ചെടികള്‍ക്കുള്ള വളര്‍ച്ചാമാധ്യമമെന്നതാണ് ചകിരിച്ചോറിന്റെ നിര്‍വചനം. പൊട്ടാഷ് അടങ്ങിയ ജൈവവളമാക്കാമെന്നതും മണ്ണ് ജലസംരക്ഷണ ഉപാധിയെന്നതും ചകരിച്ചോറിന്റെ പ്രത്യേകതയാണ്.

ഒരു തൊണ്ടില്‍ 70 ശതമാനം ചകിരിച്ചോറും 30 ശതമാനം നാരുമാണ് അടങ്ങിയിട്ടുള്ളത്. ജലാഗിരണശേഷി 800 ശതമാനമായതിനാല്‍ മണ്ണില്‍ രണ്ടുശതമാനം ചേര്‍ത്താല്‍ത്തന്നെ ജലാഗിരണശേഷി 40 ശതമാനം കൂട്ടാം.

 വേനല്‍ക്കാലത്ത് വിളയെ സംരക്ഷിക്കുന്നതിന് ഏറ്റവും ഉത്തമം ചകിരിച്ചോറ് കമ്പോസ്റ്റാണെന്ന് ചുരുക്കം.

കയര്‍വ്യവസായത്തിലെ ഈ ജൈവാവശിഷ്ടത്തിന് ഏകീകൃതമായ ഭൗതികഘടനയാണുള്ളത്. പൂര്‍ണമായും മണ്ണില്‍ ലയിച്ചുചേരാനുള്ള കഴിവും വലിയ അളവിലുള്ള ലഭ്യതയും ചകിരിച്ചോറിന്റെ മാര്‍ക്കറ്റ് കൂട്ടുന്നു. 
ഉയര്‍ന്ന കാര്‍ബണ്‍, നൈട്രജന്‍ അനുപാതമുള്ളതിനാലും ലിഗ്‌നിന്‍, ടാനിന്‍ തുടങ്ങിയ അഴുകലിനെ തടയുന്ന വസ്തുക്കളുള്ളതിനാലും ചകിരിച്ചോറ് നേരിട്ട് വളമായി ഉപയോഗിക്കുന്നതില്‍നിന്നും വിലക്കുന്നു.

ചകിരിച്ചോറും കൂണ്‍വിത്തും കോഴിക്കാഷ്ഠവും ശരിയായ അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന കമ്പോസ്റ്റിന് ഗുണവും കൂടും. കൂണ്‍വിത്തില്‍നിന്നുവരുന്ന എന്‍സൈം ചകിരിച്ചോറിലെ ലിഗ്‌നിനെയും ടാനിനെയും അലിയിപ്പിക്കും.
 നേര്‍ത്ത നനവില്‍ നിരത്തുന്ന ചകിരിച്ചോറിന് മുകളില്‍ കൂണ്‍വിത്തും വീണ്ടും ചകിരിച്ചോറും അതിനുമുകളിലായി കോഴിക്കാഷ്ഠവും പുട്ടിന് തേങ്ങപോലെ നിരത്തണം. ചകിരിച്ചോറിന്റെ കനം 10 സെന്റീമീറ്ററില്‍ കൂടരുത്.
 ദിവസവും വെള്ളം തളിക്കണം. ഒന്നരമാസംകൊണ്ട് ചകിരിച്ചോറ് കമ്പോസ്റ്റ് തയ്യാറാകും.

ചകിരിച്ചോറിന് മണ്ണുജലസംരക്ഷണത്തില്‍ പ്രധാന പങ്കുണ്ട്.  തരിശായിക്കിടക്കുന്ന സ്ഥലത്തേക്കുള്ള ഉത്തമപുതയാണ് ചകിരിച്ചോറ്. ചെങ്കല്‍പ്പാറയില്‍ കൃഷിയിറക്കാന്‍ മണ്ണും ചകിരിച്ചോറ് കമ്പോസ്റ്റും ചേര്‍ന്ന മിശ്രിതമാണ് ഉത്തമകൂട്ട്.

വെട്ടുകല്‍പ്രദേശങ്ങളിലും ഉയര്‍ന്ന ചെരിവുള്ള പ്രദേശങ്ങളിലും മണ്ണ് ചകിരിച്ചോറുകൊണ്ട് പുതപ്പിച്ചാല്‍ പ്രകൃത്യാരൂപപ്പെടുന്ന മണ്ണും ജൈവസമ്പത്തും നിലനിര്‍ത്താന്‍ സാധിക്കും. 

ജൈവവാതക പ്ലാന്റുകളില്‍ ഒഴിച്ചുകൊടുക്കുന്ന ചാണകത്തിന്റെ അളവ് കുറയ്ക്കാനും വാതക ഉത്പാദനം കൂട്ടാനും ചകിരിച്ചോറ് പ്രയോജനപ്പെടുത്താം.

നാലുഭാഗം ചാണകത്തോടൊപ്പം ഒരു ഭാഗം ചകിരിച്ചോറ് എന്നതാണ് ഇതിന്റെ നിരക്ക്. ചകിരിച്ചോര്‍ കട്ടകള്‍ക്ക് വിദേശവിപണിയില്‍ പ്രത്യേക മാര്‍ക്കറ്റുതന്നെ തുടങ്ങിക്കഴിഞ്ഞു.