ഹൈടെക് കൃഷി യഥാര്‍ഥത്തില്‍ പരാജയമാണോ? സംസ്ഥാനസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച ഹൈടെക് കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ടി.വി വിജയന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് . മൈസൂരില്‍ 30 കോടി രൂപ മുടക്കി രാജ്യത്തെ ഏറ്റവും വലിയ ഹൈടെക് പച്ചക്കറിത്തോട്ടമുണ്ടാക്കുകയാണ് കണ്ണൂരിലെ കൊളച്ചേരി സ്വദേശിയായ വിജയന്‍. കേരളത്തില്‍ പോളിഹൗസ് കൃഷിക്ക് ഒരേക്കറിനായി സബ്‌സിഡി നല്‍കുമ്പോള്‍ മൂന്നര ഏക്കറിലാണ് വിജയന്‍ മൈസൂരില്‍ കൃഷി ചെയ്യുന്നത്‌.

എന്തുകൊണ്ട് പോളി ഹൗസ് കൃഷി പരാജയപ്പെടുന്നു?

ആദ്യത്തെ രണ്ടു വിളവെടുപ്പ് കഴിഞ്ഞാല്‍ പിന്നെ കീടങ്ങളുടെ ആക്രമണത്താല്‍ കൃഷി പരാജയമാണെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് വിജയന്‍ നല്‍കുന്നത്. 'ആദ്യത്തെ വിളവെടുപ്പ് നന്നായി നടന്നിട്ടുണ്ടെങ്കില്‍ കൃഷി ചെയ്യുന്നവരുടെയും ആവശ്യമായ സാങ്കേതിക പരിജ്ഞാനം നല്‍കുന്നവരുടെയും തകരാറു കൊണ്ടുതന്നെയാണ്‌  രണ്ടാമത്തെ വിളവ് നന്നാകാത്തത്. മണ്ണിനെ ദുരുപയോഗം ചെയ്യുതിന്റെ ഫലമായാണ് കൃഷി പരാജയപ്പെടുന്നത്. 15 ഏക്കറോളം സ്ഥലത്ത് പോളി ഹൗസ് കൃഷി ചെയ്യാന്‍ കഴിയുമെങ്കില്‍ മാത്രം കര്‍ഷകര്‍ ഈ കൃഷിയിലേക്ക് ഇറങ്ങിപ്പുറപ്പെട്ടാല്‍ മതി. അതായത് 60,000 ചതുരശ്ര മീറ്റര്‍ സ്ഥലം വേണം. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലുള്ള സ്ഥലമാണ് കൃഷിക്ക് യോജിച്ചത്. ഒന്നും രണ്ടും ഏക്കറില്‍ കൃഷി ചെയ്താല്‍ പരാജയമായിരിക്കും ഫലം. അഞ്ചോ പത്തോ കോടി രൂപ കൈയിലുണ്ടെങ്കിലേ പോളി ഹൗസ് കൃഷി വിജയിക്കുകയുള്ളു. കേരളത്തില്‍ പോളി ഹൗസ് കൃഷി തുടങ്ങിയിട്ട് ഏതാണ്ട് 10 വര്‍ഷം ആയതേയുള്ളു .എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏതാണ്ട് 50 വര്‍ഷത്തോളമായി പോളി ഹൗസ് കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ട്'.

