കാര്‍ഷിക ഭൂപടത്തില്‍ കണ്ണൂരിനും ഒപ്പം കരിമ്പത്തിനും പ്രത്യേകസ്ഥാനമുണ്ട്. കാര്‍ഷിക ഗ്രാമങ്ങളും പ്രസ്ഥാനങ്ങളും കൊണ്ട് ശ്രദ്ധേയമാണ് കണ്ണൂര്‍. വയലുകളും പറമ്പും ഉഴുതുമറിച്ച് പൊന്ന് വിളയിച്ച കര്‍ഷകരുടെ സുവര്‍ണകാലം തന്നെ ഇവിടെയുണ്ടായിരുന്നു. കാടുകള്‍ വെട്ടിനിരത്തി കപ്പയും പൂത്താടയും (പറമ്പിലെ നെല്‍കൃഷി) വിളവെടുത്തു.

ബ്രിട്ടനില്‍നിന്ന് കുരുമുളക് കൃഷിയെക്കുറിച്ച് പഠിക്കാനെത്തിയ ഡോ. ബാര്‍ബര്‍ക്കും കണ്ണൂരിലെ കര്‍ഷകന്റെ തുടിക്കുന്ന മനസ്സ് കണ്ട് വെറുതെയിരിക്കാനായില്ല. 1905ല്‍ അദ്ദേഹം മുന്‍കൈയെടുത്ത് കരിമ്പത്ത് കൃഷിത്തോട്ടം സ്ഥാപിച്ചു. 62 ഹെക്ടര്‍ ഭൂമിയില്‍ ഉത്പാദനവും വിളവെടുപ്പും നടന്നു. ഒടുവിലിതാ മറ്റൊരു വിപ്ലവം കൂടി കരിമ്പത്തെ മണ്ണില്‍ പുതിയ തലമുറ തുടങ്ങി. ടിഷ്യു കള്‍ച്ചര്‍ വാഴയുടെ ഉത്പാദനം. 

vazha'ടിഷ്യു കള്‍ച്ചര്‍' എന്ന സൂക്ഷ്മ പ്രജനനം കണ്ടുപിടിക്കപ്പെട്ടതോടെ വാഴക്കന്നുകളോടുള്ള പ്രിയം കര്‍ഷകര്‍ക്ക് ഇരട്ടിച്ചു. വഴിയില്‍ കണ്ടാല്‍ കൗതുകത്തിനുപോലും ഒന്ന് വാങ്ങി വീട്ടില്‍ നട്ടുനനച്ച് വളര്‍ത്തും. ഒരു നവജാതശിശുവായിക്കണ്ട് ലാളിച്ചു വളര്‍ത്തും. സസ്യലോകത്തിലെ ഈ ടെസ്റ്റ് ട്യൂബ് ശിശു പിറക്കുന്നതും വളരുന്നതും വളരെയേറെ കൗതുകമുള്ള കാഴ്ചയാണ്. 

'സൂക്ഷ്മപ്രജനന' രഹസ്യം വിദ്യാര്‍ഥികള്‍ക്ക് പഠനാര്‍ഹം. ഓപ്പറേഷന്‍ തീയേറ്ററില്‍ കയറുന്ന കരുതലോടെ വേണം ടിഷ്യു കള്‍ച്ചര്‍ ലാബിനകത്ത് പ്രവേശിക്കാന്‍. അണുനാശിനിയില്‍ കാല്‍ കഴുകണം. വാഴയുടെ വളരുന്ന സൂക്ഷ്മ മുകുളം അണുവിമുക്തമാക്കിയ കുപ്പിക്കുള്ളിലാണുണ്ടാവുക. കരിമ്പത്തെ ടിഷ്യു കള്‍ച്ചര്‍ ലാബ് ആധുനിക രീതിയില്‍ നിര്‍മിച്ചതാണ്. ശീതീകരിച്ച മുറികളില്‍ 30,000 കള്‍ച്ചറുകള്‍ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. 

