എല്ലാ മേഖലകളിലും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമ്പോള്‍ കാര്‍ഷിക മേഖലയില്‍ കാതലായ മാറ്റങ്ങള്‍ ഇന്നും വന്നിട്ടില്ല. ഒരു യൂണിറ്റ് സ്ഥലത്ത് നിന്ന് പരമാവധി വിളവ് ഉത്പാദിപ്പിക്കാന്‍ അനുയോജ്യമായ കൃഷി രീതിയാണ് ഹൈടെക് ഫാമിങ്ങ്. കേരള കാര്‍ഷിക സര്‍വകലാശാല ഇക്കാര്യത്തില്‍ ആവശ്യമായ സാങ്കേതികോപദേശങ്ങള്‍ നല്‍കുന്നുമുണ്ട്. കേരളത്തില്‍ ഹൈടെക് ഫാമിങ്ങ് ലാഭകരമാണോ?കാര്‍ഷിക മേഖലയില്‍ ഉത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോളി ഹൗസ് കൃഷി രീതി ആരംഭിച്ചത്. ഗ്രീന്‍ ഹൗസ് അല്ലെങ്കില്‍ പോളി ഹൗസ് നിര്‍മിച്ച് അതിനുള്ളില്‍ പ്രത്യേക അന്തരീക്ഷ സ്ഥിതി ഉണ്ടാക്കി വിളകളുണ്ടാക്കുന്ന രീതിയാണിത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകത്തിന്റെ സാന്ദ്രത ഇത്തരം പോളിഹൗസുകളില്‍ കൂടുതലായിരിക്കുന്നതിനാല്‍ സസ്യങ്ങള്‍ നന്നായി വളരുന്നു. 

മഞ്ഞും മഴയും വെയിലും കാറ്റുമൊന്നും പ്രതികൂലമായി ബാധിക്കാതെ ലാഭകരമായി കൃഷി ചെയ്യാമെന്ന് പറയുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ പോളി ഹൗസ് കൃഷിയില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? വിദേശ രാജ്യങ്ങളില്‍ ലക്ഷങ്ങളുടെ ലാഭമുണ്ടാക്കാനുതകുന്ന ഈ സാങ്കേതിക വിദ്യ കേരളത്തിലെ കാര്‍ഷിക മേഖലയില്‍ എങ്ങനെ പ്രയോജനപ്പെടുത്താം? കേരളത്തിലെ വിവിധ ജില്ലകളിലെ കര്‍ഷകര്‍ക്കിടയില്‍ നടത്തിയ ഒരന്വേഷണം.

കൃഷി വിചാരിച്ചതു പോലെ ലാഭകരമല്ല: ലോകനാഥന്‍

HITECHഏകദേശം മുപ്പത് വര്‍ഷത്തോളം പ്രവാസിയായി ജീവിച്ച് റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കാനായി കൃഷിയിലേക്കിറങ്ങിയ ലോകനാഥനെ പരിചയപ്പെടാം. പോളി ഹൗസ് കൃഷി എളുപ്പമാണെ് കരുതിയാണ് ഇറങ്ങിപ്പുറപ്പെട്ടതെന്നും വിചാരിച്ച പോലെ ലാഭകരമല്ലെന്ന് മനസ്സിലായത് അനുഭവത്തില്‍ നിന്നുതന്നെയാണെന്ന് വ്യക്തമാക്കുകയാണ് ലോകനാഥന്‍.

