ഞ്ച് മിനുട്ടില്‍ 12 കെട്ട് നെല്ല് മെതിക്കും വാളാട് പുലരിപ്പാറയില്‍ വിജയന്റെ മെതിയന്ത്രം. വൈദ്യുതിയോ എണ്ണയോ ഒന്നും യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമില്ല, വേണ്ടത് കൈക്കരുത്ത് മാത്രം. സ്വന്തമായാണ് അറുപതുകാരനായ ഈ കര്‍ഷകന്‍ മെതിയന്ത്രമുണ്ടാക്കിയത്. തന്റെ ഒരേക്കര്‍ പാടത്തെ നെല്ല് മുഴുവന്‍ ഈ യന്ത്രം ഉപയോഗിച്ചാണ് വിജയന്‍ മെതിച്ചത്.

ഒരു വര്‍ഷം മുമ്പാണ് സ്വന്തമായി ഒരു മെതിയന്ത്രം നിര്‍മിക്കണമെന്ന മോഹം ഇദ്ദേഹത്തിന്റെ മനസ്സിലുദിച്ചത്. ഈ ആശയം മികച്ച ജൈവ കര്‍ഷക കൂടിയായ സഹോദരി ദേവലയുമായി പങ്കുവെച്ചു. സാഹചര്യം അനുകൂലമായതോടെ ഈ ലോക്ഡൗണ്‍ കാലത്ത് നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷം ഇദ്ദേഹവും മകന്‍ സുരേഷ്ബാബുവും ചേര്‍ന്ന് യന്ത്രം നിര്‍മിച്ചു. 

കഴിഞ്ഞ വര്‍ഷം നെല്‍ക്കൃഷിയുടെ വിളവെടുപ്പ് സമയത്ത് മഴ പെയ്തതോടെ എല്ലാം വെള്ളത്തിലായിരുന്നു. എങ്കിലും കൊയ്‌തെടുത്ത നെല്ല് മെതിക്കാനായി മെതിയന്ത്രം തേടിയലയേണ്ടിവന്നു. ഒടുവില്‍ വളരെയേറെ ബുദ്ധിമുട്ടിയാണ് യന്ത്രം എത്തിച്ച് നെല്ല് മെതിച്ചെടുത്തത്.

സമയത്തിന് മെതിയന്ത്രം കിട്ടാത്തതിനാല്‍ ഇതിനിടയില്‍ നെല്ല് പാതിയോളം നനഞ്ഞ് നശിച്ചു. ഇനി ഈ അവസ്ഥയുണ്ടാകരുതെന്ന് അന്നേ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് സ്വന്തമായൊരു യന്ത്രമുണ്ടാക്കാന്‍ തീരുമാനിച്ചത്. രണ്ട് മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ഈ യന്ത്രം മരപ്പലകയിലാണ് നിര്‍മിച്ചത്.

ആണി, ഇരുമ്പ് തകിട്, ബെല്‍റ്റ് എന്നിവയാണ് ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചത്. യന്ത്രഭാഗങ്ങള്‍ കഷ്ണങ്ങളായി ഊരിയെടുത്ത് ആവശ്യമുള്ള സ്ഥലത്ത് എത്തിച്ച് ഫിറ്റ് ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മാണം. ചെറിയ ബലത്തില്‍ സ്ത്രീകള്‍ക്കു പോലും വളരെയെളുപ്പത്തില്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

പരമ്പരാഗത നെല്‍ക്കര്‍ഷകരാണ് പുലരിപ്പാറയില്‍ വിജയനും കുടുംബവും. രക്തശാലി, കുങ്കുമ ശാലി, കൊടുവെളിയന്‍, ഓണമൊട്ടന്‍, അയ്യൂട്ടി എന്നീ നെല്‍വിത്തിനങ്ങളാണ് ഇത്തവണ കൃഷി ചെയ്തത്. പല പ്രതിസന്ധികള്‍ ഉണ്ടായിട്ടും പതിറ്റാണ്ടുകളായി തുടരുന്ന നെല്‍ക്കൃഷി ഇതുവരെ മുടക്കിയിട്ടില്ല. മരപ്പണി അറിയാവുന്നതിനാല്‍ യന്ത്രം നിര്‍മിക്കാന്‍ എളുപ്പമായതായി വിജയന്‍ പറഞ്ഞു.

മോട്ടോര്‍ ഫിറ്റ് ചെയ്താല്‍ കൈ കൊണ്ട് കറക്കാതെതന്നെ ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കാം. ചെറിയ കുറവുകള്‍ പരിഹരിച്ച് യന്ത്രം പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Farmer from wayanad built Threshing machine himself