മാറുന്ന കാലാവസ്ഥയ്ക്കും കാലത്തിനുമനുസരിച്ച് സ്മാര്‍ട്ട് കൃഷിരീതി എന്ന ഐക്യരാഷ്ട്ര ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ നിര്‍ദേശം നടപ്പാക്കിയപ്പോള്‍ കിട്ടിയത് കുന്നോളം വിളവ്. തൃശ്ശൂരില്‍ ഒരേക്കറില്‍ 100 ഞാലിപ്പൂവന്‍ വാഴ, 200 വീതം വഴുതനങ്ങയും മുളകും, 75 വീതം കോളിഫ്‌ലവറും കാബേജും എന്നിവയാണ് നട്ടത്. കിട്ടിയത് സാധാരണ വിളവിനേക്കാള്‍ ഇരട്ടിയോളം. 

ഒരു കാബേജ് ഒന്നരക്കിലോഗ്രാമും കോളിഫ്‌ലവര്‍ ഒന്നേകാല്‍ കിലോഗ്രാം വീതവും ഉണ്ടായിരുന്നു. സാധാരണ ഇവയുടെ വിളവ് പരമാവധി അരക്കിലോഗ്രാമാണെന്ന് കൃഷിക്ക് നേതൃത്വം നല്‍കിയ ഡോ. പി.ഒ. നമീര്‍ പറഞ്ഞു. ഞാലിപ്പൂവന്‍വാഴ വളര്‍ച്ചയെത്തുന്നതേയുള്ളൂ.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആണ് പുത്തന്‍കൃഷി പരീക്ഷിച്ചത്. കാര്‍ഷിക-വനവത്കരണത്തിനായുള്ള മരവൈവിധ്യത്തോട്ടവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.

1.95 കോടി സഹായം

കാര്‍ഷിക സര്‍വകലാശാലയുടെ ഇന്‍ക്യുബേറ്ററിനു കീഴിലെ 16 സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ക്ക് കിട്ടിയത് 1.95 കോടി കേന്ദ്രസഹായം. ഇതിന്റെ ആദ്യഗഡുവായ 82.9 ലക്ഷം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വിതരണം ചെയ്തു. ഡോ. കെ.പി. സുധീര്‍ ആണ് അഗ്രി ബിസിനസ് ഇന്‍ക്യുബേറ്റര്‍ മേധാവി. 

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്മെന്റിന്റെ വൈജ്ഞാനികപങ്കാളിത്തത്തോടെ ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അഗ്രിബിസിനസ് ഇന്‍ക്യുബേറ്ററില്‍ ഒന്നാണ് കേരള കാര്‍ഷിക സര്‍വകലാശാലയിലേത്. 

അഗ്രി ബിസിനസ് ഇന്‍ക്യുബേറ്ററില്‍ 42 നവസംരംഭകര്‍ക്കായി പരിശീലനപരിപാടി സംഘടിപ്പിച്ചു. ഇവരില്‍നിന്ന് അവസാനഘട്ട സ്‌ക്രീനിങ്ങിനായി തിരഞ്ഞെടുത്ത 16 സംരംഭകരില്‍ പ്രാരംഭഘട്ടത്തിലുള്ള 10 സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി 1.72 കോടിയും ആശയഘട്ടത്തിലുള്ള സംരംഭകര്‍ക്കായി 23.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

എന്താണ് കാലാവസ്ഥാ സ്മാര്‍ട്ട് കൃഷി?

കാലാവസ്ഥാവ്യതിയാനത്തിനും കൂടിവരുന്ന ഭക്ഷ്യ ആവശ്യത്തിനും അനുസൃതമായി ഹരിതഗൃഹവാതകങ്ങളെ കുറച്ച് സുസ്ഥിരമായ ഭക്ഷ്യോത്പാദനം ഉറപ്പാക്കുന്ന സംയോജിത കൃഷിരീതിയാണ് കാലാവസ്ഥാ സ്മാര്‍ട്ട് കൃഷി.ഉത്പാദനം കൂട്ടി വരുമാനം വര്‍ധിപ്പിക്കുക, കാലാവസ്ഥാവ്യതിയാന പിടിയില്‍നിന്ന് മോചനം നേടുക, ഹരിതഗൃഹവാതകങ്ങളെ കുറയ്ക്കുക തുടങ്ങിയവയാണ് കാലാവസ്ഥാ-സ്മാര്‍ട്ട് കൃഷിയുടെ അടിസ്ഥാനം.

ചൂട് പ്രതിരോധിക്കുന്ന വിത്തിനങ്ങളും ചെടികളും, പുതയിട്ട് കൃഷിചെയ്യല്‍, കൃഷിയില്‍ ജലവിനിയോഗം കുറയ്ക്കല്‍, ജലനഷ്ടം കുറയ്ക്കാന്‍ തണലൊരുക്കല്‍, അതിര്‍ത്തികളില്‍ മരങ്ങള്‍ തുടങ്ങിയവയാണ് കാലാവസ്ഥാ-സ്മാര്‍ട്ട് കൃഷിക്കായി മുന്നോട്ടുവെയ്ക്കുന്ന ശുപാര്‍ശകള്‍.

Content Highlights: Kerala State to promote climate-smart farming