25 മീറ്ററാണ് പോളിഹൗസിന്റെ ആകെ നീളം. ഇവിടെ 14 ബെഡ്ഡുകളാക്കിയാണ് കൃഷി ചെയ്തിരിക്കുന്നത്. ഓരോ ബെഡ്ഡിനും 90 സെ.മീ വീതിയാണുള്ളത്. ഇന്‍ലൈന്‍ ഡ്രിപ്പര്‍ വഴി ശരിയായ രീതിയില്‍ വെള്ളം എല്ലാ ചെടികള്‍ക്കും എത്തിക്കാന്‍ കഴിയുന്നുണ്ട്. വളം വെള്ളത്തോട് ലയിപ്പിച്ചു വിടുന്ന ഇന്‍ലൈന്‍ ഫെര്‍ട്ടിഗേഷനും ഇവിടെയുണ്ട്. ഒരു ചെടിക്ക് വേനല്‍ക്കാലത്ത് അര ലിറ്റര്‍ മുതല്‍ ഒരു ലിറ്റര്‍ വരെയേ വെള്ളം ആവശ്യമുള്ളു.

പുട്ടുപൊടിയുടെ പരുവത്തിലായിരിക്കണം മണ്ണ് പാകപ്പെടുത്തേണ്ടത്. വേരുകള്‍ ഓടാനുള്ള സൗകര്യമുണ്ടായിരിക്കണം. പലരും ഇക്കാര്യങ്ങളിലെല്ലാം അവരുടെ പ്രായോഗിക ബുദ്ധിക്കനുസരിച്ച് പല മാറ്റങ്ങളും വരുത്തിക്കൊണ്ടിരിക്കുന്നുവെന്ന് ലോകനാഥന്‍ പറയുന്നു.

ഈ പോളിഹൗസില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത് സലാഡ് കുക്കുമ്പര്‍ ആണ്. ഏറ്റവും കൂടുതല്‍ ഉത്പാദനവും ഇതില്‍ നിന്നു തന്നെയാണ്. ഇതുകൂടാതെ പാവല്‍, പടവലം, ചീര എന്നിവയുമുണ്ട്. ഹോര്‍ട്ടി കള്‍ച്ചര്‍ വകുപ്പും കാര്‍ഷിക സര്‍വകലാശാലയുമാണ് കൃഷിക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത്. നാമ്ധാരി സീഡ് എന്ന ഹൈബ്രിഡ് പയറാണ് ഈ കൃഷിയിടത്തിലെ മറ്റൊരു പ്രധാന ഇനം. 10 പയര്‍ ചെടിയില്‍ നിന്ന്് ഏതാണ്ട് ഒരു കിലോ പയര്‍ വിളവെടുക്കാം.

വേപ്പധിഷ്ഠിത വളങ്ങളും കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്. ചാണകം,പിണ്ണാക്ക് എന്നിവയെല്ലാം തന്നെയാണ് പോളിഹൗസിലും വളമായി ഉപയോഗിക്കുന്നത്. കൃഷി ചെയ്യുന്തോറും മണ്ണിന്റെ പോഷകാംശങ്ങള്‍ നഷ്ടപ്പെടുന്നതുകൊണ്ട് മണ്ണ് പരിശോധിച്ച് ശരിയായ രീതിയിലുള്ള പി.എച്ച് നിലനിര്‍ത്തിയാലേ നല്ല രീതിയിലുളള കൃഷി മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുകയുള്ളുവെന്ന് ഇദ്ദേഹം പറയുന്നു. വെള്ളവും മണ്ണുമാണ് ഏറ്റവും പ്രധാനം. 

'യൂണിവേഴ്‌സിറ്റി തലത്തില്‍ പോളി ഹൗസ് കൃഷിയുമായി ബന്ധപ്പെട്ട് ധാരാളം ക്ലാസുകള്‍ നടക്കുന്നുണ്ട്. താപനില കുറയ്ക്കാനുള്ള സംവിധാനമാണ് ഇവിടെ ഫലപ്രദമല്ലാത്തത്‌.  പല സാങ്കേതിക വിദ്യകളെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതൊന്നും കണ്ടെത്തിയിട്ടില്ല. യഥാര്‍ഥത്തില്‍ പോളി ഹൗസില്‍ ഉയര്‍ന്ന ഉത്പാദനം ലഭിക്കുമെന്നാണ് പറയുന്നത്. പക്ഷേ കേരളത്തില്‍ മികച്ച ഉത്പാദനം കിട്ടിയ ചരിത്രം വളരെ കുറവാണ്. ഭാവിയില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അനുഗുണമായ മാറ്റങ്ങള്‍ വന്നാല്‍ നല്ല രീതിയില്‍ കൃഷി ചെയ്യാന്‍ കഴിയും.' ഇത് പോളി ഹൗസ് കൃഷി ലാഭകരമല്ലെന്ന് പറയുന്ന കര്‍ഷകന്റെ സാക്ഷ്യപ്പെടുത്തലാണ്.

