കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക് റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങ് യൂണിറ്റ് ആണ് പോളിഹൗസ് കൃഷിക്കാവശ്യമായ എല്ലാ സാങ്കേതികോപദേശങ്ങളും കര്‍ഷകര്‍ക്ക് നല്‍കുന്നത്. യുവാക്കളെ കാര്‍ഷികരംഗത്തേക്ക് ആകര്‍ഷിച്ചതില്‍ ഹൈടെക് കൃഷിക്ക് വലിയ പങ്കുണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു. 

പോളിഹൗസില്‍ ഏറ്റവും നന്നായി കൃഷി ചെയ്യാന്‍ കഴിയുന്നത് സലാഡ്, പാലക് ചീര,പുതിനയില, മല്ലിയില എന്നിങ്ങനെയുള്ള ഇലക്കറികളാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. കാപ്‌സിക്കവും വളരെ ഫലപ്രദമായി വിളയിക്കാന്‍ കഴിയും. 20 സ്‌ക്വയര്‍ മീറ്ററില്‍ ഏകദേശം 250 ചെടികള്‍ കൃഷി ചെയ്യാമെന്നാണ് യൂണിവേഴ്‌സിറ്റി പറയുന്നത്.

agriculture

പോളിഹൗസ് കൃഷി നടത്തി പരാജയപ്പെട്ട കര്‍ഷകര്‍ക്കുള്ള മറുപടിയാണ് കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക് റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങ് യൂണിറ്റിലെ പ്രൊഫസര്‍ ഡോ. പി സുശീല നല്‍കുന്നത്.  'പോളിഹൗസ് കൃഷി ചെയ്യാന്‍ മുന്നോട്ട് വന്നവര്‍ ശരിക്കും കൃഷിയെ ഗൗരവമായി കണ്ടിട്ടില്ല. സാധാരണ ഒരു  ഒരു വലിയ സംരംഭം ചെയ്യാന്‍ മാനസികവും ശാരീരികവുമായ തയ്യാറെടുപ്പ് അത്യാവശ്യമാണ്. തുറസായ സ്ഥലത്ത് കൃഷി ചെയ്യുന്ന അതേ ലാഘവത്തോടെ പോളിഹൗസ് കൃഷിയെ കാണരുത്. യഥാര്‍ഥത്തില്‍ പോളി ഹൗസ് കൃഷിയില്‍ കേരളത്തിന് മാത്രമായി ഒരു സാങ്കേതിക വിദ്യ എന്നു പറയുന്നത് ഇല്ല. ഒരു കൊച്ചു കുട്ടിയെ നോക്കുന്ന ശ്രദ്ധയോടെ വേണം പോളിഹൗസില്‍ വിളകളെ പരിചരിക്കാന്‍. ഒരു ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ചെടികള്‍ വളരുന്നു എന്ന രീതിയില്‍ നമ്മള്‍ ചിന്തിക്കണം. കേരളത്തില്‍ പോളിഹൗസ് കൂടുകള്‍ സ്ഥാപിച്ചിരിക്കുന്നതു തന്നെ തെറ്റായ രീതിയിലാണ്. ചൂട് കുറയുന്നത് പകരം അഞ്ച് ഡിഗ്രി കൂടുന്നതായാണ് കണ്ടു വരുന്നത്.'

agriculture

പോളി ഹൗസ് ഒരു ഫാക്ടറി ആയി പരിഗണിച്ചുകൊണ്ട് കൃഷി ചെയ്യണമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. കൃഷിയിലേക്കിറങ്ങുമ്പോള്‍ നമ്മള്‍ എല്ലാ വശങ്ങളും പഠിക്കാന്‍ തയ്യാറാകണം. 75% സബ്‌സിഡി പ്രതീക്ഷിച്ചുകൊണ്ട്‌  കൃഷി ചെയ്യാന്‍ ആരും മുന്നോട്ട് വരരുത്. അങ്ങനെ വന്നു കഴിഞ്ഞാല്‍ സാങ്കേതിക വിദ്യ പരാജയപ്പെടുകയേയുള്ളുവെന്ന് സുശീല വ്യക്തമാക്കുന്നു. പോളിഹൗസ് കൃഷി യഥാര്‍ഥ മാനദണ്ഡങ്ങള്‍ പാലിച്ച് ആത്മാര്‍ഥതയോടെ ചെയ്താല്‍ വിജയിക്കാറുണ്ട്.polyhouse

