സൂര്യപ്രകാശം ഉള്ളില്‍ കടക്കാത്ത തരത്തില്‍ പ്രത്യേകതരം ഷീറ്റുകള്‍ നിശ്ചിത ആകൃതിയില്‍ രൂപപ്പെടുത്തിയ ചട്ടക്കൂടില്‍ ഉറപ്പിച്ച് നിര്‍മ്മിക്കുന്ന കൂടാരങ്ങളാണ് ഗ്രീന്‍ ഹൗസ് അഥവാ പോളി ഹൗസ്. കൃത്രിമ അന്തരീഷം ഉണ്ടാക്കി എതുതരത്തിലുള്ള കൃഷിയും എപ്പോള്‍ വേണമെങ്കിലും പോളി ഹൗസില്‍ ചെയ്യാന്‍ സാധിക്കും.
പോളിഹൗസ് സൂര്യപ്രകാശത്തിന്റെ ഉപയോഗം പരമാവധി കാര്യക്ഷമമായി പ്രയോജനപ്പെടുത്തുകയും വിളകളെ ദോഷകരമായി ബാധിക്കുന്ന പലതരം പ്രകാശ രശ്മികളെ തടയുകയും ചെയ്യുന്നു. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വാതകത്തിന്റെ സാന്ദ്രത പോളി ഹൗസില്‍ കൂടുതല്‍ ആയതിനാല്‍ സസ്യങ്ങള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കുന്നു.
വര്‍ധിച്ച മഞ്ഞും കാറ്റും വെയിലും മഴയും ഒരു തരത്തിലും പോളി ഹൗസിനെ ബാധിക്കുന്നില്ല. എതു വിളയും എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാനും വിളവെടുക്കാനും പോളി ഹൗസ് കൃഷിയിലൂടെ സാധിക്കും.
പോളി ഹൗസ് എങ്ങനെ നിര്‍മിക്കാം
ജി.ഐ. പൈപ്പുകള്‍ ഉപയോഗിച്ച് പോളി ഹൗസുകള്‍ നിര്‍മ്മിക്കാവുന്നതാണ്. പോളി ഹൗസ് സ്ട്രക്ചറുകള്‍ പലതരത്തില്‍ ഉണ്ടെങ്കിലും ജി.ഐ. പൈപ്പുകളാണ് ഏറ്റവും നല്ലത്. ചെലവ് മാര്‍ഗങ്ങളില്‍ മുള, കവുങ്ങ് എന്നിവ ഫ്രയിം നിര്‍മ്മിച്ച് അതിന് മുകളില്‍ പോളിഫിലിം ഉറപ്പിക്കുന്ന സമ്പ്രദായവും ഉപയോഗത്തിലുണ്ടെങ്കിലും ഇത് നഷ്ടത്തിലേ കലാശിക്കു.
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് ഏകദേശം 140 കിലോ മീറ്റര്‍ വേഗത്തിലുള്ള കാറ്റിനെയും അതിജീവിക്കാന്‍ കഴിയുന്ന ശക്തി പോളി ഹൗസിനുണ്ടായിരിക്കണം. വേനല്‍കാലത്തെ വര്‍ധിച്ച താപനിലയാണ് കേരളത്തില്‍ പോളി ഹൗസുകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. കൃത്യമായ താപനിലാ നിര്‍ഗമന സംവിധാനങ്ങള്‍ ഉപയോഗിച്ച് താപനില ക്രമപ്പെടുത്താന്‍ കഴിയണം.
ചതുരാകൃതിയില്‍ വലിയ പോളി ഹൗസുകള്‍ നിര്‍മിക്കുന്നതിനേക്കാളും ദീര്‍ഘചതുരാകൃതിയില്‍ നിര്‍മിക്കുന്നതാണ് നല്ലത്.
വാണിജ്യ അടിസ്ഥാനത്തില്‍ മാത്രമല്ല വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ ഉണ്ടാക്കുന്നതിനും ചെറു പോളി ഹൗസുകള്‍ വീട്ട് മുറ്റത്തോ, ടെറസ്സിലോ നിര്‍മിച്ച് കൃഷി ചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ നടത്തുന്ന കൃഷിയിലൂടെ വീട്ടില്‍ തന്നെ വിഷമുക്ത പച്ചക്കറികള്‍ ഉണ്ടാക്കുവാന്‍ സാധിക്കും.
ഒരു കുടുംബത്തിന് വര്‍ഷം മുഴുവന്‍ ആവശ്യമായ പച്ചക്കറികള്‍ ലഭിക്കാന്‍ 50 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള പോളി ഹൗസ് മതിയാവും.
ഏതൊക്കെ വിളകള്‍ കൃഷി ചെയ്യാം?
എതു വിളയും പോളി ഹൗസില്‍ കൃഷി ചെയ്യാം. എങ്കിലും തുറസ്സായ സ്ഥലത്ത് മതിയായ വിളവ് തരുന്ന പച്ചക്കറികള്‍ പോളി ഹൗസിനുള്ളില്‍ കൃഷി ചെയ്യണം എന്നില്ല. പോളി ഹൗസിലെ ഓരോ ഇഞ്ച് സ്ഥലവും വിലപ്പെട്ടതായതിനാല്‍ തറ വിസ്തീര്‍ണത്തിന് പുറമെ മുകളിലേക്കുള്ള സ്ഥലം കൂടി പ്രയോജനപ്പെടുത്തുന്ന തരത്തില്‍ പടര്‍ന്നു കയറുന്ന ഇനങ്ങള്‍ കൃഷി ചെയ്യാം.
കേരളത്തിന്റെ കാലാവസ്ഥയില്‍ വാണ്യജ്യാടിസ്ഥാനത്തില്‍ ലാഭകരമായി കൃഷി ചെയ്യാന്‍ എറ്റവും അനുയോജ്യമായ വിളകള്‍ കാപ്‌സിക്കം, തക്കാളി, സാലഡ് വെള്ളരി, അച്ചിങ്ങപ്പയര്‍ എന്നിവയാണ്. ഇവയ്ക്ക് പുറമെ പൂ കൃഷിയും ചെയ്യാം. വള്ളിയായി വളരുന്ന തക്കാളിയും നല്ലതാണ്.