വളരെയധികം ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടതാണ് പോളിഹൗസ് കൃഷി. ഒരു വിളയുടെ കാലാവധി മൂന്ന് മുതല്‍ ആറുമാസം വരെയാണ്. 40 സെ.മീറ്റര്‍ അകലത്തിലാണ് ഓരോ വിത്തുകളും നടുന്നത്.
എല്ലാ മൂന്ന് മാസവും ബെഡ്ഡ് മാറ്റി മണ്ണ്  കൂട്ടിയോജിപ്പിച്ച് പരിശോധന നടത്തണം . ടെസ്റ്റ് റിപ്പോര്‍ട്ട് നോക്കിയ ശേഷം മണ്ണില്‍ ചേര്‍ക്കാനുള്ളത് ചേര്‍ക്കും. ഫില്‍ട്ടര്‍,മാനിഫോള്‍ഡ്‌, ഒരു ബോര്‍വെല്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സംവിധാനമാണ് ബോര്‍വെലില്‍ വെള്ളം എത്തിക്കുന്നത്.

പോളിഹൗസ് കൃഷി പണമുള്ളവരുടെ തമാശയാണോ? 

paulson
പോള്‍സണ്‍ റാഫേല്‍

പോളി ഹൗസില്‍ കൃഷി ചെയ്യാനായി ആറ് ലക്ഷവും ഏഴ് ലക്ഷവും മുടക്കുമ്പോള്‍ പ്രതീക്ഷിച്ച വിളവ് ലഭിക്കുന്നില്ലെന്ന അഭിപ്രായം തന്നെയാണ്  തൃശൂര്‍ ജില്ലയിലെ ഹൈടെക് ഫാര്‍മേഴ്‌സ് ഓര്‍ഗനൈസേഷന്റെ പ്രസിഡണ്ടായ പോള്‍സണ്‍ റാഫേലിന്റെ അഭിപ്രായം. നാല് വര്‍ഷത്തോളമായി പോളി ഹൗസില്‍ കൃഷി ചെയ്യുന്ന പോള്‍സണ്‍ കീടങ്ങളുടെ ആക്രമണത്താലും മറ്റു പലപ്രശ്‌നങ്ങളാലും ഓരോ വിളവ് കഴിയുന്തോറും കൈകാര്യം ചെയ്യാന്‍ കഴിയാത്ത രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി സൂചിപ്പിക്കുന്നു.

അപമാനം മറച്ചുവെക്കാന്‍ മികച്ച വിളവ് കിട്ടിയെന്ന് പറയുന്നവരാണ് ഭൂരിഭാഗം കര്‍ഷകരും. 'സാധാരണ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏഴ് ലക്ഷം മുടക്കി കൃഷി ചെയ്യുമ്പോള്‍ പ്രതീക്ഷിച്ച വിളവ് കിട്ടിയില്ലെന്ന് പറയുന്നത് വളരെ അപമാനകരമായി അവര്‍ക്ക് തോന്നും. അത് മറച്ചു വെക്കാന്‍  വിളവ് കിട്ടി എന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പോളി ഹൗസിന്റെ കൂട് പണിയാനുള്ള സബ്‌സിഡി അനുവദിച്ചിട്ടുണ്ട്. സ്‌പെഷല്‍ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. സാങ്കേതികമായ പിന്തുണ കര്‍ഷകര്‍ക്ക് കൃഷിഭൂമിയില്‍ ലഭ്യമാകുന്നില്ലെന്നതാണ് യഥാര്‍ഥത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നം. പോളിഹൗസ് കൃഷിരീതിയെക്കുറിച്ച് കൃഷി ഓഫീസര്‍മാര്‍ക്ക് ശരിയായ ധാരണ ഇല്ല. സാധാരണ ഏതൊരു കര്‍ഷകനും കൃഷിഭൂമിയില്‍ ചെയ്യേണ്ട ജൈവ രീതികളെക്കുറിച്ചുള്ള ഉപദേശങ്ങളാണ് അവര്‍ തരുന്നത്. ' ഇത് പോള്‍സന്റെ അനുഭവം.