പോളി ഹൗസിനുള്ളില്‍ കീടങ്ങളെയും അസുഖങ്ങളെയും വളരെ കൃത്യമായി ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത കാര്‍ഷിക സര്‍വകലാശാല കര്‍ഷകര്‍ക്ക് വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്. പുറത്ത് കൃഷി ചെയ്യുമ്പോള്‍  രണ്ടു ദിവസത്തിനുള്ളില്‍ കീടങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചാല്‍ മതിയാകും. എന്നാല്‍ പോളിഹൗസിനുള്ളില്‍ രണ്ടു മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തിക്കണം.

ഹൈഡ്രോപോണിക്‌സ്, അക്വാപോണിക്‌സ്, പോളി കിച്ചന്‍ ഗാര്‍ഡന്‍ എന്നിവയിലുള്ള പരിശീലനവും സാങ്കേതിക നിര്‍ദേശങ്ങളും കാര്‍ഷിക സര്‍വകലാശാല നല്‍കുന്നുണ്ട്. 'ഹൈഡ്രോ പോണിക്‌സിന് വലിയ പണച്ചെലവ് വരുന്നില്ല. അക്വാപോണിക്‌സിന് വളരെ നല്ല ശ്രദ്ധ വേണം. താരതമ്യേന പൈസച്ചെലവും കൂടുതലാണ്. ചെടികളെ വളരെയധികം ശ്രദ്ധിക്കണം. അതിലുള്ള സൂക്ഷ്മ ജീവികളും മത്സ്യവും സെന്‍സിറ്റീവ് ആണ്. അതിന് മൂന്നിനും അനുയോജ്യമായ സാഹചര്യം ഒരുക്കണം.' 

ഒരു വീട്ടിലെ ആവശ്യത്തിനായി അക്വാപോണിക്‌സ് കൃഷി ചെയ്യുമ്പോള്‍ അത്ര വലിയ പ്രശ്‌നം വരുന്നില്ലെന്ന് സുശീല പറയുന്നു. പല്ലു തേക്കുക, കുളിക്കുക അങ്ങനെ നിത്യേന ചെയ്യുന്ന കാര്യങ്ങള്‍ പോലെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും മീനും ഉണ്ടാക്കിക്കൂടേ എന്നുള്ളതാണ് ഇവരുടെ ചോദ്യം.

aquaponics
അക്വാപോണിക്‌സ് സിസ്റ്റം

കുട്ടികള്‍ക്കു കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ ചെയ്യാവുന്ന കൃഷിയാണ് ഇതെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. 'ഹോര്‍ട്ടി കള്‍ച്ചര്‍ തെറാപ്പി പോലെ ഈ കൃഷി രീതിയെ കാണാവുന്നതാണ്.  കുട്ടികളെ ഉള്‍പ്പെടുത്തിയാല്‍ അവരുടെ ബുദ്ധിവികാസം,ക്രിയാത്മകമായ കഴിവുകള്‍ എന്നിവയെല്ലാം വളര്‍ത്താന്‍ കഴിയും'

ഹൈഡ്രോപോണിക്‌സില്‍ ന്യൂട്രിയന്റ് സൊല്യൂഷന്‍ ആണ് നല്‍കുന്നത്. അക്വാപോണിക്‌സില്‍ മീനിന് കൊടുക്കുന്ന ഭക്ഷണത്തിന്റെ  അവശിഷ്ടങ്ങളും മീനിന്റെ വിസര്‍ജ്യവും കൂടിയാണ് വളമായി ഉപയോഗിക്കുന്നത്. അത്യാവശ്യം വേണ്ട ആളുകള്‍ക്ക് സര്‍വകലാശാല അക്വാപോണിക്‌സ് പണിയാന്‍ വേണ്ട സഹായം ചെയ്തു കൊടുക്കാറുണ്ട്. ഹൈഡ്രോപോണിക്‌സില്‍ ലെറ്റിയൂസ് വിജയകരമായി കൃഷി ചെയ്യാമൊണ് സര്‍വകലാശാല കണ്ടെത്തിയത്. മണ്ണില്‍ വിളയിക്കുന്നതിനേക്കാള്‍ രുചികരമാണ് ഇതെന്നും കണ്ടെത്തി. 

