തുള്ളിനനയും ജലസേചനത്തോടൊപ്പമുള്ള വളപ്രയോഗവും ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 

നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. സൂര്യപ്രകാശം പരമാവധി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം തിരഞ്ഞെടുക്കുവാന്‍
2. തെക്കു വടക്ക് ദിശയാണ് മഴമറ നിര്‍മിക്കാന്‍ നല്ലത്.
3. ജലസേചന, ജലനിര്‍ഗമന സൗകര്യങ്ങള്‍ ഉറപ്പാക്കണം. 
4. മഴവെള്ളം എളുപ്പം ഒഴുകിപ്പോകാന്‍ ചെരിവുള്ള പന്തലാകൃതിയാണ് അനുയോജ്യം
5. ചട്ടക്കൂടിലെ കൂര്‍ത്ത ഭാഗങ്ങള്‍ ഷീറ്റില്‍ തട്ടി ഷീറ്റ് മുറിയാന്‍ ഇടയാകുമെന്നതിനാല്‍ അവ ഒഴിവാക്കേണ്ടതാണ്. 
6. മുളക്കാലുകള്‍ കേടുവരാതിരിക്കാന്‍ മണ്ണിനടിയില്‍ പോകുന്ന ഭാഗത്ത് കരിഓയില്‍ പുരട്ടുകയോ അല്ലെങ്കില്‍ ഉപ്പിടുകയോ ചെയ്യാവുന്നതാണ്. 
7. കന്നുകാലികളുടെയോ മറ്റ് ജീവികളുടെയോ ശല്യം ഒഴിവാക്കാന്‍ മഴമറയ്ക്ക് ചുറ്റും മറയുണ്ടാക്കുന്നത് നല്ലതാണ്. 
8. മഴമറയ്ക്കുള്ളില്‍ പൂര്‍ണ വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണ്. 
9. ജലസേജനത്തിനും വളപ്രയോഗത്തിനുമുള്ള സംവിധാനങ്ങള്‍ ആവശ്യമെങ്കില്‍ ഉറപ്പാക്കെണ്ടതാണ്. 

മഴമറയുടെ ഗുണങ്ങള്‍

1. ഉയര്‍ന്ന ഉല്‍പാദനം 
2. മഴയില്‍ നിന്നുംസംരക്ഷണം
3. പ്രതികൂല കാലവസ്ഥയിലും കൃഷിയോഗ്യമാക്കാം
4. വര്‍ഷം മുഴുവന്‍ ഉല്‍പാദനം ഉറപ്പാക്കാം
5. ഓഫ് സീസണിലും കൃഷി സാധ്യമാകുന്നു
6. വിപണന സാധ്യത മെച്ചപ്പെട്ടതാണ്
7. കൃഷി ചെലവ് കുറവാണ്
8. ജൈവകൃഷിക്കുള്ള സാധ്യത കൂടുതലാണ്

ഓരോ വീട്ടിലും ഒരു ചെറിയ മഴമറയുണ്ടെങ്കില്‍ ആ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നതാണ്. കാപ്‌സിക്കം, മുളക്, വഴുതന, ചീര, വെള്ളരി, പടവലം, പാവല്‍, പയര്‍, കാബേജ്, കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട്, ബീന്‍സ്, തക്കാളി എന്നിവയെല്ലാം കൃഷി ചെയ്യാം.