ഒരു വാഴക്കന്നിന് വേരുപിടിപ്പിച്ചെടുക്കാനുള്ള ശ്രമം കണ്ടുതന്നെയറിയണം. സസ്യ ഭാഗത്തിന് അന്നജം നല്കി പെരുക്കി നീട്ടി വേരുപിടിപ്പിക്കുന്നതുവരെ ഒരു ശിശുവിന് നല്കുന്ന പരിചരണം വേണം. കാര്‍ബൈഡ്, വിറ്റാമിനുകള്‍, ഹോര്‍മോണ്‍ തുടങ്ങി ഖര രൂപത്തിലുള്ള ആഹാരത്തിലാണ് കള്‍ച്ചര്‍ വളരുക. കോശങ്ങള്‍ വളര്‍ത്തി കന്നുകള്‍ക്ക് വേരുപിടിപ്പിക്കുന്നത് അവസാനഘട്ടത്തില്‍. എല്ലാം തയ്യാറാക്കി പാകമായ ഒരു വാഴക്കന്ന് കര്‍ഷകന് ലഭിക്കുമ്പോഴേക്കും എട്ടുമാസത്തെ പരിചരണം വേണം. ഒരു മുകുളത്തില്‍നിന്ന് 20002500 തൈകള്‍ വരെ ഉത്പാദിപ്പിക്കാമെന്നാണ് കാര്‍ഷിക മേഖലയിലെ വിദഗ്ദര്‍ പറയുന്നത്. 

ടിഷ്യു കള്‍ച്ചര്‍ വാഴയുടെ ആവശ്യക്കാര്‍ കൂടുതലായതിനാല്‍ കരിമ്പത്തെ ബയോടെക്‌നോളജി ലാബിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താനും പദ്ധതിയുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 201213 വര്‍ഷത്തിലാണ് ബയോടെക്‌നോളജി ലാബിലൂടെ ടിഷ്യു കള്‍ച്ചര്‍ പദ്ധതിക്ക് ഇവിടെ ആരംഭം കുറിച്ചത്. കെട്ടിടനിര്‍മാണവും മറ്റു പ്രവൃത്തികളുമായി വാഴയുടെ വ്യാപകമായ ഉത്പാദനം തുടങ്ങാന്‍ മൂന്ന് വര്‍ഷത്തിേലറെ വേണ്ടിവന്നു. ജൈവ സാങ്കേതിക വിദ്യകളില്‍ കുതിച്ചുചാട്ടം നടത്താന്‍ ടിഷ്യു കള്‍ച്ചര്‍ ഉത്പാദന യൂണിറ്റ്, സൂക്ഷ്മാണു ഉത്പാദന യൂണിറ്റ് എന്നിവയെ കൂട്ടിയിണക്കി കാര്‍ഷിക ബയോ ടെക്‌നോളജി ഡിവിഷന്‍ കരിമ്പത്ത് ആരംഭിച്ചത് ഈ വര്‍ഷമാണ്. 

പ്രതിമാസം 20,000 കള്‍ച്ചര്‍ വാഴകളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 10,000 ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ ഇവിടെയിപ്പോള്‍ പ്രതിമാസം ഉത്പാദിപ്പിക്കുന്നുണ്ട്. എന്നിട്ടും വിതരണത്തിന് വാഴകള്‍ തികയുന്നില്ലെന്നാണ് ജൈവ സാങ്കേതിക വിദ്യയുടെ കരിമ്പത്തെ ഓഫീസര്‍ വി.ജി.ഹരീന്ദ്രന്‍ പറയുന്നത് 

പദ്ധതി ജില്ലാപഞ്ചായത്ത് ഏറ്റെടുത്തത് : പ്രൊഫ.കെ.എ.സരള

ആധുനിക സാങ്കേതിക വിദ്യകൃഷിയില്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള പദ്ധതികള്‍ ജില്ലാപഞ്ചായത്ത് ഏറ്റെടുത്തതാണെന്ന് സ്ഥാനമൊഴിഞ്ഞ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പ്രൊഫ. കെ.എ.സരള പറഞ്ഞു. കാര്‍ഷിക ജൈവ സാങ്കേതിക കേന്ദ്രം ഇതിന്റെ നാഴികക്കല്ലാണ്.

ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഉത്പാദനവും വിതരണവും പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണ്. വിപുലമായ ഉപകരണങ്ങളുടെ സജ്ജീകരണങ്ങളോടെ പൂര്‍ത്തിയായിരിക്കുന്ന അഗ്രി ബയോടെക്‌നോാളജി ഡിവിഷന്റെ ഭാവി പ്രവര്‍ത്തനങ്ങളിലും ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടസഹായങ്ങള്‍ ഉണ്ടാകുംഅവര്‍ പറഞ്ഞു.