പോളി ഹൗസില്‍ കീടങ്ങള്‍ ക്രമാതീതമായി പെരുകുമെന്നും ആവശ്യമായ കീടനിയന്ത്രണ മാര്‍ഗങ്ങളുണ്ടെന്നും ഓര്‍മിപ്പിക്കുകയാണ് വിജയന്‍. അതുപോലെ തന്നെ ഹ്യുമിഡിറ്റി നിയന്ത്രിക്കാനുള്ള സ്‌പ്രേയും ഉണ്ട്. കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പോളി ഹൗസ് ഉണ്ടാക്കി  തക്കാളി നട്ടാല്‍ പ്രയോജനമുണ്ടാകില്ല. എന്നാല്‍ മൈസൂരില്‍ നന്നായി വിളവെടുക്കാന്‍ പറ്റുന്നതാണ് തക്കാളി. വിജയന്റെ പോളിഹൗസ് ഫാമില്‍ നാല് ലക്ഷത്തോളം ചെടികളുണ്ട്. മൂന്ന് വ്യത്യസ്ത ഇനത്തിലുള്ള കാപ്‌സിക്കം, ചെറി തക്കാളി എന്നിവയും ഉണ്ട്. 29 കോടി രൂപ പോളി ഹൗസ് കൃഷിക്കായി വിജയന്‍ ചെലവഴിച്ചു കഴിഞ്ഞു. കൃഷിയില്‍ നിന്ന്  ലാഭം തന്നെയാണ് ഉണ്ടായിട്ടുള്ളതെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 

പോളി ഹൗസില്‍ പച്ചക്കറികള്‍ വിളയുന്നത് കൂട്ടിനുള്ളിലാണ്. മഴക്കാലത്തും കൃഷി ചെയ്യാന്‍ കഴിയും.പുറത്ത് സുലഭമായി കൃഷി ചെയ്യാന്‍ കഴിയുന്ന സമയത്തും പോളി ഹൗസില്‍ കൃഷി ചെയ്യാം. അങ്ങനെയുള്ള സമയത്ത് പോളിഹൗസില്‍ 30,000 രൂപ ചെലവഴിച്ച് കൃഷി ചെയ്യുന്ന പച്ചക്കറികള്‍ മാര്‍ക്കറ്റിലെത്തുമ്പോള്‍ പ്രതീക്ഷിച്ച വില ലഭിക്കില്ല. 

പോളിഹൗസില്‍ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളും സാധാരണ പുറത്ത് മണ്ണില്‍ കൃഷി ചെയ്യുന്ന പച്ചക്കറികളും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടൊണ് വിജയന്‍ പറയുന്നത്. ഒരു ഫിയറ്റ് കാറും ബി എം ഡബ്ലൂ കാറും തമ്മിലുള്ള വ്യത്യാസമാണ് പച്ചക്കറികളുടെ വലിപ്പത്തിലും രൂപത്തിലും.

agriculture

മൈസൂരിലെ ഹൈടെക് കൃഷി

മൈസൂരിലെ ചാമരാജ് നഗര്‍ ജില്ലയിലെ ഹൂരിലാണ് പോളിഹൗസ് കൃഷിക്കുള്ള സ്ഥലം വിജയന്‍ കണ്ടെത്തിയത്. വെള്ളം കെട്ടിനില്‍ക്കാത്ത കുന്നിന്‍പുറത്താണ് കൃഷി. 72 ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്. 38 ഏക്കറില്‍ ഗ്രീന്‍ഹൗസ് കൃഷിയാണ്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ 72,000 ചതുരശ്ര മീറ്ററിലായിരുന്നു കൃഷി. 2016 ഏപ്രില്‍ 27 നായിരുന്നു ആദ്യം വിത്തിട്ടത്. ഒക്ടോബറില്‍ ആദ്യ വിളവെടുപ്പ് നടത്തി. കൊച്ചിയില്‍ നിന്ന് 40 അടിയുള്ള കണ്ടെയ്‌നര്‍ തോട്ടത്തിലെത്തിയാണ് സാധനങ്ങള്‍ കൊണ്ടുപോയിരുന്നത്.