പോളിഹൗസില്‍ എങ്ങനെ കൃഷി ചെയ്യാം ? കേരളത്തിലെ കാലാവസ്ഥയിലുള്ള വ്യത്യാസമെന്താണ്? ഇത്രയും വലിയ സംവിധാനത്തില്‍ ചൂട് കുറയ്ക്കാനുള്ള മാര്‍ഗങ്ങളെന്തൊക്കെയാണ്? ഇതിനെക്കുറിച്ചൊന്നും ആര്‍ക്കും വ്യക്തമായി പറഞ്ഞുതരാന്‍ കഴിയുന്നില്ല. പരിചയമില്ലാത്തവര്‍ കൃഷി ചെയ്യുന്നതുകൊണ്ടാണ് നഷ്ടം സംഭവിക്കുന്നതെന്ന വാദമാണ് ഉദ്യോഗസ്ഥര്‍ നിരത്തുന്നത്. അതുപോലെത്തന്നെ കര്‍ഷകര്‍ അധ്വാനിക്കാന്‍ തയ്യാറല്ല, സബ്‌സിഡി കിട്ടാന്‍ വേണ്ടി പോളിഹൗസില്‍ കൃഷി ചെയ്യുന്നുവെന്നൊക്കെയുള്ള ആരോപണങ്ങളാണ് കാര്‍ഷിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

മട്ടുപ്പാവില്‍ പോളി ഹൗസ് ചെയ്യുന്നത് വിഡ്ഡിത്തം

പോള്‍സണ്‍ ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്.  കാര്‍ഷിക സര്‍വകലാശാലയില്‍ അഞ്ച് വര്‍ഷമായി പരിശീലനം നടത്തുന്നുണ്ട്. വാസ്തവത്തില്‍ എന്തു പരിശീലനമാണ് അവിടെ നടക്കുന്നത്? പോളി ഹൗസ് കൃഷിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ അവരുടെ ഏതെങ്കിലും റെക്കമന്റേഷന്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ടോ? ഇവിടെ കാര്യമായി ഒരു റിസര്‍ച്ചും നടന്നിട്ടില്ല.

അടുക്കളയില്‍ പോളി ഹൗസ് ചെയ്യാം, ടെറസിന്റെ മുകളില്‍ ചെയ്യാമെന്നൊക്കെ പറയുന്നത് വിഡ്ഡിത്തമാണ്. കൃത്യമായി വ്യാവസായികാടിസ്ഥാനത്തില്‍ ചെയ്യേണ്ട കൃഷിയാണ് ഇത്. പോളിഹൗസ് ഒരിക്കലും അടുക്കളത്തോട്ടമായി ചെയ്യാന്‍ കഴിയില്ല. മഴമറയില്‍ എല്ലാ വിളവുകളും ചെയ്യാം. എന്നാല്‍ പോളി ഹൗസില്‍ ചില നിയന്ത്രണങ്ങളുണ്ട്. പോളിഹൗസില്‍ രൂപപ്പെടുന്ന മൈക്രോ ക്ലൈമറ്റ് നമുക്ക് അനുകൂലമാക്കി എടുക്കാനുള്ള സംവിധാനം വേണം. ഫെര്‍ട്ടിഗേഷന്‍ ഷെഡ്യൂള്‍ തന്നെ പോളി ഹൗസിന് അനുകൂലമാക്കി മാറ്റിയിട്ടില്ല. 

