കാഞ്ഞങ്ങാട്: കുരുമുളകുവള്ളി ചെങ്കല്‍ത്തൂണുകളില്‍ പടര്‍ത്തി കര്‍ഷകന്റെ പരീക്ഷണം. കുരുമുളക് കൃഷിയിലെ ഈ നൂതന രീതി വിജയത്തിലേക്കെന്ന സൂചനനല്‍കി വള്ളികള്‍ വളര്‍ന്ന് തിരിയിട്ടു. കാഞ്ഞങ്ങാടിന് കിഴക്ക് ഇരിയ ഗ്രാമത്തിലെ മുതുപ്ലാക്കല്‍ ജയിംസി(ബേബി)ന്റേതാണ് ഈ കൃഷിപരീക്ഷണം. 213 ചെങ്കല്‍ തൂണുകളും 27 കോണ്‍ക്രീറ്റ് തൂണുകളും കെട്ടി ഉയര്‍ത്തിയാണ് കുരുമുളകുവള്ളി പടര്‍ത്തിയത്. 

ഓരോ തൂണിനും ഏഴുമീറ്റര്‍ ഉയരമുണ്ട്. എട്ടു വരിയിലാണ് തൂണുകള്‍. ഇവ തമ്മില്‍ രണ്ടരമീറ്റര്‍ അകലമുണ്ട്. തൂണുകളെ കൂട്ടിയിണക്കി തലങ്ങും വിലങ്ങും കോണ്‍ക്രീറ്റ് ബീമുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജൂലായിലാണ് ആദ്യഘട്ടമായി കുരുമുളക് തൈകള്‍ നട്ടത്. പത്തുമാസം പിന്നിടുമ്പോഴേക്കും വള്ളികള്‍ മൂന്നരമീറ്ററിലേറെ ഉയരത്തിലെത്തി. തിപ്പലിയില്‍ ബഡ്ഡുചെയ്ത വള്ളികളാണ് നട്ടത്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വെള്ളമൊഴിക്കും. 

കുരുമുളകുവള്ളി ചെങ്കല്‍ത്തൂണില്‍ പടര്‍ത്താനുള്ള ആശയം നേരത്തേ മനസ്സിലുണ്ട്. ഇപ്പോഴാണ് പ്രാവര്‍ത്തികമാക്കാനായത് -ഈ കര്‍ഷകന്‍ പറയുന്നു. വള്ളി ഏഴുമീറ്ററോളം ഉയരത്തില്‍ പടര്‍ന്നാല്‍ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ ഉപയോഗിക്കുന്ന ലിഫ്റ്റ് സ്ഥാപിക്കും. അതില്‍ കയറി കുരുമുളക് പറിക്കാം. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇരിട്ടിയില്‍ താമസിക്കുമ്പോള്‍ മീറ്ററുകളോളം ആഴത്തില്‍ കുഴിയെടുത്ത് തെങ്ങുനട്ട് കൈയെത്തും ദൂരത്തുനിന്ന് തേങ്ങപറിച്ച് പരീക്ഷണം നടത്തിയിരുന്നു. കുരുമുളക് കൊടി വളര്‍ത്തുമ്പോള്‍ അതിനുതാങ്ങാകുന്ന മരങ്ങളുടെ വളര്‍ച്ച ആരും നോക്കാറില്ലെന്നും ഇടുന്ന വളം ഈ മരങ്ങളുടെ വേരുകള്‍ വലിച്ചെടുക്കുന്നുണ്ടെന്നും ജയിംസ് പറഞ്ഞു. കല്‍ത്തൂണുകളാകുമ്പോള്‍ അത്തരമൊരു പ്രശ്നമില്ല. തൂണുകള്‍ കെട്ടാനുള്ള ചെലവ് ഇപ്പോള്‍ നോക്കുന്നില്ലെന്നും ആശയം ലക്ഷ്യത്തിലെത്തിക്കുകയാണ് പ്രധാനമെന്നും കരാറുകാരന്‍ കൂടിയായ ജയിംസ് പറഞ്ഞു. തൂണുകള്‍ക്കിടയില്‍ ഇടവിളയായി വാഴ, തെങ്ങ്, പച്ചമുളക് തുടങ്ങിയവയുമുണ്ട്. ഭാര്യ ലീലാമ്മയും മകന്‍ ലിപിനും കൃഷിയിടത്തില്‍ ജയിംസിനൊപ്പം സജീവമാണ്.