ഗ്രാമപ്രദേശങ്ങളില്‍ പണ്ട് കാണാറുണ്ടായിരുന്ന കുറ്റിയടുപ്പ് കത്തിക്കാനാണ് അറക്കപ്പൊടി ഉപയോഗിച്ചിരുന്നത്. കുറ്റിയടപ്പുകളുടെ സ്ഥാനം ഗ്യാസടുപ്പുകള്‍ കൈയടക്കിയതോടെ മരമില്ലുകളില്‍ ബാക്കിയാകുന്ന അറക്കപ്പൊടി പാഴ്വസ്തുവായെങ്കിലും വടക്കഞ്ചേരി കാരുവള്ളില്‍ വീട്ടില്‍ തോമസ് ജോണിന് അങ്ങനെയല്ല. അറക്കപ്പൊടികൊണ്ട് വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള ചെടിച്ചട്ടികളും ചെറിയ ഫ്ളവര്‍ വെയ്സുകളുമൊക്കെ തോമസ് ജോണ്‍ ഉണ്ടാക്കും.

സംഗതി കാണാന്‍ ഭംഗിയുണ്ടെങ്കിലും ഇതുണ്ടാക്കിയെടുക്കുക എളുപ്പമല്ല. അറക്കപ്പൊടി നനച്ചശേഷം ഫെവിക്കോള്‍ പശയൊഴിച്ച് കുഴമ്പുരൂപത്തിലാക്കും. പശ ഉണങ്ങുന്നതിനുമുമ്പ് ചട്ടിയുടെ രൂപത്തിലാക്കണം. ഉണങ്ങിക്കഴിയുമ്പോള്‍ ചെറിയ കമ്പിയുപയോഗിച്ച് ഒന്നു മിനുക്കും. 

ഉള്ളിലുള്ള ഭാഗത്ത് മണ്ണ് നിറച്ചശേഷം ചെടി നടാം. ചെടിച്ചട്ടികള്‍ കൂടാതെ അലങ്കാര വസ്തുക്കളും അറക്കപ്പൊടിയുപയോഗിച്ച് ഉണ്ടാക്കുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് വെറുതെയിരുന്ന് മുഷിഞ്ഞപ്പോഴാണ് അറക്കപ്പൊടികൊണ്ട് പരീക്ഷണം തുടങ്ങിയത്.

നാഡിഞരമ്പുകളെ ബാധിക്കുന്ന ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന അപൂര്‍വ രോഗത്തെത്തുടര്‍ന്ന് തളര്‍ന്നുപോയ തോമസ് ജോണ്‍ അഞ്ചുമാസം മുമ്പാണ് എഴുന്നേറ്റ് നടക്കാവുന്ന സ്ഥിതിയിലെത്തിയത്. ഇപ്പോഴും അസ്വസ്ഥതകളുണ്ടെങ്കിലും ഇതൊന്നും കൂട്ടാക്കാറില്ല. റിട്ട. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും കേരള കോണ്‍ഗ്രസ് കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റുമാണ്.

Content Highlights: Pots from Timber Sawdust Powder