ചെരണ്ടത്തൂര്‍ പാടശേഖരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നെല്‍ക്കൃഷിക്ക് വളം സ്‌പ്രേ ചെയ്യാന്‍ തുടങ്ങി. കോഴിക്കോട് ജില്ലയില്‍ ആദ്യമായാണ് നെല്‍ക്കൃഷിമേഖലയില്‍ വളപ്രയോഗത്തിന് ഡ്രോണ്‍ ഉപയോഗിക്കുന്നത്. കൃഷിവകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി.

ചെരണ്ടത്തൂര്‍ പാടശേഖരത്തിലെ ഹരിതഗ്രാമം കൂട്ടായ്മ കൃഷിചെയ്യുന്ന 30 ഏക്കറിലാണ് ആദ്യഘട്ടത്തില്‍ വളം സ്‌പ്രേ ചെയ്യുന്നത്. ഇത് വിജയമാണെന്ന് കണ്ടാല്‍ മുഴുവന്‍സ്ഥലത്തും ഇതേ രീതി പ്രാവര്‍ത്തികമാക്കാന്‍ പദ്ധതിയുണ്ട്. കാക്കനാടുള്ള ഒരു കമ്പനിയാണ് ഡ്രോണുമായി വന്നത്.

ഡ്രോണ്‍ ഉപയോഗിച്ച് ഇലകളില്‍ നേരിട്ട് വളം സ്‌പ്രേ ചെയ്യുമ്പോള്‍ കൂടുതല്‍ ഗുണമുണ്ടാകുമെന്നാണ് പ്രതീക്ഷ. വിളവില്‍ വര്‍ധനയും പ്രതീക്ഷിക്കാം. ചെലവും കുറവാണ്.

ഒരേക്കറിന് 800 രൂപയാണ് ഡ്രോണ്‍ വാടക. സാധാരണരീതിയില്‍ വളപ്രയോഗം നടത്താന്‍ ഇതിലും ചെലവ് കൂടുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. 300 ഏക്കറോളം സ്ഥലത്ത് നെല്‍ക്കൃഷിയുള്ള പ്രദേശമാണ് ചെരണ്ടത്തൂര്‍ ചിറ. നിലമൊരുക്കല്‍ മുതല്‍ കൊയ്ത്തിനും മെതിക്കുംവരെ യന്ത്രം ഉപയോഗിക്കാന്‍ തുടങ്ങിയ പ്രദേശംകൂടിയാണിത്. ജീവാമൃതംപോലുള്ള ജൈവവളങ്ങളും ഡ്രോണ്‍ ഉപയോഗിച്ച് സ്‌പ്രേ ചെയ്യാന്‍ സാധിക്കും.

ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം പഞ്ചായത്ത് പ്രസിഡന്റ് എം. ജയപ്രഭ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം അഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ എസ്.ഡി. അമല്‍, അജിത് സി. നായര്‍, സുഭാഷ് രയരോത്ത്, ബബീഷ് പുത്തന്‍പുരയില്‍, നാരായണന്‍ വേന്തലില്‍, സേതുമാധവന്‍, ബാബു പൊടിയേരി, മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.

Content Highlights: Drone use to fertilize paddy field