നുഷ്യന്‍ ഇതുവരെ നടത്തിയ കണ്ടുപിടിത്തങ്ങളില്‍വെച്ച് ഏറ്റവും വലുതെന്നും ഭാവിയെ വിപ്ലവകരമായി മാറ്റാന്‍ കഴിവുണ്ടെന്നും കരുതുന്ന സാങ്കേതികവിദ്യയാണ് നിര്‍മിതബുദ്ധി. കൃഷിമേഖലയിലുണ്ടായ ഏറ്റവും മുഖ്യമായ രണ്ടു വികാസങ്ങള്‍ ഹരിതവിപ്ലവവും ജൈവസാങ്കേതികവിദ്യയുമാണ്. എന്നാല്‍, വരുംവര്‍ഷങ്ങളില്‍ മനുഷ്യന് ചിന്താതീത മേഖലയിലേക്ക് കൃഷിയെ മാറ്റിമറിക്കാന്‍ പോകുന്നതാണ് മെഷീന്‍ ലേണിങ്, ഡീപ് ലേണിങ്, സെല്‍ഫ് ലേണിങ് തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്ന നിര്‍മിതബുദ്ധി.

മാറുന്ന കാര്‍ഷികമേഖല

കൃത്യതാ കൃഷിയും വിദൂരനിയന്ത്രണശേഷിയുള്ള, പൂര്‍ണമായും യന്ത്രവത്കൃത സൂക്ഷ്മജലസേചന-രാസവള പ്രയോഗമാര്‍ഗങ്ങളും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വിളപരിപാലനവും രാസവളപ്രയോഗവും കാര്‍ഷകരെ സഹായിക്കുന്നു.

യന്ത്രമനുഷ്യനെ ഉപയോഗിച്ചുള്ള വിളവെടുപ്പ്, വിദൂര സംവേദന ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഉപഗ്രഹചിത്രങ്ങള്‍, ത്രിതല സ്‌കാനറുകള്‍ ഉപയോഗിച്ചുള്ള വിളപരിപാലന രീതി, സമ്പൂര്‍ണ കാലാവസ്ഥാ നിയന്ത്രണ സംവിധാനമുള്ള ഹരിതഗൃഹങ്ങള്‍, ഉത്പന്ന ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കലും കാര്യക്ഷമമായ വിതരണശൃംഖല സ്ഥാപിക്കലും ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ന്യായമായ വില ഉറപ്പാക്കുന്ന ഇ-ചന്തകള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം നിര്‍മിതബുദ്ധിയുടെ സഹായത്തോടെ നടന്നുവരുന്നു.

ഇത്തരം കൃത്യതാ കൃഷിരീതികള്‍ ഉത്പാദനം വര്‍ധിപ്പിക്കാനും ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ചന്തകളിലെത്തിക്കാനും കര്‍ഷകന് ന്യായമായ വില ഉറപ്പാക്കാനും സഹായിക്കുന്നു. പല സ്റ്റാര്‍ട്ടപ്പുകളും ഈ മേഖലയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു. ബെംഗളൂരു അടിസ്ഥാനമായുള്ള ക്രോപ്പ് ഇന്‍, ഹരിയാണയിലെ ഇന്‍ലോ ലാബ്, ഉത്തര്‍പ്രദേശിലെ ഗോബാസ്‌കോ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

നാനോ രാസവളങ്ങള്‍

നിര്‍മിതബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യയില്‍ ഡ്രോണുകളുപയോഗിച്ച് രാസവളങ്ങളും കീടനാശിനികളും വിജയകരമായി പാലക്കാട്ടും മറ്റു പല സ്ഥലങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. നാനോ രാസവളങ്ങള്‍ തളിക്കുന്നതിലൂടെ രാസവളങ്ങളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാനും അതേസമയം ഉത്പാദനം അമ്പതുശതമാനം വര്‍ധിപ്പിക്കാനും സാധിക്കുന്നു. ഒരേക്കര്‍ നെല്‍ക്കൃഷിക്ക് സാധാരണ 100 ലിറ്റര്‍ സ്പ്രേ ലായനി വേണ്ടിടത്ത് ഡ്രോണുപയോഗിച്ചുള്ള മൈക്രോ സ്പ്രേയ്ക്ക് 20 ലിറ്റര്‍ മാത്രംമതി. കൃഷിവകുപ്പ് കൊച്ചി ആസ്ഥാനമായുള്ള റെവോണൈസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഈ പരീക്ഷണങ്ങള്‍ നടത്തിയത്. തിരുവനന്തപുരത്തെ സി.ടി.സി.ആര്‍.ഐ.യിലെ ഡോ. സന്തോഷ് മിത്ര വികസിപ്പിച്ചെടുത്ത ഇ-ക്രോപ്പ്, വിള മോഡലുകള്‍ എന്നിവയിലൊക്കെ നിര്‍മിതബുദ്ധി ഉപയോഗിച്ചിട്ടുണ്ട്.

സെന്‍സറുകള്‍ ഉപയോഗിച്ചുള്ള നിര്‍മിതബുദ്ധി ഉപകരണങ്ങള്‍, കര്‍ഷകന്‍ അവരുടെ മൊബൈല്‍ ഫോണില്‍ എടുക്കുന്ന ഫോട്ടോ ഉപയോഗിച്ച് എന്താണ് ചെടിയുടെ രോഗം, കീടാക്രമണം, പോഷകക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് 95 ശതമാനം കൃത്യതയോടെ ഉത്തരം നല്‍കും. മണ്ണിലുള്ള വിവിധ പോഷകമൂലകങ്ങളുടെ തോത് മനസ്സിലാക്കുന്ന സെന്‍സറുകളും ഇന്ന് ഗവേഷണത്തിന്റെ അവസാനഘട്ടത്തിലാണ്.

(തിരുവനന്തപുരം സി.ടി.സി.ആര്‍.ഐ.ലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റാണ് ലേഖകന്‍. ഫോണ്‍: 8547441067)

Content Highlights: artificial intelligence and agriculture