ചെടി നട്ടശേഷം പ്ലാസ്റ്റിക് കൂടുകള്‍ ഉപേക്ഷിക്കുന്നതുകൊണ്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി വനം വകുപ്പ്. വകുപ്പിന്റെ സെന്‍ട്രല്‍ നഴ്സറികളിലും സോഷ്യല്‍ ഫോറസ്ട്രി നഴ്സറികളിലും തൈകള്‍ നടാന്‍ ഇനി ചകിരിനാരുകൊണ്ടുള്ള കയര്‍ ആര്‍.ടി. (കയര്‍ റൂട്ട് ട്രെയ്നര്‍) മാത്രമേ ഉപയോഗിക്കൂ.

കയര്‍ ആര്‍.ടി.യില്‍ വായു കൂടുതല്‍ ലഭിക്കുന്നതിനാല്‍ വേരുകള്‍ക്ക് കൂടുതല്‍ കരുത്ത് കിട്ടും. തായ് വേര്‌ നന്നായി വളരും. പരീക്ഷണം വിജയമായതോടെ പ്ലാസ്റ്റിക്കിന് പകരം ഘട്ടം ഘട്ടമായി കയര്‍ ആര്‍.ടി.യില്‍ തൈകള്‍ വളര്‍ത്താന്‍ വനം വകുപ്പ് തീരുമാനമെടുത്തു. തുടര്‍ന്ന് കഴിഞ്ഞ മേയ് മുതല്‍ സംസ്ഥാനത്തെ നാല് സെന്‍ട്രല്‍ നഴ്സറികളില്‍ പതിനായിരം എണ്ണം വീതവും സോഷ്യല്‍ ഫോറസ്ട്രി നഴ്സറികളില്‍ അയ്യായിരം എണ്ണവും കയര്‍ ആര്‍.ടി. വാങ്ങി തൈകള്‍ വളര്‍ത്തിത്തുടങ്ങി.

ഒരു കയര്‍ ആര്‍.ടി.ക്ക് അഞ്ച് രൂപയാണ്. പ്ലാസ്റ്റിക് കൂടുകള്‍ക്ക് ഇതിലും വിലകുറയും. എന്നാല്‍ തൈകള്‍ നടുമ്പോള്‍ മണ്ണും വളമടങ്ങിയ മിശ്രിതവും കയര്‍ ആര്‍.ടി.യില്‍ നാലിലൊന്നു മതി. ഒരു തൈയുടെ ഉത്പാദനച്ചെലവ് കയര്‍ ആര്‍.ടി.യില്‍ 13 രൂപയും പ്ലാസ്റ്റിക് കൂടയില്‍ 15 രൂപയുമാകും. ഇത്തരത്തില്‍ വനം വകുപ്പിന് ലക്ഷക്കണക്കിന് രൂപ ലാഭമുണ്ടാകും. 

വനസംരക്ഷണ സമിതികള്‍ മുഖേന കയര്‍ ആര്‍.ടി. കേരളത്തില്‍ നിര്‍മിക്കാനും വനം വകുപ്പിന് പദ്ധതിയുണ്ട്. ഇതു തുടങ്ങിയാല്‍ ഉത്പാദനച്ചെലവ് ഇനിയും കുറയുമെന്ന് ചട്ടിക്കുളം സെന്‍ട്രല്‍ നഴ്സറി റെയ്ഞ്ച് ഓഫീസര്‍ കെ.ആര്‍. വീണാദേവി പറഞ്ഞു.

Content Highlights: Forest Department with Kayar Root Trainer for planting seedlings