സാലഡ് കുക്കുമ്പര്‍,തക്കാളി,പയര്‍ എിവയെല്ലാം അക്വാപോണിക്‌സിലും മീഡിയ ബെഡ് രീതിയിലും നല്ല വിളവ് നല്‍കിയിരുു. റാഫ്റ്റ് രീതിയിലാണ് അക്വാപോണിക്‌സ് നായി ചെയ്യാന്‍ കഴിയുന്നത്.

അക്വാപോണിക്‌സില്‍ ഗിഫ്റ്റ് തിലോപ്പിയയാണ് ഏറ്റവും നല്ലത്. ഒരു സെന്റ് കുളത്തിലാണെങ്കില്‍ 4000 മുതല്‍ 7000 വരെ മീന്‍ വളര്‍ത്താം. പക്ഷേ തുടക്കക്കാര്‍ അത്രയധികം മീന്‍ അക്വാപോണിക്‌സ് സിസ്റ്റത്തില്‍ ഇടരുതെന്ന് ഇവര്‍ മുറിയിപ്പ് തരുന്നു. നൈട്രേറ്റ്, നൈട്രൈറ്റ്, അമോണിയ എന്നിവയുടെ അളവ്‌ വളരെ കൃത്യമായി ശ്രദ്ധിക്കണം. പി.എച്ച് ലെവല്‍ 7.5 വരെ നിലനിര്‍ത്തുതാണ് നല്ലത്. 

പോളി കിച്ചന്‍ ഗാര്‍ഡന്‍

പോളി ഹൗസ് ഫാമിങ്ങിന്റെ പ്ലാനിങ്ങ് ബോര്‍ഡിലെ മേധാവിയുമായി സംസാരിച്ച് ഒരു നാഷനല്‍ വര്‍ക്ക് ഷോപ്പ് നടത്തി അതിനെ അടിസ്ഥാനമാക്കിയാണ് കാര്‍ഷിക സര്‍വകലാശാലയില്‍ പോളിഹൗസ് വന്നത്. 

ഓരോ വീട്ടിലള്ളവരും അവര്‍ക്ക് വേണ്ടതിന്റെ ഒരു 50 % പച്ചക്കറികളെങ്കിലും ഉണ്ടാക്കിയാല്‍ നല്ലതായിരിക്കുമെന്ന ഉപദേശമാണ് ഇവര്‍ നല്‍കുന്നത്. നമ്മുടെ നാട്ടില്‍ സ്ഥലം വളരെ കുറവാണ്. ഓരോ വീട്ടുകാര്‍ക്കും അഞ്ച് സെന്റ് ഭൂമി മാത്രമുള്ള അവസ്ഥയിലും നന്നായി കൃഷി ചെയ്യാം. 20 സ്‌ക്വയര്‍ മീറ്ററില്‍ പോളി കിച്ചന്‍ ഗാര്‍ഡന്‍ പണിയുകയാണെങ്കില്‍ രാവിലെ ഏഴു മണിക്ക് ജോലിക്ക് പോയി വൈകുന്നേരം തിരിച്ചു വരുന്ന വീട്ടമ്മയ്ക്കും പച്ചക്കറികളെ സുരക്ഷിതമായി പരിപാലിക്കാം.

