തിനഞ്ച്‌ വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ ബഹ്റൈനില്‍നിന്ന് നാട്ടിലെത്തിയതാണ് കൊച്ചറ കായലില്‍ വീട്ടില്‍ മനു ജോസഫ്, അതിന് നിമിത്തമായത് കോവിഡും. അപ്പോഴാണ് ഏലം കര്‍ഷകര്‍ക്ക് മുതല്‍ക്കൂട്ടാകുന്ന ഒരു യന്ത്രം എന്ന സ്വപ്നം മനസ്സിലെത്തുന്നത്. കര്‍ഷകരുടെ അധ്വാനം ലഘൂകരിക്കാനും വേഗത്തില്‍ തൊഴിലെടുക്കാനും സഹായിക്കുന്ന യന്ത്രത്തിന്റെ നിര്‍മാണത്തിനായി ശ്രമം തുടങ്ങി.

ആറുമാസത്തെ ശ്രമം ഫലംകണ്ടു. തോട്ടങ്ങളില്‍ മണ്ണും വളവും നീക്കാനും കീടനാശിനി തളിക്കാനും കഴിയുന്ന യന്ത്രം യാഥാര്‍ഥ്യമായി. 'എഡ്വിന്‍ അഗ്രോകാര്‍ട്ട്' എന്ന യന്ത്രം പെട്രോള്‍ എന്‍ജിനിലാണ് പ്രവര്‍ത്തിക്കുന്നത്. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രത്തില്‍ കീടനാശിനി തളിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കൃഷിയിടത്തില്‍ എവിടെയുമെത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്പന. 65,000 രൂപയാണ് നിര്‍മാണച്ചെലവ്. യന്ത്രത്തെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ സമീപവാസികളായ കര്‍ഷകര്‍ ആവശ്യമറിയിച്ചിട്ടുണ്ട്.

യന്ത്രത്തിന് പേറ്റന്റ് എടുത്തതോടെ വാണിജ്യാടിസ്ഥാനത്തില്‍ യന്ത്രം നിര്‍മിച്ച് നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യ സംരംഭം വിജയമായതോടെ ഏലത്തോട്ടത്തില്‍ ഇടകിളയ്ക്കുന്നതിനും മണ്ണുവിരിക്കുന്നതിനും മറ്റൊരു യന്ത്രം നിര്‍മിക്കാനുള്ള ആലോചനയിലാണ് ഓട്ടോമൈാബൈല്‍ എന്‍ജിനിയറിങ്ങിലും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനിലും ഡിപ്ലോമയുള്ള മനു.

Content Highlights: Former expatriate with a machine to help cardamom farmers