പോളിഹൗസ് കൃഷി ഇവിടെ വരേണ്ടത് അത്യാവശ്യമാണ്. കൂട് ഉണ്ടാക്കാന്‍ വേണ്ടി ഒരുപാട് ഫണ്ട് അനുവദിക്കുന്നതില്‍ കാര്യമില്ല. പ്ലാന്റ് ഫിസിയോളജിയും ഘടനയും താപനിലയുമൊക്കെയായി ബന്ധപ്പെട്ട്  വളരെ വിദഗ്ദ്ധരായ ആളുകളടങ്ങിയ ഒരു ഗ്രൂപ്പില്‍ കര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തി വേണം പോളിഹൗസ് കൃഷിയുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തുടക്കത്തില്‍ കീടങ്ങളുടെ ആക്രമണം കുറവായിരിക്കുമെന്നതുകൊണ്ട് പലര്‍ക്കും മികച്ച വിളവ് കിട്ടും. അവരുടെയൊക്കെ പോളിഹൗസ് ഫാമുകള്‍ കാലങ്ങളായി അടഞ്ഞു കിടക്കുന്ന അവസ്ഥയാണ്.

പണമുള്ള കുറച്ച് ആളുകളുടെ തമാശയായി പോളി ഹൗസ് കൃഷി മാറുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ആളുകള്‍ക്ക് പരസ്പരം കളിയാക്കാനുള്ള ഒരു മാര്‍ഗമായി മാറുമെന്നും ഇങ്ങനെ പോയാല്‍ കേരളത്തിലെ കാര്‍ഷിക രംഗം തകരുമെന്നും സൂചിപ്പിക്കുകയാണ് പോള്‍സണ്‍.  

നമ്മുടെ പോളി ഹൗസുകള്‍ ഹൈടെക് അല്ല : രാം കുമാര്‍ 

RAM KUMAR
രാം കുമാര്‍

ബാംഗഌരിലെയും തമിഴ്‌നാട്ടിലെയും പോളിഹൗസുകള്‍ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ നാമമാത്രമായി ചെയ്യുന്ന പദ്ധതിയായാണ് ഹൈടെക് കര്‍ഷകനായ രാംകുമാര്‍ എളനാട് പറയുന്നത്. നമ്മുടെ പോളിഹൗസുകള്‍ ഹൈടെക് അല്ല. പോളി ഹൗസ് കൃഷി വന്നപ്പോള്‍ മാന്‍,മയില്‍ എന്നിവയില്‍ നിന്നും കൃഷിക്ക് സംരക്ഷണം കിട്ടിയെന്നത് വാസ്തവമാണ്. കീടങ്ങളുടെ ശല്യം വര്‍ഷം ചെല്ലുന്തോറും കൂടിക്കൂടി വരികയാണ്. കൃഷി ഭവന്‍ ഇക്കാര്യത്തില്‍ നല്‍കുന്ന പരിശീലനം വിജയമല്ലെന്ന സൂചന കൂടിയാണ് ഈ കര്‍ഷകന്റെ വാക്കുകളില്‍.

കര്‍ഷകര്‍ അവരുടെ  താത്പര്യപ്രകാരം സ്വന്തം രീതികളിലൂടെ പോളി ഹൗസ് കൃഷി ചെയ്തു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ചിലര്‍ക്ക് ലാഭം കിട്ടുന്നു. ചിലര്‍ക്ക് നഷ്ടമാണ്. ഹൈടെക് കൃഷി സര്‍ക്കാര്‍ നേരിട്ട്് ചെയ്യുന്ന പദ്ധതിയാകണം. പല കാര്യങ്ങള്‍ക്കു വേണ്ടിയും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഇതില്‍ ഇടനിലക്കാര്‍ ഉണ്ടായാല്‍ അവര്‍ കര്‍ഷകരെ കബളിപ്പിക്കും. കീടങ്ങള്‍ ദിവസവും ഇരട്ടിക്കുന്നതു കൊണ്ട് ദിവസവും ശ്രദ്ധയോടെ നിരീക്ഷിക്കണം. നമ്മള്‍ പുറത്ത് പറമ്പില്‍ ചെയ്യുന്ന കൃഷിയേക്കാള്‍ നിരീക്ഷണം ആവശ്യമായതാണ് പോളി ഹൗസ്. 