പോളി കിച്ചന്‍ ഗാര്‍ഡനില്‍ വെള്ളവും വളവും ഓട്ടോമേഷന്‍ വഴി കൊടുക്കാവുന്നതാണ്.  ടൈമര്‍ വെച്ച് സെറ്റ് ചെയ്താല്‍ നമ്മള്‍ വീട്ടിലില്ലെങ്കിലും ടൈമര്‍ പ്രവര്‍ത്തിച്ച് ചെടികള്‍ക്ക് ആവശ്യമായ വെള്ളം ലഭിക്കും. വെള്ളവും വളവും നല്‍കുമ്പോള്‍ ചെടിയോട് ആശയവിനിമയം നടത്തിയാല്‍ ഓഫീസിലേയും വീട്ടിലേയും ടെന്‍ഷന്‍ കുറഞ്ഞത് 25 % എങ്കിലും കുറയുമെന്ന സൂചനയാണ് ഇവര്‍ ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ക്ക് നല്‍കുന്നത്.

ഇപ്പോള്‍ മള്‍ട്ടി ടയര്‍ ഗ്രോബാഗിലാണ് പോളി കിച്ചന്‍ ഗാര്‍ഡന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്‌. കമ്പോസ്റ്റ് സൗകര്യമുള്ള മള്‍ട്ടി ടയര്‍ ഗ്രോബാഗ് ഉണ്ട്. അതില്‍ വിരകളെ ഇടുകയാണ് ചെയ്യുന്നത്. ഇതില്‍ നിന്നും മണ്ണിര കമ്പോസ്റ്റും വെര്‍മി വാഷും ഉണ്ടാക്കാം. ആറിഞ്ച് ഡയമീറ്ററിലാണ് നടുവിലുള്ള പൈപ്പ് സെറ്റ് ചെയ്തിരിക്കുന്നത്. അതില്‍ ഒന്നര അല്ലെങ്കില്‍ രണ്ട് സെന്റീമീറ്ററുള്ള തുളകളുണ്ട്. അടുക്കളയിലെ അവശിഷ്ടങ്ങളും നമുക്ക് കമ്പോസ്റ്റ് ചെയ്ത് വെര്‍മി കമ്പോസ്റ്റും വെര്‍മി വാഷും ശേഖരിക്കാം. വെര്‍മി വാഷിനെ നേര്‍പ്പിച്ച് ചെടികള്‍ക്ക് സ്‌പ്രേ ചെയ്യാം. അപ്പോള്‍ അത് 'സെല്‍ഫ് സപ്പോര്‍ട്ടിങ്ങ് മള്‍ട്ടി ടയര്‍ ഗ്രോ ബാഗ്‌' ആയി വര്‍ക് ചെയ്യും.

പോളിഹൗസില്‍ വിഷമടിക്കാതെ നല്ല ഉത്പന്നങ്ങള്‍ ഉണ്ടാക്കാം എന്നതായിരുന്നു വിശ്വാസം. എന്നാല്‍ ഇപ്പോള്‍ വിഷം തളിച്ചുതന്നെയാണ് പലരും പോളിഹൗസില്‍ പച്ചക്കറികള്‍ ഉണ്ടാക്കുന്നതെന്ന് കാര്‍ഷിക സര്‍വകലാശാല നിരീക്ഷിക്കുന്നു. പലരും അത് ജൈവ ഉത്പന്നങ്ങളാണെന്ന് പറഞ്ഞ് വിറ്റഴിക്കുന്നതായാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

നമ്മുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഓരോ വ്യക്തിയുടെയും കടമയാക്കി മാറ്റുന്നതാണ് നല്ലതെന്ന സന്ദേശമാണ് കാര്‍ഷിക സര്‍വകലാശാല ഇക്കാര്യത്തില്‍ നല്‍കുന്നത്. ഏതൊരു കാര്യത്തിലും ആത്മാര്‍ഥമായ സമീപനം അത്യാവശ്യമാണെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു. (തുടരും)

Read more

Part 1 - കേരളത്തില്‍ കൃഷി ഹൈടെക് ആയി; എന്നാല്‍ കര്‍ഷകരോ?

Part 3 - ഇത് വിജയന്റെ ഹൈടെക് വിജയം; പരാജയപ്പെട്ടവര്‍ക്ക് ഒരു പാഠം.