പേര് സൂചിപ്പിക്കുന്നതുപോലെ വെള്ളം മഞ്ഞുതുള്ളികള്‍ പോലെ കൃഷിയിടത്തില്‍ വീഴ്ത്തുന്നതാണ് മിസ്റ്റ് തുള്ളിനന. മറ്റ് തുള്ളിനന രീതികള്‍ ചെടിയുടെ ചുവട്ടില്‍ മാത്രം വെള്ളമെത്തിക്കുമ്പോള്‍ ഇത്തരം ജലസേജനം ചെടിയുടെ മുഴുവന്‍ ഭാഗങ്ങളിലും ജലമെത്തിക്കുന്നു. ഇത് മൂലം ചെടിക്ക് തണുപ്പം ഈര്‍പ്പവും ലഭിക്കുന്നു. ഓര്‍ക്കിഡ്  ഇനത്തില്‍പ്പെട്ട ചെടികള്‍ വളരുന്നതിന് വെള്ളത്തോടൊപ്പം ഈര്‍പ്പമുള്ള അന്തരീക്ഷവും ആവശ്യമാണ്. 

ഇത്തരത്തിലുള്ള നനയിലൂടെ ചെടികള്‍ക്ക് വെള്ളം കിട്ടുമ്പോഴാണ് ഏറ്റവും ഫലപ്രദമയി ജലാഗികരണം നടക്കുന്നത്. ഡ്രിപ്പ്‌നനയും തുള്ളിനനയും തമ്മില്‍ ധാരാളം വ്യത്യാസങ്ങളുണ്ട്. പ്രധാന വ്യത്യാസം എമിറ്ററുകളുടെതാണ്‌ . വെള്ളം വീഴുന്ന രീതിയിലും വെള്ളം ചെടിക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്നതിലുമാണ് വ്യത്യാസമുള്ളത്. 

എന്നാല്‍ വെള്ളമെത്തിക്കുന്ന കുഴലുകളും യന്ത്രഭാഗങ്ങളുമെല്ലാം ഡ്രിപ്പിന്റേതുതന്നെയാണ്. ഡ്രിപ്പില്‍ കുഴലുകളെല്ലാം തറനിരപ്പില്‍ തന്നെ നിലനില്‍ക്കുമ്പോള്‍ മിസ്റ്റില്‍ ശാഖാകുഴലുകള്‍ ചെടിക്കു മുകളിലൂടെ വലിക്കുകയാണ് ചെയ്യുന്നത്. 

താങ്ങുമരത്തിന്റെ ശാഖകള്‍ക്കിടയിലൂടെയും കുഴല്‍ വലിക്കാവുന്നതാണ്. ഇവയുടെ ഒരറ്റം ഉപകുഴലുകളുമായി ഉറപ്പിച്ചിരിക്കുന്നു. മറ്റേയറ്റം വെള്ളത്തിന്റെ വഴിയടച്ചുകൊണ്ട് മടക്കി പ്രത്യേകയിനം ക്ലിപ്പിട്ട് വെച്ചിരിക്കുകയാണ്. അതായത് പ്രധാനകുഴലില്‍നിന്ന് ഉപകുഴലിലൂടെ വരുന്ന വെള്ളം ശാഖാകുഴലുകളില്‍ പ്രവേശിച്ച് ചെടികളില്‍ എത്തുന്നു. 

ചെടിയുടെ ഓരോ നിരയ്ക്കും  മുകളിലൂടെയോ ചുവട്ടിലൂടെയോ ഒരെണ്ണം എന്ന തോതില്‍ ശാഖാകുഴലുകള്‍ കടന്നു പോകുന്നു. കുഴലുകളില്‍ എമിറ്ററുകളിടുമ്പോള്‍ നനയ്ക്കാനുള്ള സൗകര്യമുണ്ടാകുന്നു. കുഴല്‍ വലിക്കുന്നത് മുകളിലൂടെയാണെങ്കില്‍ എമിറ്ററുകള്‍ താഴേക്ക് തൂക്കിയിടണം. തറനിരപ്പിലാണ് കുഴല്‍ വലിച്ചിരിക്കുന്നതെങ്കില്‍ എമിറ്ററുകള്‍ മുകളിലേക്ക് ഉറപ്പിച്ച് നിര്‍ത്തണം. ഇവയൊഴിച്ചാല്‍ ഡ്രിപ്പും മിസ്റ്റും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. 

മിസ്റ്റ് നനയില്‍ വെള്ളം മഞ്ഞിന്റെ രീതിയില്‍ വരണമെങ്കില്‍ നല്ല ശക്തിയില്‍ വെള്ളം കുഴലില്‍ക്കൂടിയെത്തണം. ഉയരത്തില്‍ നിന്നും ജലം കുഴലിലേക്ക് ഒഴുക്കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. കുറഞ്ഞത് 20 മീറ്റര്‍ മുകളില്‍ നിന്നെങ്കിലും വെള്ളമെത്തിക്കണം. അല്ലെങ്കില്‍ വെള്ളം പമ്പ് ചെയ്തു കൊടുത്താലും മതിയാകും. 

എമിറ്ററുകളിലെ സുഷിരത്തിന്റെ വ്യാസമനുസരിച്ചാണ് ഇവയില്‍ നിന്ന് പുറന്തള്ളുന്ന വെള്ളത്തിന്റെ അളവു നിശ്ചയിക്കുന്നത്. മേല്‍ത്തരം എമിറ്ററുകള്‍ ഒരു മണിക്കൂറില്‍ 10 ലിറ്റര്‍ വെള്ളം മാത്രമേ ചെലവാക്കുകയുള്ളു. എന്നാല്‍ വ്യാസംകൂടിയ എമിറ്ററുകള്‍ക്ക് 35 മുതല്‍ 40 ലിറ്റര്‍ വരെ വെള്ളം വേണ്ടിവരും. വെള്ളം കൂടുതല്‍ ചെലവാക്കുന്ന എമിറ്ററുകള്‍ക്ക് വില കുറവാണ്.