ആദ്യ ഘട്ടത്തില്‍ വിളവെടുപ്പില്‍ ലഭിച്ച പച്ചക്കറികളില്‍ നിന്ന് ഒരു കണ്ടെയ്‌നര്‍ പച്ചക്കറി ദുബായിലെത്തിച്ച് വില്‍പ്പന നടത്തി. കൃഷി ലാഭകരമാണെ് മനസ്സിലായതോടെ 76,000 ചതുരശ്ര മീറ്റര്‍ ഗ്രീന്‍ഹൗസ് കൂടി നിര്‍മിച്ചു. 14,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പോളിഹൗസിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്.

hi-tech farming

ഒരു കൃഷിക്കാരന്‍ ജനിക്കുന്നു

കര്‍ണാടകയിലെ പുത്തൂരില്‍ കല്ലുചെത്തു തൊഴിലാളിയായിരുന്നു വിജയന്‍.എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി. ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ നിന്ന് കരകയറാന്‍ 1979 ല്‍ ദുബായിലെത്തി. ദേരയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ലോഡിറക്കലും കയറ്റലുമായിരുന്നു ജോലി. 18 മണിക്കൂറായിരുന്നു ജോലി. രണ്ടോ മൂന്നോ ദിര്‍ഹമായിരുന്നു ദിവസക്കൂലി. ചാക്കില്‍ കിടന്നുറങ്ങിയ നാളുകള്‍.

വേറെ പണി നോക്കുന്നതിനു പകരം സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞത് പച്ചക്കറിച്ചന്തയിലുള്ള ഗംഗാധരന്‍ എന്ന വ്യക്തിയായിരുന്നു. അങ്ങനെ 28 പെട്ടി തക്കാളി വാങ്ങി തുടച്ച് വൃത്തിയാക്കിയശേഷം പച്ചക്കറി മാര്‍ക്കറ്റിനടുത്ത് തെരുവു കച്ചവടക്കാരനായി. ഒരുദിവസം 30 ദിര്‍ഹംവരെ മിച്ചം കിട്ടി. ഇന്ന് മിഡില്‍ ഈസ്റ്റിലെ ഏറ്റവും പേരുകേട്ട പച്ചക്കറി വില്പനക്കാരുടെ കൂട്ടത്തിലുള്ള 'അബ്ദുള്ള ഖാദിര്‍ ഫുഡ് സ്റ്റഫ്' എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് വിജയന്‍.hi-tech

റാസല്‍ഖൈമയിലും മസ്‌കറ്റിലുമായി 950 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുകയാണ് ടി.വി.വിജയന്റെ ഹൈടെക് പച്ചക്കറി തോട്ടം. വാര്‍ഷിക വിറ്റുവരവ് 200 കോടിയിലേറെ രൂപയാണ്. ഭാര്യ രജനി, മക്കളായ അശ്വതി, അഞ്ജലി, മരുമക്കളായ ശരത്, ആദിത്യ, കൊച്ചുമക്കളായ താഷ, നീല്‍ എന്നിവര്‍ക്കൊപ്പം ദുബായിയിലാണ് വിജയന്‍ സ്ഥിരതാമസം. 

