വീടിന്റെ മുന്നില്‍ ചെടിച്ചട്ടിയിലോ ഗ്രോ ബാഗിലോ ഒരു ചുണ്ട. എന്നാല്‍, ചുണ്ട തൈയില്‍ കായ്ച്ച് നില്‍ക്കുന്നത് ചുണ്ടങ്ങയല്ല, വഴുതനങ്ങ. ഒന്നല്ല, നാലുതരം. കൃഷിയോട് താത്പര്യമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നുറപ്പ്. 

ഒരു ചുണ്ടയില്‍ പച്ചയും വയലറ്റും വേങ്ങേരി നീളനും വെള്ളനൂര്‍ ഉണ്ടയും വെള്ളനിറമുള്ള കോഴിമുട്ട വഴുതനയും ഒക്കെ കായ്ച്ചുനില്‍ക്കുന്നത് ഒരു കൗതുകം തന്നെയാണ്. അല്പം ശ്രദ്ധയും കുറച്ച് ക്ഷമയും ഉണ്ടെങ്കില്‍ ഇത് സാധ്യമാക്കാവുന്നതാണ്.

പോട്ടിങ് മിശ്രിതം തയ്യാറാക്കണം

തൈകള്‍ തയ്യാറാക്കുന്നതിന് മുമ്പ് പോട്ടിങ് മിശ്രിതം നിറച്ച് ചട്ടികള്‍ അല്ലെങ്കില്‍ ഗ്രോബാഗുകള്‍ തയ്യാറാക്കണം. മൂന്നുചട്ടി മണല്‍, മൂന്നുചട്ടി മണ്ണ്, മൂന്നുചട്ടി ചാണപ്പൊടി അല്ലെങ്കില്‍ രണ്ടുചട്ടി കമ്പോസ്റ്റ്, ഒരു കിലോ വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയതാണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. അത്യാവശ്യം നീളമുള്ള ചട്ടിയുടെ അല്ലെങ്കില്‍ ഗ്രോബാഗിന്റെ പകുതി പോട്ടിങ് മിശ്രിതം നിറയ്ക്കണം. അതിലാണ് ചുണ്ടയുടെ തൈ നട്ടുപിടിപ്പിക്കേണ്ടത്.

ചുണ്ട തൈയും വഴുതന മുകുളവും

അധികം മൂക്കാത്ത ഒരു ചുണ്ടയുടെ തൈ സംഘടിപ്പിക്കുന്നതാണ് ആദ്യത്തെ പടി. മൂത്തചെടിയാണെങ്കില്‍ അതിനെ ഏകദേശം ഒരടിയില്‍ മുകളിലേക്ക് വെട്ടിമാറ്റി പുതുതായി ഉണ്ടായിവരുന്ന ശിഖരങ്ങളിലാണ് ഗ്രാഫ്റ്റിങ് നടത്തേണ്ടത്. പിന്നീട് അത്യാവശ്യം കായ്ക്കുന്ന വഴുതനച്ചെടിയുടെ ഇളം നാമ്പുകളും സംഘടിപ്പിക്കണം. കിട്ടുന്ന തരങ്ങള്‍ക്കും ചുണ്ടയിലുണ്ടാവുന്ന ശിഖരങ്ങള്‍ക്കും അനുസരിച്ച് എത്രതരം വേണമെങ്ങിലും ഗ്രാഫ്റ്റ് ചെയ്യാവുന്നതാണ്. വഴുതനങ്ങയില്‍ നിന്നും ശേഖരിക്കുന്ന തണ്ടുകളുടെ അഗ്രഭാഗത്തുനിന്നും മൂന്നിഞ്ചുവരുന്ന താഴോട്ടുള്ള ഭാഗമാണ് മുറിച്ചെടുക്കേണ്ടത്.

ഗ്രാഫ്റ്റിങ് ചെയ്യാം

വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണിത്. ഗ്രാബാഗില്‍ നന്നായി വളര്‍ന്നുവരുന്ന ചുണ്ടയുടെ ചുവട്ടില്‍നിന്നും ആറിഞ്ചു മുകളിലേക്കുള്ള ശിഖരങ്ങളാണ് ഗ്രാഫ്റ്റ് ചെയ്യാന്‍ തിരഞ്ഞെടുക്കേണ്ടത്. വഴുതനയില്‍നിന്നും തൂമ്പുകള്‍ മുറിച്ചെടുത്ത ഉടനെത്തന്നെ ചുണ്ടയുടെ ശിഖരങ്ങളില്‍ ഗ്രാഫ്റ്റ് ചെയ്യണം. 

വൈകുന്നേരങ്ങളില്‍ ചെയ്യുന്നതാണ് നല്ലത്. മുറിച്ചെടുത്ത വഴുതനയുടെ കൂമ്പുകള്‍ അടിഭാഗത്ത് രണ്ടുഭാഗത്തുനിന്നും ചെത്തി ഒരു ആപ്പിന്റെ ആകൃതി ആക്കിയെടുക്കണം. കൂമ്പ് മാത്രം നിര്‍ത്തി ഇലകളെല്ലാം മാറ്റണം. ഇനി ചുണ്ടയുടെ ശിഖരത്തില്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് താഴേക്ക് ചെത്തി മുക്കാല്‍ ഇഞ്ച് നീളത്തിലുള്ള മുറിവുണ്ടാക്കണം. 

ഇത് ചുണ്ടയുടെ വണ്ണത്തിന്റെ പകുതിയില്‍ കൂടുതലാവാന്‍ പാടില്ല. തൈ ഒടിഞ്ഞുപോകാതെ ശ്രദ്ധിക്കണം. ഇനി ആപ്പിന്റെ ആകൃതിയിലാക്കിയ വഴുതനയുടെ കൂമ്പ് അതില്‍ ഉറപ്പിക്കണം. ശേഷം സെലോടാപ്പുകൊണ്ട് നന്നായി ചുറ്റിവെക്കണം.

രണ്ടാഴ്ച കഴിഞ്ഞാല്‍ ഗ്രാഫ്റ്റ് ചെയ്ത ചുണ്ടയുടെ കമ്പ് ഗ്രാഫ്റ്റ് ചെയ്തതിന് ഒരിഞ്ച് മുകളില്‍വെച്ച് മുറിച്ചുകളയണം. കൂടാതെ ചുണ്ടയില്‍ മുളയ്ക്കുന്ന മുകുളങ്ങളെല്ലാം അപ്പപ്പോള്‍ മുറിച്ചുനീക്കണം. പിന്നീട് പതുക്കെ വഴുതനങ്ങയുടെ മുകുളം വളരാന്‍തുടങ്ങും.

മൂന്നാഴ്ച കഴിഞ്ഞാല്‍ സെലോടാപ്പ് അഴിച്ചുമാറ്റി ഒരു താങ്ങു കമ്പ് വെച്ച് ഗ്രാഫ്റ്റ് ചെയ്ത ഭാഗം നന്നായി കെട്ടി ഉറപ്പിക്കണം. ഒരു മാസത്തിനുശേഷം പൂവും കായും ഉണ്ടാവാന്‍ തുടങ്ങും.

Content Highlights: How to Graft a brinjal plants