തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ആണ് കേരളത്തിലെ ഓരോ ജില്ലയിലും പോളി ഹൗസ് ഫാമുകള്‍ നിര്‍മിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്. കേരളത്തില്‍ ആകെ 554 പോളിഹൗസുകളുണ്ട്. 21 ഡെമോണ്‍സ്‌ട്രേഷന്‍ യൂണിറ്റുകള്‍ പല ജില്ലകളിലുമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സ്ഥാപിച്ചിട്ടുണ്ട്.  ഓരോ ജില്ലയിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കര്‍ഷകരുടെ എണ്ണം അതാത് ജില്ലയിലെ ജില്ലാ കൃഷിഭവനുകളില്‍ നിന്നും ഹോര്‍ട്ടികള്‍ച്ചര്‍ മിഷനില്‍ എത്തുന്നു. അവിടെ നിന്നാണ് ഓരോ ജില്ലയിലും പോളിഹൗസുകള്‍ നിര്‍മിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.

2012-13 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഹൈടെക് കൃഷി പദ്ധതിയില്‍ പച്ചക്കറി,പുഷ്പങ്ങള്‍ എന്നിവയുടെ ഉത്പാദന വര്‍ദ്ധനവിനായി ഗ്രീന്‍ഹൗസുകള്‍ ( നാച്യുറലി വെന്റിലേറ്റഡ് ട്യൂബുലാര്‍ സ്ട്രക്ചര്‍ പോളി ഹൗസുകള്‍) സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 

കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്ന കാരണത്താല്‍ കാര്‍ഷികവിളകളുടെ ഉത്പാദനം കുറയുന്ന കേരളത്തിന് ആശ്വാസമെന്ന നിലയിലാണ് ഹൈടെക് സാങ്കേതിക വിദ്യ നടപ്പിലാക്കിയത്. 2012-13 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ ഹൈടെക് ഫാമിങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ മുഖേന 400 മുതല്‍ 4000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള പോളിഹൗസ് നിര്‍മിക്കുന്നതിന് ചെലവിന്റെ 75% തുക ധനസഹായമായി നല്‍കി വരുന്നുവെന്നാണ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ അറിയിക്കുന്നത്.

agriculture

14 ജില്ലകളിലെയും
പോളിഹൗസുകളുടെ എണ്ണം
 
ജില്ല

എണ്ണം
തിരുവനന്തപുരം 50
കൊല്ലം 24
പത്തനംതിട്ട 25
ആലപ്പുഴ 26
കോട്ടയം- 23
ഇടുക്കി 71
എറണാകുളം 77
തൃശൂര്‍ 62
പാലക്കാട് 37
മലപ്പുറം 38
കോഴിക്കോട് 30
വയനാട് 41
കണ്ണൂര്‍ 22
കാസര്‍ഗോഡ് 7

മലയോര പ്രദേശങ്ങളില്‍ ഈ നിരക്കിന്റെ 15% അധിക ധനസഹായമായി നല്‍കി വരുന്നു. കേരളത്തിലുള്ള 554 പോളിഹൗസുകള്‍ക്കായി 846.39 ലക്ഷം രൂപ സംസ്ഥാന വിഹിതമായി ചെലവഴിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഹൈടെക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ള പോളിഹൗസുകളുടെ അറ്റകുറ്റപ്പണികള്‍ക്കും മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിനും 80 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികളെല്ലാം കൃഷി ഭവന്‍ വഴിയാണ് നടപ്പിലാക്കുന്നത്. ഇതിനായുള്ള അപേക്ഷകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും കൃഷിയിടം സ്ഥിതി ചെയ്യുന്നപരിധിയിലെ കൃഷി ഭവനിലോ ജില്ലാ കൃഷി ഓഫീസില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ഹോര്‍ട്ടികള്‍ച്ചര്‍) മുമ്പാകെയോ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസിലോ നേരിട്ട് ബന്ധപ്പെടുകയാണ് ചെയ്യുന്നത്.

സാങ്കേതിക വിദ്യ കര്‍ഷകരിലേക്ക്: വി.എസ് . സുനില്‍ കുമാര്‍

VS Sunil Kumar

സാങ്കേതിക വിദ്യ കര്‍ഷകരിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് കൃഷിമന്ത്രി വ്യക്തമാക്കുന്നത്. കേരളത്തില്‍ ഇടുക്കിയിലും പത്തനംതിട്ടയിലുമാണ് ഹൈടെക് കൃഷി കൂടുതല്‍ വിജയിക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 3000 അടി ഉയരത്തിലുള്ള സ്ഥലമാണ് ഇത്തരം കൃഷിക്ക് അനുയോജ്യം. കേരളത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന പോളിഹൗസ് കൃഷിയുടെ സാങ്കേതിക വിദ്യയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്ന അഭിപ്രായം തന്നെയാണ് കൃഷിമന്ത്രിക്കുമുള്ളത്. കര്‍ഷകരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കൃഷി വകുപ്പ് തയ്യാറാണെന്ന് മന്ത്രി സൂചിപ്പിക്കുന്നു.

'കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും യന്ത്രോപകരണങ്ങള്‍ വാങ്ങാനുമെല്ലാം ഉപകരിക്കുന്ന പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്ന് തയ്യാറാക്കിയ ഈ പ്രോജക്റ്റ് ഈ വര്‍ഷം മുതല്‍ കര്‍ഷകരിലേക്കെത്തിക്കും. ആധുനിക സാങ്കേതിക വിദ്യകള്‍ കേരളത്തിലെ കര്‍ഷകരിലേക്ക് എത്തിയിട്ടില്ല. ഈ പോര്‍ട്ടലില്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ഏത് ജില്ലയിലെയും കൃഷിസ്ഥലത്തിലെ മണ്ണിന്റെ പ്രത്യേകത അറിയാന്‍ കഴിയും. കപ്പ കൃഷി നടത്തുന്നവര്‍ക്ക് വില്‍പ്പന നടത്താനുള്ള വിപണി കണ്ടെത്താം. കൃഷി ചെയ്യാനാവശ്യമായ ഉപകരണങ്ങള്‍ വേണ്ടവര്‍ക്ക് പോര്‍ട്ടലില്‍ നിന്നും അത് ലഭിക്കുന്ന സ്ഥലം കണ്ടെത്താം. അങ്ങനെ സാങ്കേതികമായി കര്‍ഷകര്‍ മുന്നോട്ടു വരാനാവശ്യമായ എല്ലാ കാര്യങ്ങളും അതിലുണ്ട്. ' കൃഷിമന്ത്രി പറയുന്നു. 

ഞാനൊരു കര്‍ഷകനാണെന്ന് അഭിമാനത്തോടെ പറയണം

അട്ടപ്പാടി മേഖലയില്‍ ചെറുധാന്യങ്ങള്‍ വിളയിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. കിഴങ്ങു വര്‍ഗങ്ങള്‍, ഇലവര്‍ഗങ്ങള്‍, എന്നിവയെല്ലാം പല സ്ഥലങ്ങള്‍ കണ്ടെത്തി വന്‍തോതില്‍ കൃഷി ചെയ്യാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, വയനാട്, പാലക്കാട് എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഇത്തരത്തിലുള്ള വിളകള്‍ പരിപാലിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

'കൃഷി തകര്‍ന്നാല്‍ നാട് തകരും. കൃഷി സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. കര്‍ഷകന്‍ മാത്രമല്ല കൃഷി ചെയ്യേണ്ടത്. ഭക്ഷണം കഴിക്കുന്നവര്‍ എല്ലാവരും കൃഷിയിലേക്കിറങ്ങാന്‍ ബാധ്യസ്ഥരാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഓരോ മനുഷ്യനും അത് ചിന്തിക്കണം. വിഷമുള്ള പച്ചക്കറികള്‍ കിട്ടുന്നുവെന്ന് പരാതി പറയുന്നതില്‍ അര്‍ഥമില്ല. എല്ലാവരും കൃഷിയിലേക്കിറങ്ങിയാല്‍ അവരവര്‍ക്കാവശ്യമായ ശുദ്ധമായ പച്ചക്കറികള്‍ ഉണ്ടാക്കാമല്ലോ. ഞാനൊരു കര്‍ഷകനാണെന്ന് അഭിമാനത്തോടെ പറയാനുള്ള സാഹചര്യം ഇവിടെയുണ്ടാകണം. ആ രീതിയില്‍ മുന്നോട്ട് പോയാല്‍ മാത്രമേ കൃഷി രക്ഷപ്പെടുകയുള്ളു.' മന്ത്രി ഓര്‍മിപ്പിക്കുന്നു.

കൃഷി ലാഭകരമല്ലെന്ന് മുറവിളി കൂട്ടുന്ന കേരളത്തിലെ കര്‍ഷകരോടും വിഷാംശമുള്ള പച്ചക്കറികളെ കുറ്റപ്പെടുത്തുന്ന ജനങ്ങളോടും കൃഷിമന്ത്രിക്ക് പറയാനുള്ളത് തന്നെയാണ് കാര്‍ഷിക കേരളത്തിലെ ഇന്നത്തെ ചിന്താവിഷയം. (അവസാനിച്ചു)

Read more: 

PART 1:  കേരളത്തില്‍ കൃഷി ഹൈടെക് ആയി; എന്നാല്‍ കര്‍ഷകരോ?

PART 2 : യുവാക്കളെ കാര്‍ഷികരംഗത്തേക്ക് ആകര്‍ഷിച്ചത് ഹൈടെക് കൃഷി: ഡോ.പി.സുശീല

PART 3 : ഇത് വിജയന്റെ ഹൈടെക് വിജയം; പരാജയപ്പെട്ടവര്‍ക്ക് ഒരു പാഠം.

PART 4 :  രാസവളമില്ലാതെയും കൃഷി ചെയ്യാം; പക്ഷേ സാങ്കേതിക വിദ്യ പ്രയോഗിക്കണം