വേനല്‍ക്കാലത്തെ ജലക്ഷാമംനേരിടാന്‍ കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ പ്ലാസ്റ്റിക് പുതയിടല്‍ (പ്ലാസ്റ്റിക്ക് മള്‍ച്ചിങ്) നടപ്പാക്കുന്നു. കളനിയന്ത്രണത്തിനും മണ്ണിലെ ജലാംശം നിയന്ത്രിക്കുന്നതിനും ബാഷ്പീകരണം തടയുന്നതിനും ഫലപ്രദമായ വഴിയാണിത്. പാടത്തോ പറമ്പിലോ മണ്ണുകൊണ്ട് വരമ്പുപോലെയുണ്ടാക്കി അതില്‍ തൈയോ ചെടിയോ നടും. നട്ട ഭാഗമൊഴികെയുള്ളിടം മുഴുവന്‍ നീളന്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടും.

അതോടെ മണ്ണിനടിയില്‍നിന്നുള്ള ജലനഷ്ടം കാര്യമായി കുറയും. തുള്ളിനനയാണ് ചെയ്യുക. സാധാരണയായി പച്ചക്കറികള്‍ക്ക് 30 മൈക്രോണിന്റെയും വാഴകള്‍ക്ക് 90 മൈക്രോണിന്റെയും ഷീറ്റുകളാണ് ഉപയോഗിക്കുക. ഇവയൊന്നും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളില്‍പ്പെടുത്തിയിട്ടില്ല.

അമ്പത് സെന്റ് തുള്ളി നനയ്ക്കുള്ള ഉപകരണങ്ങള്‍ക്കും പ്ലാസ്റ്റിക്ക് പുതയിടലിനുംകൂടി നാല്പതിനായിരം രൂപ ചെലവുണ്ട്. ഇതില്‍ മുപ്പതിനായിരംരൂപ കൃഷിവകുപ്പിന്റെ പച്ചക്കറി വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകന് ലഭിക്കുമെന്ന് കോട്ടയ്ക്കല്‍ കൃഷി ഓഫീസര്‍ അരുണ്‍കുമാര്‍ പറഞ്ഞു.

ഗുണങ്ങള്‍

  • തുള്ളി നനയായതിനാല്‍ മണ്ണിലെ ജലാംശം 85 ശതമാനത്തോളം നിലനിര്‍ത്താനാകും
  • വിളകള്‍ക്ക് കീടബാധയില്‍നിന്ന് പ്രതിരോധം
  • ജലബാഷ്പീകരണം തടയല്‍
  • കളകളുടെ നിയന്ത്രണം
  • വളപ്രയോഗത്തിന്റെ കാര്യക്ഷമത
  • വെള്ളത്തോടൊപ്പം വളവും സൂക്ഷ്മമൂലകങ്ങള്‍ നല്‍കല്‍
  • മണ്ണിലെ വായുസഞ്ചാരം നിലനിര്‍ത്തല്‍
  • തുല്യമായ വളര്‍ച്ച
  • ഗുണമേന്‍മയുള്ള ഫലങ്ങള്‍

Content highlights: Plastic mulching for crop production