മിതമായ രാസവളമില്ലാതെ കൃഷി വിജയിക്കുകയില്ല

മിതമായ രീതിയില്‍ രാസവളം ഉപയോഗിക്കാതെ പോളി ഹൗസ് കൃഷി വിജയകരമായ രീതിയില്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയില്ല. അത്യുത്പാദന ശേഷിയുള്ള കൃഷിയില്ലെങ്കില്‍ ജനസംഖ്യ പെരുകുമ്പോള്‍ ആളുകള്‍ തിന്നാനില്ലാതെ തമ്മിലടിച്ചു മരിക്കും. കാലത്തിന്റെ മാറ്റമാണ് വിജയന്റെ വാക്കുകളില്‍ തെളിയുന്നത്, ' വിത്തില്‍ നിന്ന് വിത്തെടുത്തുവെച്ച് ഞാറ്റുവേല കാലാവസ്ഥയെ ആശ്രയിച്ച് ഭൂമിപൂജ ചെയ്ത് കൃഷി നടത്തിയിരുന്ന ആ കാലഘട്ടം വിസ്മൃതിയിലാണ്ടു കഴിഞ്ഞു. ഇങ്ങനെ വിത്തിറക്കി ഉണ്ടാക്കുന്ന ചെടിയില്‍ നിന്ന്  ഒന്നോ രണ്ടോ വിത്ത് മാറ്റിവെച്ച് വീണ്ടും വിളവിറക്കാനായി കൊണ്ടു പോകുന്ന സാഹചര്യമൊക്കെ വേരറ്റു പോയി. ഇന്ന് ഷോപ്പില്‍ പോയി പാക്കറ്റില്‍ വിത്തുകള്‍ വാങ്ങിക്കൊണ്ടു വന്നാണ് കൃഷി ചെയ്യുന്നത്. പൈതൃകം നഷ്ടപ്പെടുത്തിയ വിത്തുകളാണ് നമുക്ക് ലഭിക്കുന്നത്. ഒരു ദിവസം 40 ലിറ്റര്‍ പാല്‍ ലഭിക്കുന്ന പശുവില്‍ നിന്നും വെറും വെള്ളനിറത്തിലുള്ള പച്ചവെള്ളം മാത്രമാണ് ഇന്ന്‌ നമുക്ക് ലഭിക്കുന്നത്. അര ലിറ്ററോ മുക്കാല്‍ ലിറ്ററോ അമൃത് പോലുള്ള പാല്‍ ഒരു ദിവസം കിട്ടിയിരുന്ന പശുക്കള്‍ നമുക്കുണ്ടായിരുന്നു. അതൊന്നും ഇന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല'

ജപ്പാനില്‍ ഒരു കിലോ ജൈവ തക്കാളിക്ക് എട്ട് ഡോളര്‍

ജൈവകൃഷി നിലനില്‍ക്കുന്നതാണെന്ന് ഓര്‍മിപ്പിക്കുകയാണ് വിജയന്‍. മൈസൂരില്‍ തനിക്കുണ്ടായ ഒരു അനുഭവമാണ് ഇദ്ദേഹം വെളിപ്പെടുത്തുന്നത്.

' മൈസൂരില്‍ സ്ഥലം നോക്കി നടക്കുകയായിരുന്നു. ഒരേക്കറില്‍ തക്കാളിയും ഒരേക്കറില്‍ തുമ്പപ്പൂ പോലത്തെ എന്തോ ഒരു പൂക്കളും കൃഷി ചെയ്യുന്ന ഒരു സ്ഥലം ഞാന്‍ കണ്ടു. ഒരു തരം ശുഷ്‌കിച്ച ചെടികളാണ് തോട്ടത്തിലുള്ളത്. ഓരോ തക്കാളിയിലും അഞ്ചോ എട്ടോ തക്കാളികളുണ്ട്. മിക്കവാറും എല്ലാം പുഴുകുത്തിയിട്ടുണ്ട്. ഒരു ഭാര്യയും ഭര്‍ത്താവുമാണ്  വെള്ളം ഒഴിക്കുന്നത്. അവരുടെ മുഖത്ത് നല്ല സന്തോഷമാണ്. ചെടികള്‍ ഒട്ടും ആരോഗ്യമില്ലാത്തതുമാണ്. എന്തിനാണ് ഇവര്‍ ഇങ്ങനെ കൃഷി ചെയ്യുതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ജീപ്പില്‍ നിന്ന് രണ്ടുപേര്‍ വന്ന് അവരോട് എന്തൊക്കെയോ സംസാരിച്ചു. തക്കാളിച്ചെടിയില്‍ നിന്ന് വിത്തുകള്‍ ജപ്പാനിലേക്ക് കൊണ്ടുപോകുകയാണ് അവര്‍. ഒരു രാസവളവും കീടനാശിനിയുമില്ലാത്ത മണ്ണിന്റെ മാത്രം ഗുണമുള്ള ജൈവ തക്കാളി. ഒരു കിലോ തക്കാളിക്ക് ഏറ്റവും ചുരുങ്ങിയത് 100 രൂപയാണ് വില. ജപ്പാനില്‍ ഇത്തരത്തിലുള്ള ഒരു കിലോ തക്കാളിക്ക് അഞ്ചോ എട്ടോ ഡോളര്‍ ആണ് വില. അവിടെ ഇത്രയും വില കൊടുത്ത് ജൈവതക്കാളി വാങ്ങിത്തിന്നാന്‍ ആളുകള്‍ തയ്യാറാണ്. കേരളത്തില്‍ എത്ര പേര്‍ക്ക് ഇത് സാദ്ധ്യമാകും?'