എട്ടര ലക്ഷം ലോണെടുത്തു; തിരിച്ചടയ്ക്കാനുള്ള മൂല്യം കൃഷിയില്‍ നിന്ന് കിട്ടുന്നില്ല : ഒ.ജെ ഫ്രാന്‍സിസ്

AGRICULTURE
ഫ്രാന്‍സിസ്‌

തൃശൂര്‍ ജില്ലയിലെ കൊരട്ടി ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ പോളിഹൗസ് കര്‍ഷകനാണ് ഒ. ജെ ഫ്രാന്‍സിസ്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് പോളിഹൗസ് കൃഷിയില്‍ പരിശീലനം ലഭിച്ച ആദ്യത്തെ വ്യക്തിയായ ഫ്രാന്‍സിസ് എട്ടര ലക്ഷം ചെലവഴിച്ചാണ് പോളിഹൗസ് പണിതത്. ഈ കര്‍ഷകന്റെ വാക്കുകള്‍ കേട്ടുനോക്കൂ, 'മറ്റ് സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിക്കൊണ്ടിരിക്കുന്നു. എന്നാല്‍ കേരളത്തില്‍ അങ്ങനെയൊരു ചിന്താഗതി പോലും വന്നിട്ടില്ല. എട്ടര ലക്ഷം രൂപ ലോണെടുത്താണ് ഞാന്‍ കൃഷി തുടങ്ങിയത്. അത് തിരിച്ചടയ്ക്കാനുള്ള മൂല്യം ഈ കൃഷിയില്‍ നിന്ന് കിട്ടുന്നില്ല.'

കേരളത്തിന് അനുയോജ്യമായ പോളിഹൗസ് മാത്യക കണ്ടെത്തിയിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഇസ്രായേലിലെ പോളിഹൗസ് മാതൃകയാണ് നമ്മള്‍ ഇവിടെ പിന്തുടരുന്നത്. പോളി ഹൗസിനുള്ളില്‍ തേനീച്ചയെ കടത്തി വിട്ടിട്ടുള്ള പോളിനേഷന്‍ വിജയമല്ലെന്നും ഫ്രാന്‍സിസ് പറയുന്നു. പയര്‍, വെണ്ട, മുളക്, വെള്ളരി എന്നിവയും ഇലക്കറികളില്‍ ഏതും പോളിഹൗസിനുള്ളില്‍ ഭംഗിയായി ചെയ്യാമെന്ന് ഫ്രാന്‍സിസ് വ്യക്തമാക്കുന്നു.

 ഉഷ്ണമേഖല പ്രദേശങ്ങളില്‍ പറ്റിയ കൃഷി രീതി: തോമസ്THOMAS

'ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ് ഗള്‍ഫില്‍ ജോലി ചെയ്ത് തിരിച്ചു വന്നതാണ് ഞാന്‍. ആറ് പശുക്കളും പത്ത്  ആടുകളും ഉണ്ടായിരുന്നു. ഈ കൃഷിയെക്കുറിച്ച് കേട്ടപ്പോള്‍ സ്വന്തം രീതിയില്‍ പോളി ഹൗസ് പണിതു. അത് കഴിഞ്ഞപ്പോള്‍ സബ്‌സിഡി ഉണ്ടെറിഞ്ഞു. അപ്പോള്‍ അപേക്ഷ നല്‍കി. ആദ്യത്തെ രണ്ടു പ്രാവശ്യം നല്ല വിളവ് ലഭിച്ചു. മൂന്നാമത്തെ ഘട്ടത്തില്‍ കീടങ്ങള്‍ ബാധിച്ച് കൃഷി പരാജയമായി'. പരാജയത്തിന്റെ കയ്പുനീര്‍ അനുഭവിച്ചറിഞ്ഞ കര്‍ഷകനായ തോമസിന്റെ വാക്കുകള്‍

