വിളകള്‍ എറ്റവും ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കണമെങ്കില്‍ അതിന് ലഭിക്കുന്ന പ്രകാശം, മണ്ണിലെ താപനില, മണ്ണിലെ മൂലകങ്ങളുടെ അളവും വായുസഞ്ചാരവും അന്തരീക്ഷവായുവിന്റെ ഘടന എന്നിവ ചെടിക്ക് അനുയോജ്യമായ രീതിയില്‍ ആയിരിക്കണം.സംരക്ഷിത കൃഷിരീതിയില്‍ ഈ ഘടകങ്ങള്‍ പൂര്‍ണ്ണമായും ക്രമീകരിക്കാന്‍ കഴിയും. പ്രധാനമായി ഇന്ന് നിലനില്‍ക്കുന്ന ചില ഹരിതഗൃഹ മാതൃകകള്‍ പരിചയപ്പെടാം.

ചായ്ച്ചിക്കിയ ഹരിതഗൃഹം

കെട്ടിടത്തിന്റെ വശത്തേയ്ക്ക് ചായ്ച്ചിറക്കിയാണ് ഇത്തരം ഹരിതഗൃഹം ഉണ്ടാക്കുന്നത്. ഇത്തരം ഹരിതഗ്രഹം കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം നിര്‍മ്മിക്കുവാന്‍. മഞ്ഞുകാലത്ത് ചെടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.

ത്രികോണ മുഖപ്പോടു കൂടിയത്
 
ഇത്തരം ഹരിതഗൃഹങ്ങള്‍ കേരളത്തെപ്പോലെ കാലവസ്ഥയുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ അനുയോജ്യം. ഇവയുടെ മേല്‍ക്കൂര കുത്തനെ ചരിഞ്ഞതും വശങ്ങള്‍ ലംബവുമാണ്. ഇതിന്റെ മേല്‍ക്കൂരയ്ക്ക് മഴവെള്ളത്തെ എളുപ്പത്തില്‍ ഒഴുക്കിക്കളയാന്‍ കഴിയും. ഹരിതഗൃഹത്തിലെ ചൂട് ക്രമീകരിക്കുന്നതിന് മേല്‍ക്കൂരയുടെ ചെരിവ് 30 ഡിഗ്രിയില്‍ കൂടുതലായിരിക്കണം. ഇത്തരം ഹരിതഗൃഹത്തിന് ഉചിതമായ വലുപ്പം-7 മുതല്‍ 9 മീറ്റര്‍ വരെ വീതിയും മധ്യഭാഗത്ത് 5 മുതല്‍ 7.5 മീറ്റര്‍ വരെയും വശങ്ങളില്‍ 3 മുതല്‍ 4.5 മീറ്റര്‍ വരെയും ആണ്. 

കോണ്‍സെറ്റ് 

ത്രികോണ മുഖപ്പോടു കൂടിയ ഹരിതഗൃഹത്തെ അപേക്ഷിച്ച്  കോണ്‍സെറ്റ് ആകൃതിയിലുള്ള ഹരിതഗൃഹത്തില്‍ നിര്‍മാണത്തിനുപയോഗിക്കുന്ന സാധനസാമഗ്രികള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയും. നിര്‍മാണച്ചെലവും കുറവാണ്. ഇത്തരം ആകൃതിയുള്ള ഹരിതഗൃഹത്തിലേക്ക് കൂടുതല്‍ സൂര്യരശ്മി എത്തുന്നതിനാല്‍ താപനില കൂടുതലായിരിക്കും. ഉഷ്ണമേഖല പ്രദേശത്തിന് ഇത് അനുയോജ്യമല്ല.

സോ ടൂത്ത് ടൈപ്പ് 

രണ്ടോ അതിലധികമോ ഹരിതഗൃഹങ്ങള്‍ അറക്കവാളിന്റെ വായയുടെ ആകൃതിയില്‍ ഒരുമിച്ച് നിര്‍ത്തി ക്രമീകരിക്കുന്ന രീതിയാണിത്. ഇത്തരം ഹരിതഗൃഹങ്ങളുടെ നിര്‍മാണച്ചെലവ് ഓരോ ഹരിതഗൃഹവും ഒറ്റയ്ക്ക് നിര്‍മ്മിക്കുന്നതിലും കുറവായിരിക്കും. ഇതില്‍ വീതി കൂടുമ്പോള്‍ ചൂട് കൂടുവാന്‍ ഇടയുണ്ട്. അതിനാല്‍ വീതി 8 മീറ്റര്‍ ആക്കുന്നതാണ് നല്ലത്.