ച്ചക്കറിത്തൈകളും മറ്റും വളര്‍ത്താന്‍ ഇനി പ്ലാസ്റ്റിക് കൂടുകള്‍ ഒഴിവാക്കാം. പകരം ജൈവവളക്കൂട്ടുകൊണ്ടുനിര്‍മിച്ച പാത്രങ്ങള്‍ ഉപയോഗിക്കാം. വടകര ചോറോട് സ്വദേശി എം.ടി. പ്രദീപ്കുമാറാണ് ജൈവവളക്കൂട്ടുകള്‍ ചേര്‍ത്ത മിശ്രിതംകൊണ്ട് തൈകള്‍ നടാനുള്ള കൂടുകളൊരുക്കിയത്. ഇത്തരം പാത്രങ്ങളില്‍ മണ്ണുനിറച്ച് വിവിധ പച്ചക്കറിത്തൈകള്‍ നട്ടുവളര്‍ത്താം.

ചാണകമാണ് മിശ്രിതത്തിലെ പ്രധാന ഘടകം. ചകിരിച്ചോറ്, ഈര്‍ച്ചപ്പൊടി, മണ്ണ് തുടങ്ങിയവയാണ് മറ്റു നിര്‍മാണവസ്തുക്കള്‍. ആവശ്യമെങ്കില്‍ പ്രത്യേകം ജൈവവളവും ചേര്‍ക്കാം. ഇവ നിശ്ചിത അനുപാതത്തില്‍ കുഴച്ച് പ്രത്യേകം നിര്‍മിച്ച ഉപകരണത്തിലൂടെയാണു പാത്രങ്ങള്‍ നിര്‍മിക്കുന്നത്. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാനാകുന്നതാണ് ഉപകരണം.

മണിക്കൂറില്‍ 15 പാത്രങ്ങള്‍വരെ നിര്‍മിക്കാം. ഇത് മൂന്നുദിവസം വെയിലത്ത് ഉണക്കിയാല്‍ നല്ല ഉറപ്പുകിട്ടും. ഇതില്‍ മണ്ണുനിറച്ച് തൈ നട്ടാല്‍ വേറെ വളത്തിന്റെ ആവശ്യമില്ലെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു. സ്പ്രേ ചെയ്ത് നനച്ചാല്‍ ആറുമാസംവരെ പാത്രം പൊട്ടാതെ സൂക്ഷിക്കാം. തൈ വലുതായാല്‍ പാത്രത്തോടെ മണ്ണില്‍ കുഴിച്ചിടാം.

biodegradable pots for plants
ജൈവവളക്കൂട്ടുകൊണ്ട് തൈകള്‍ നടാനുള്ള പാത്രങ്ങള്‍ നിര്‍മിക്കുന്ന ഉപകരണത്തിനുസമീപം പ്രദീപ് കുമാര്‍

നഴ്സറികളിലും മറ്റും കറുത്ത പ്ലാസ്റ്റിക് കൂടുകളിലാണ് തൈകള്‍ വളര്‍ത്താറ്. ഗ്രോബാഗ് ഉപയോഗിച്ചുള്ള കൃഷിയും വ്യാപകമാണ്. പ്ലാസ്റ്റിക് നിരോധിച്ചതോടെ തൈകള്‍ എവിടെ നടുമെന്ന അന്വേഷണത്തില്‍നിന്നാണ് കര്‍ഷകന്‍കൂടിയായ പ്രദീപ് ജൈവവളക്കൂട് വികസിപ്പിച്ചത്.

മൂന്ന്, അഞ്ച്, ആറ് ഇഞ്ച് ഉയരമുള്ള പാത്രങ്ങളാണു നിര്‍മിക്കുന്നത്. പ്ലാസ്റ്റിക് കൂടുകളെ അപേക്ഷിച്ച് ചെലവുകൂടുമെങ്കിലും വളപ്രയോഗം കുറച്ചുമതിയെന്നതു ഗുണകരമാണ്. 10 മുതല്‍ 30 വരെ രൂപയാണ് കൂടുകളുടെ വില.

നിലവില്‍ സ്വന്തം ആവശ്യത്തിനാണ് പാത്രങ്ങള്‍ നിര്‍മിക്കുന്നതെങ്കിലും ആവശ്യക്കാരുണ്ടെങ്കില്‍ വിപണിയിലിറക്കാനും പദ്ധതിയുണ്ട്. വീട്ടില്‍വെച്ചാണ് നിര്‍മാണം. വീടുകള്‍ക്കാവശ്യമായ വിവിധ മാലിന്യസംസ്‌കരണരീതികള്‍ നിര്‍മിക്കുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ഇദ്ദേഹം.

Content Highlights: Biodegradable pots for plants