കാലത്തിന്റെ കുത്തൊഴുക്കില്‍ മലയാളിക്ക് നഷ്ടമായത് തന്റെ കാര്‍ഷിക പൈതൃകം തന്നെയാണ്. ആധുനിക കാര്‍ഷിക ഉപകരണങ്ങള്‍ വരുന്നതിനും മുമ്പ് കേരളത്തിന് വലിയ ഒരു കാര്‍ഷിക പാരമ്പര്യം ഉണ്ടായിരുന്നു അന്ന് മലയാളികള്‍ ഉപയോഗിച്ചിരുന്ന ചില കാര്‍ഷിക ഉപകരണങ്ങളെ പരിചയപ്പെടാം. 

കലപ്പ: കാളകളെ കെട്ടി നിലം ഇളക്കി കൃഷിക്ക് പാകപ്പെടുത്തുന്നതിനുള്ള ഉപകരണം. പ്ലാവ്, തേക്ക്, വാക, കാഞ്ഞിരം, എന്നിവയുപയോഗിച്ചാണ് കലപ്പ നിര്‍മിക്കുന്നത്. അറ്റത്ത് ഉരുമ്പുകൊണ്ട് നിര്‍മിച്ച കൂര്‍ത്ത ചട്ടുകം പോലുള്ള ഒരുപകരണം ഉറപ്പിച്ചിരിക്കും.

നുകം: വയല്‍ ഉഴുതുമറിക്കാന്‍ കന്നുകാലികളെ തമ്മില്‍കൂട്ടിക്കെട്ടാന്‍ ഉപയോഗിച്ചിരുന്നു.

കരി: കോല്‍പന, കരിമ്പന, തെങ്ങ്, എന്നീ മരങ്ങള്‍ക്കൊണ്ടാണ് കരി ഉണ്ടാക്കുന്നത്. നുകത്തിന് മേലാണ് കരി ഘടിപ്പിക്കുന്നത്. 

കട്ടക്കുഴ: പാടങ്ങളിലെ മണ്‍കട്ട ഉടയ്ക്കുന്നതിനുള്ള ഉപകരണമാണ് കട്ടക്കുഴ

മുള്‍ക്കരി: വരണ്ട ഇളക്കമുള്ള നിലങ്ങളില്‍ വിത്ത് വിതച്ചതിന്‌ശേഷം നിരത്താന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് മുള്‍ക്കരി. ഒരു തടിയില്‍ പത്തില്‍ കൂടുതല്‍ 6 ഇഞ്ചോളം നീളമുള്ള അറ്റം കൂര്‍ത്ത കമ്പുകള്‍ ഉറപ്പിച്ച ഉപകരണം. കലപ്പ പോലെ നുകവുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. പ്ലാവ്, തേക്ക്, വാക, എന്നീ തടികളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നത്. മുള്ളിനായി തേക്ക്, തെങ്ങ്, കരിമ്പന, പന എന്നിവ ഉപയോഗിക്കുന്നു. കൈപിടിക്കായി പന, കരിമ്പന, തെങ്ങ് എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം.

ജലചക്രം: പണ്ടുകാലത്ത് ജലസേചന ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഒരുപകരണമാണ് ജലചക്രം. ഒരാള്‍ക്ക് തനിയെ പ്രവര്‍ത്തിപ്പിക്കാവുന്ന ഈ ഉപകരണം ഉപയോഗിച്ച് ചവിട്ടിയാണ്  കൃഷിയിടത്തേക്ക് വെള്ളം എത്തിച്ചിരുന്നത്.

ഊര്‍ച്ചമരം: കാളകളെ ഉപയോഗിച്ച് നിലം നിരപ്പാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം. തേക്ക്, മാവ്, കശുമാവ്, എന്നിവയുടെ പലകയും, കാഞ്ഞിരം, തെങ്ങ്, മൈലാഞ്ചി എന്നിവയുടെ കോലുകളും ഉപയോഗിച്ചാണ് ഊര്‍ച്ചമരം നിര്‍മ്മിക്കുന്നത്. 

ഏത്തക്കൊട്ട:  ജലയേജനത്തിനായി ഉപയോഗിക്കുന്ന ഉപകരണമാണ് ഏത്തക്കൊട്ട. ആഴമുള്ള ജല സ്രോതസ്സ് നിന്നും വെള്ളമെടുക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഈറ്റ കൊണ്ട്  ത്രികോണാകൃതിയില്‍ നിര്‍മിച്ച കൊട്ട ഒരു മുളയില്‍ കെട്ടിയാണ് കിണറുകളില്‍ നിന്നും ജലസേജനം നടത്തിയിരുന്നത്. 

വിത്ത് പൊതി: ദീര്‍ഘകാലം വിത്ത് സൂക്ഷിക്കുവാന്‍ ഉപയോഗിച്ചിരുന്ന മാര്‍ഗമാണ് വിത്ത് പൊതി. വൈക്കോലുകൊണ്ട് വിത്ത് പൊതിഞ്ഞ് സൂക്ഷിക്കുന്ന രീതിയാണ് ഇത്. 

വിത്തുകൂട്ടി: നിരന്നുകിടക്കുന്ന നെല്ല് വലിച്ചുകൂട്ടാന്‍ ഉപയോഗിക്കുന്ന മരം കൊണ്ടുള്ള ഉപകരണം. 

വെള്ളിക്കോല്‍: പണ്ടുകാലത്ത് ചെറിയതോയില്‍ നെല്ല് അളക്കുവാന്‍ ത്രാസിനു പകരം ഉപയോഗിച്ചിരുന്ന ഉപകരണം. ഇതിന് തുലാന്‍ അളവാണ് ഉപയോഗിച്ചിരുന്നത്. 

കൂങ്കത്തി: കുറ്റിച്ചെടികളും മറ്റും നീക്കം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന പഴയ അരിവാള്‍.