നെല്ലിന്റെ കതിര്‍വീഴ്ച തടയാന്‍ ശിവദാസിന്റെ 'കുറ്റീം ചരടും' പ്രയോഗം. കാറ്റിലും മഴയിലും കതിര്‍ വീണുനശിക്കുന്നത് പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. പാരമ്പര്യ കൃഷിരീതികള്‍ക്കൊപ്പം വേറിട്ട കൃഷി പരീക്ഷണങ്ങളില്‍ തത്പരനായ ശിവദാസിന്റെ പുത്തന്‍ പരീക്ഷണമാണിത്.

നാലേക്കര്‍ നെല്പാടത്താണ് കുറ്റീംചരടും സ്ഥാപിച്ചത്. പത്തടി അകലത്തില്‍ ആറടിനീളമുള്ള ശീമക്കൊന്നക്കുറ്റികള്‍ അടിച്ചിറക്കി. വേലികെട്ടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചരട് കുറ്റികളിലൂടെ വലിച്ചുകെ!ട്ടി. കതിരിന്റെ ഒരിഞ്ച് താഴെഭാഗത്തുകൂടെയാണ് ചരട് പോകുന്നത്.

കാറ്റോ മഴയോ ശക്തമായാല്‍ കൊയ്യാന്‍ പാകമാകുന്ന ചാഞ്ഞ കതിരുകള്‍ വീണുനശിക്കും. വീണുപോയാല്‍ യന്ത്രമുപയോഗിച്ച് കൊയ്യാനാകില്ല. തൊഴിലാളികളെ കിട്ടാന്‍ പ്രയാസമായതിനാല്‍ കൈകൊണ്ട് കൊയ്യാന്‍ സമയമെടുക്കും. നെല്ല് മുളച്ച് നശിക്കുകയാകും ഫലം.

കാറ്റിലും മഴയിലും കതിര്‍വീണാല്‍ ചരട് താങ്ങിനിര്‍ത്തും. പിന്നാലെചായുന്ന കതിര്‍ ആദ്യംെചരിഞ്ഞ കതിരിന്റെ മുകളിലേക്ക് ചാഞ്ഞുനില്‍ക്കും. കൊയ്ത് തുടങ്ങുമ്പോള്‍ കുറ്റീം ചരടും നീക്കണമെന്നുമാത്രം. കതിര്‍വീഴ്ച വലിയൊരുപരിധിവരെ തടയാമെന്നാണ് ശിവദാസിന്റെ കണക്കുകൂട്ടല്‍. സമീപത്തെ ചില കര്‍ഷകരും ഇതുകണ്ട് പരീക്ഷണം ഏറ്റെടുത്തിട്ടുണ്ട്.

സാധാരണ മൂന്നരമുതല്‍ നാലടിവരെ ഉയരംവെക്കുന്ന ജ്യോതി നെല്ലായിരുന്നു കൃഷിചെയ്തത്. നേരത്തേ പാടത്ത് ചെമ്മരിയാട്ടിന്‍ പറ്റത്തെ ഇറക്കിയിരുന്നതുകൊണ്ടോ നല്ല വളപ്രയോഗം കൊണ്ടോ ആവണം ഇക്കുറി നെല്‍ച്ചെടിക്ക് നാലരമുതല്‍ അഞ്ചടിവരെ ഉയരംവെച്ചു.

ഉയരക്കൂടുതലും കതിര്‍ഭാരവുംമൂലം ചെറിയ കാറ്റിലും മഴയിലും പോലും കതിര്‍ വീഴുമോയെന്ന ആശങ്കയായി. ഇതില്‍നിന്നാണ് കുറ്റീം ചരടും പരീക്ഷണത്തിന്റെ ആശയം ഉദിച്ചത്.

പണിക്കൂലിയുള്‍പ്പെടെ നാലേക്കറില്‍ കുറ്റീംചരടും സ്ഥാപിക്കാന്‍ 7,000 രൂപ ചെലവായി. ഇതൊരു അധികച്ചെലവാണെങ്കിലും കതിര്‍ വീണാല്‍ എല്ലാം നഷ്ടമാകുന്നതിനേക്കാള്‍ ഭേദമല്ലേ ഇതെന്നാണ് ശിവദാസന്റെ കണക്ക്.

തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും ഹൈ ഡെന്‍സിറ്റി മാവ് കൃഷി തന്റെ കൃഷിയിടത്തില്‍ പരീക്ഷിച്ച് വിജയത്തിലേക്ക് എത്തുകയാണ് ശിവദാസ്. മാവ് തോട്ടത്തില്‍ ഇടവിളയായി ചെണ്ടുമല്ലിയും പച്ചക്കറിയും കൃഷിചെയ്യുന്നു.

ചെണ്ടുമല്ലി വിളവെടുപ്പ് കാലമാണിപ്പോള്‍. തെങ്ങിന്‍തോട്ടവുമുണ്ട്. നാടന്‍ അരിക്ക് പേരുകേട്ട ആലത്തൂര്‍ ബാങ്ക്‌റോഡിലെ ശ്രീകണ്ഠാ റൈസ്മില്‍ ഉടമയായ ഇദ്ദേഹത്തിന് കൃഷി രക്തത്തിലലിഞ്ഞ പാരമ്പര്യമാണ്.