പോളി ഹൗസ് രീതിയില്‍ ചീര കൃഷി ചെയ്യാന്‍ പാടില്ലെന്ന് പറയുന്നുണ്ടെങ്കിലും തോമസ് ഗ്രോബാഗുകളില്‍ ചീര വളര്‍ത്തി. ഇലക്കറികളും മുളകുമാണ് കൂടുതലുള്ളത്. ഏറ്റവും നല്ല ലാഭം തൈ മുളപ്പിച്ച് വില്‍ക്കുന്നതാ
ണ്. പയര്‍ എല്ലായ്‌പ്പോഴും കൃഷി ചെയ്യാം. നാടന്‍ പയര്‍ ആണ് ഏറ്റവും നല്ലത്. വഴുതനങ്ങയ്ക്കും ഇവിടെ നല്ല വിളവാണ്. പക്ഷേ മാര്‍ക്കറ്റില്ല. പയറിനും വെള്ളരിക്കയ്ക്കുമാണ് വിപണിയില്‍ ഡിമാന്റുള്ളത്. രാസവളമില്ലാതെ പോളിഹൗസ് കൃഷി വിജയിക്കില്ല. പത്ത് സെന്റില്‍ പോളിഹൗസ് കൃഷി നടത്തിയാല്‍ കിട്ടുന്ന വിളവ് സാധാരണ കൃഷിരീതിയില്‍ ഒരേക്കറില്‍ കൃഷി ചെയ്താല്‍ മാത്രമേ കിട്ടുകയുള്ളു. ആട് തിന്നാത്ത ഇലകള്‍, പപ്പായ ,പെരുവലം, തുമ്പ ,ഉമ്മം എന്നിവയെല്ലാം പശുവിന്റെ മൂത്രത്തില്‍ അടിച്ചു ചേര്‍ത്താല്‍ മറ്റൊരു കീടനാശിനിയും ആവശ്യമില്ലെന്ന് തോമസ് അനുഭവത്തില്‍നിന്ന് വെളിപ്പെടുത്തുന്നു. 

പോളിഹൗസ് കൃഷിയെക്കുറിച്ച് കാര്‍ഷിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥന്‍മാര്‍ക്ക് വലിയ ധാരണയില്ലെന്നും കേരളത്തില്‍ ഈ കൃഷി പരാജയമാണെന്നുമാണ് ഇവര്‍ ഓരോരുത്തരും പറയുന്നത്. കേരളത്തിന് അനുയോജ്യമായ ഒരു സാങ്കേതിക വിദ്യ കണ്ടെത്തണമെന്ന് ഇവര്‍ വ്യക്തമാക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്? കേരളത്തിന് മാത്രമായി ഒരു സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ അവര്‍ക്ക് കഴിയുമോ?  (തുടരും)

Read more

Part 2 - യുവാക്കളെ കാര്‍ഷികരംഗത്തേക്ക് ആകര്‍ഷിച്ചത് ഹൈടെക് കൃഷി: ഡോ.പി.സുശീല.

Part 3 - ഇത് വിജയന്റെ ഹൈടെക് വിജയം; പരാജയപ്പെട്ടവര്‍ക്ക് ഒരു പാഠം

PART 4- രാസവളമില്ലാതെയും കൃഷി ചെയ്യാം; പക്ഷേ സാങ്കേതിക വിദ്യ പ്രയോഗിക്കണം