ആനപ്പിണ്ടം നല്ല ജൈവവളമാണെന്ന് കേള്‍ക്കുന്നു. ഇത് വിളകള്‍ക്ക് നേരിട്ടു നല്‍കാമോ? 
- അര്‍ജുന്‍ നായര്‍, മേമുണ്ട

ആനപ്പിണ്ടം മികച്ച ജൈവവളമാണ്. എന്നാല്‍, നേരിട്ട് വിളകള്‍ക്ക് ചേര്‍ത്താല്‍ ചൂടുകൂടി വിളകള്‍ കരിഞ്ഞുപോകും. ആനപ്പിണ്ടം വിഘടിപ്പിച്ച് ഉപദ്രവകരമല്ലാത്ത ജൈവവളമാക്കിമാറ്റാനുള്ള സാങ്കേതികവിദ്യ വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജില്‍ കണ്ടെത്തിയിട്ടുണ്ട്. ആനപ്പിണ്ടം സൂക്ഷ്മജീവികളുടെ കള്‍ച്ചര്‍, ചാണകം എന്നിവയുപയോഗിച്ച് വിഘടിപ്പിച്ച് കമ്പോസ്റ്റാക്കി മാറ്റുന്നു. 

ഇതിന് യൂഡ്രില്ലസ്, യൂജീനിയ, ഐസിനിയ, ഫോയിറ്റിഡ എന്നീ മണ്ണിരകളെ ആനപ്പിണ്ടത്തിന്റെ ചൂട് ക്രമീകരിച്ചതിനുശേഷമാണ് ഉപയോഗിക്കുന്നത്. ആനപ്പിണ്ടം ഉപയോഗിച്ചു തയ്യാറാക്കുന്ന മണ്ണിരക്കമ്പോസ്റ്റില്‍ ജൈവാംശ സമൃദ്ധിക്കു പുറമെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം, സോഡിയം തുടങ്ങി സസ്യവളര്‍ച്ചാ സഹായിയായ ഘടകങ്ങളും ആവശ്യത്തിനുണ്ട്. കേരളത്തില്‍ ഇപ്പോള്‍തന്നെ ആനപ്പിണ്ടം വളമാക്കി പച്ചക്കറികളും പൂച്ചെടികളും വളര്‍ത്തുന്നുണ്ട്. 

വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജിലെ സോയില്‍ സയന്‍സ് വിഭാഗവുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം.