ഴ കനത്തതോടെ അടുക്കളത്തോട്ടത്തിലെ കൃഷി നശിക്കുന്നത് പതിവായോ, പരിഹാരമുണ്ട്. പറമ്പില്‍ ഒരു മഴമറ സ്ഥാപിച്ചാല്‍ വേനലിലെന്നപോലെ മഴക്കാലത്തും പച്ചക്കറിക്കൃഷി നടത്താം. സ്വന്തമായി സ്ഥലമില്ലെങ്കിലും വീടിന്റെ മട്ടുപ്പാവില്‍ മഴമറയുണ്ടെങ്കില്‍ വര്‍ഷം മുഴുവന്‍ പച്ചക്കറി കൃഷിചെയ്യാം. മഴകാരണമുള്ള പ്രതികൂല ഘടകങ്ങളില്‍നിന്ന് വിളകളെ സംരക്ഷിക്കുന്നതാണിത്.

കൂടിയ ആര്‍ദ്രതയും മഴയും കുറഞ്ഞ സൂര്യപ്രകാശവും പച്ചക്കറി കൃഷിക്ക് അനുകൂലമല്ല. മഴയില്‍നിന്ന് വിളകളെ സംരക്ഷിച്ച് കൃഷിചെയ്യാമെന്നതാണ് മഴമറയുടെ പ്രത്യേകത. ഒപ്പം തുറന്ന വശങ്ങളിലൂടെ ചൂടും ഈര്‍പ്പവും ക്രമീകരിക്കാനും സാധിക്കുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന തുറസ്സായ സ്ഥലത്താണ് മഴമറ നിര്‍മിക്കേണ്ടത്. തെങ്ങോ തണല്‍വൃക്ഷങ്ങളോ അടുത്തുണ്ടെങ്കില്‍ സ്ഥലം മഴമറയ്ക്ക് യോജിച്ചതല്ല.

മഴമറക്കൃഷിയെന്നാല്‍

ചെറിയതോതിലും ഗാര്‍ഹികാവശ്യത്തിനുവേണ്ടിയുമുള്ള കൃഷിക്കാണ് ഈ രീതി പൊതുവേ ഉപയോഗിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് മഴമറ അനുയോജ്യമല്ല. മഴവെള്ളം ഉള്ളിലേക്ക് കടക്കാത്ത രീതിയില്‍ പോളിത്തീന്‍ ഷീറ്റുകൊണ്ട് മേഞ്ഞ മേല്‍ക്കൂരയ്ക്കുതാഴെ നടത്തുന്ന കൃഷിയാണ് മഴമറക്കൃഷി.

വിവിധ തരത്തില്‍ മഴമറകള്‍ തയ്യാറാക്കാം. ഇതിന്റെ നിര്‍മാണത്തിന് കൃഷിവകുപ്പില്‍നിന്ന് സബ്സിഡി നല്‍കുന്നുണ്ട്. ഒരു ചട്ടക്കൂടും അതിനുമേല്‍ മേഞ്ഞിരിക്കുന്ന രീതിയിലുള്ള മേല്‍ക്കൂടുമാണ് പ്രധാന ഭാഗങ്ങള്‍. നഴ്സറികളില്‍ തയ്യാറാക്കുന്ന ഹരിതഗൃഹങ്ങളുമായി ഇവയ്ക്ക് നിര്‍മാണത്തില്‍ സാമ്യങ്ങളുണ്ട്. മഴമറയുടെ ചട്ടക്കുടിനായി മുള, കവുങ്ങ്, ഇരുമ്പ് പൈപ്പ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.

പരമാവധി സൂര്യപ്രകാശം കടത്തിവിടുന്ന സുതാര്യമായ 200 മൈക്രോണ്‍ കനമുള്ള യു.വി. (അള്‍ട്രാവയലറ്റ്) സ്റ്റബിലൈസ്ഡ് പോളിത്തീന്‍ ഷീറ്റുകളാണ് ഉപയോഗിക്കേണ്ടത്. മേല്‍ക്കൂര അര്‍ധവൃത്താകൃതിയിലോ ചെരിവുള്ള പന്തലാകൃതിയിലോ നിര്‍മിക്കാവുന്നതാണ്.

Content highlights: Rain shelters for vegetable cultivation