ഗള്‍ഫില്‍ ഇഷ്ടം പോലെ പൈസയുള്ളയാളുടെ വീട്ടില്‍ നൂറ് കണക്കിന് ആടുകളും കോഴിയും പശുക്കളും ഉണ്ട്. ഇവയെ പരിപാലിക്കാന്‍ വലിയ ശമ്പളം കൊടുത്ത് നിര്‍ത്തുന്ന ആളുകള്‍ വേറെയും. ആടുകള്‍ക്ക് തീറ്റി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് പുല്ല് അവര്‍ വീട്ടില്‍ത്തന്നെ വളര്‍ത്തും. എന്നാല്‍ കേരളത്തില്‍ കൃഷി ചെയ്യുന്നത് കര്‍ഷകരെന്ന്‌ വിശേഷിപ്പിക്കപ്പെടുവര്‍ മാത്രമാണ്. ഈ അവസ്ഥ മാറണം. 

ഈ ഹൈടെക് കര്‍ഷകന്‍ കാലം മാറുന്നതിനനുസരിച്ച്‌ മാറുന്ന മനോഭാവത്തെക്കുറിച്ചുമാണ് ഇവിടെ വ്യക്തമാക്കുന്നത്. ' 1979 ലാണ് ഞാന്‍ കണ്ണൂരില്‍ നിന്ന് ഗള്‍ഫിലേക്ക് പറക്കുന്നത്. എന്റെ നാടായ കരിങ്കല്‍ക്കുഴി വിട്ടു കടന്നുപോകുമ്പോള്‍ വഴിയില്‍ കാണുന്ന മരങ്ങളും പുഴയുമെല്ലാം ഇനി എന്നാണ് കാണാന്‍ കഴിയുക എന്ന വിഷമമായിരുന്നു അന്ന്. എന്നാല്‍ ഇന്ന് ഞാന്‍ ചിന്തിക്കുന്നത് എങ്ങനെയാണ് മറ്റന്നാള്‍ രാവിലെ ഗള്‍ഫിലേക്ക് പോകാന്‍ കഴിയുന്നതെന്നാണ്‌. ഇനി എന്നു കാണുമെന്ന കാഴ്ചപ്പാടിനു വരെ മാറ്റം സംഭവിച്ചു കഴിഞ്ഞു.'

മിതത്വമാണ് എല്ലാക്കാര്യത്തിലും നമുക്കാവശ്യം. മിതത്വത്തില്‍ നിന്ന് ലാഭേച്ഛയിലേക്ക് തിരിയുമ്പോള്‍ അപകടം സംഭവിക്കുമെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ ഹൈടെക് കര്‍ഷകന്‍.  (തുടരും)

Read more

PART 1 - കേരളത്തില്‍ കൃഷി ഹൈടെക് ആയി; എന്നാല്‍ കര്‍ഷകരോ?

PART 2 - യുവാക്കളെ കാര്‍ഷികരംഗത്തേക്ക് ആകര്‍ഷിച്ചത് ഹൈടെക് കൃഷി: ഡോ.പി.സുശീല

PART 4 - രാസവളമില്ലാതെയും കൃഷി ചെയ്യാം; പക്ഷേ സാങ്കേതിക വിദ്യ പ്രയോഗിക്കണം