kappa
കപ്പ പറിക്കാനായി താന്‍ നിര്‍മിച്ച ഉപകരണത്തിന്റെ പ്രവര്‍ത്തനം കാണുന്ന സെന്‍ജി തോമസ്

കപ്പ പറിച്ചെടുക്കുന്നതില്‍ അച്ഛനും അപ്പച്ചനുമൊക്കെ അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരില്‍ കണ്ടപ്പോഴാണ് സെന്‍ജിയുടെ മനസ്സില്‍ പുതിയ ആശയം മുളപൊട്ടിയത്. കപ്പ ഈസിയായി എങ്ങനെ പറിച്ചെടുക്കാം? താന്‍ എന്‍ജിനീയറിങ്ങിന് പഠിക്കുമ്പോള്‍ അവര്‍ കഷ്ടപ്പെടുന്നതെന്തിന്?

ഈ ചിന്തയില്‍നിന്നാണ് കപ്പ പറിക്കാനുള്ള ഒരു ഉപകരണമുണ്ടാക്കാന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ സെന്‍ജി തോമസ് തീരുമാനിച്ചത്. ഇരുമ്പുപൈപ്പ് കൊണ്ട് നിര്‍മിക്കാവുന്നതരത്തില്‍ ആദ്യം ഡിസൈന്‍ ചെയ്തു.

സമീപവാസിയായ വെല്‍ഡര്‍ കുഞ്ഞുമോന്റെ സഹായം കൂടിയായതോടെ രണ്ടു ദിവസം െകാണ്ട് ഉപകരണം റെഡി. 2016-ല്‍ കുട്ടിക്കാനം എം.ബി.സി. കോളേജില്‍ ബി.ടെക്. ഇലക്ട്രോണിക്സ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് സെന്‍ജി തോമസ് കപ്പ പറിക്കുന്ന ഉപകരണം നിര്‍മിച്ചത്.

'രണ്ട് പൈപ്പുകള്‍, 'വി' ആകൃതിയിലുള്ള ഒരു ഹുക്ക്, ഒരു ലിവര്‍. ഇത്രയുമായാല്‍ ഈ ഉപകരണമായി. കപ്പത്തണ്ടിന്റെ മണ്ണിനോട് ചേര്‍ന്നുള്ള ഭാഗത്ത് ഹുക്ക് കൊളുത്തി ലിവര്‍ വലിച്ചാല്‍ ചുവടേ പോരും. ഒരാള്‍ക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാം. രണ്ട് പൈപ്പുകള്‍ സ്‌ക്രൂ കൊണ്ടാണ് മുറുക്കിയിരിക്കുന്നത്. വേണമെങ്കില്‍ അഴിച്ചെടുക്കാം'- താന്‍ നിര്‍മിച്ച യന്ത്രത്തെക്കുറിച്ച് സെന്‍ജിയുടെ വാക്കുകള്‍ ഇങ്ങനെ.

പാമ്പാടി മാടപ്പാട് പേക്കാവില്‍ തോമസ് വര്‍ഗീസിന്റെയും ഷീബയുടെയും മകനാണ് സെന്‍ജി തോമസ്. ഇപ്പോള്‍ കോതമംഗലം എം.എ.കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ രണ്ടാം സെമസ്റ്റര്‍ എം.ടെക് വിദ്യാര്‍ഥിയാണ്. പാമ്പാടിയില്‍ ഇവരുടെ കുടുംബത്തിന് 50 സെന്റ് സ്ഥലത്ത് കപ്പകൃഷിയുണ്ട്.

ഇത്രയും സ്ഥലത്തെ കപ്പ പറിക്കാന്‍ മുമ്പ് ഇവരും മറ്റ് പണിക്കാരും ഒട്ടേറെ സമയമെടുത്തിരുന്നു. ഇപ്പോള്‍ തോമസിനും സഹോദരന്‍ മാത്തുക്കുട്ടിക്കും ഒരു മിനിറ്റുകൊണ്ട് അഞ്ച് ചുവട് കപ്പ വരെ പറിച്ചെടുക്കാം.

ഉപകരണം നിര്‍മിച്ച അതേവര്‍ഷം എ.പി.ജെ.അബ്ദുള്‍ കലാം യൂത്ത് ചലഞ്ച് പ്രോഗ്രാമിലേക്ക് പ്രോജക്ട് അവതരണത്തിന് സെന്‍ജി ഇത് അയച്ചുകൊടുത്തിരുന്നു. തിരഞ്ഞെടുത്ത 20 പ്രോജക്ടുകളിലൊന്ന് ഇതായിരുന്നു. പേറ്റന്റിനും അപേക്ഷിച്ചിട്ടുണ്ട്.

Content Highlights: Engineering student develop machine for easy harvesting of Tapioca