അന്തരീക്ഷത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും കോഴികളുടെ വളര്‍ച്ചയെയും ഉത്പാദനത്തെയും സാരമായി ബാധിക്കുന്നു. ചൂട് 32.3 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ വരുമ്പോള്‍ കോഴികള്‍ അസ്വസ്ഥരാകുന്നു. അതോടൊപ്പം തീറ്റയുടെ അളവ് വളരെ കുറയും. ചൂട് 37.8 ഡിഗ്രി സെല്‍ഷ്യസാകുന്നതോടെ മരണനിരക്ക് കൂടുന്നു. ഉത്പാദനം കുറയുകയും ചെയ്യുന്നു.
മുട്ടയുത്പാദനത്തെ ചൂട് പ്രതികൂലമായി ബാധിക്കുന്നു എന്ന് മാത്രമല്ല, ഇടുന്ന മുട്ടയുടെ വലുപ്പത്തിലും പോഷകമൂല്യത്തിലും വ്യതിയാനം സംഭവിക്കുകയും ചെയ്യുന്നു. കൂടുതല്‍ വേനല്‍ച്ചൂട് പ്രതീക്ഷിക്കുന്ന സ്ഥലങ്ങളില്‍ കോഴിക്കൂട് കിഴക്ക് പടിഞ്ഞാറായി പണിതുയര്‍ത്തുന്നതാണ് നല്ലത്. ഇതുമൂലം നേരിട്ടുള്ള സൂര്യരശ്മിയോ, ചൂട് കാറ്റോ മഴയോ ഒന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല.
കൂടിന്റെ വീതി കൂടുതലായാല്‍ കൂടിനുള്ളിലെ വായു സഞ്ചാരത്തെ പ്രതികൂലമായി ബാധിക്കും. മോന്തായത്തിലൂടെ വായുകടന്ന് പോകാനുള്ള ചെറിയ സംവിധാനം വേണം. കൂട്ടിനുള്ളിലെ വായുസഞ്ചാരം തൃപ്തികരമാക്കാന്‍ വശങ്ങളിലുള്ള കമ്പിവല നിത്യവും വൃത്തിയാക്കേണ്ടതാണ്. കൂടിന്റെ പാര്‍ശ്വഭിത്തിയിലും കൂരയിലും കുമ്മായമോ വെള്ള പെയിന്റോ അടിച്ചാല്‍ ചൂട് കൂടിനുള്ളില്‍ കടക്കുന്നത് കുറയ്ക്കാം.
തണുത്ത അന്തരീക്ഷം ഉണ്ടാക്കാന്‍ വെള്ളം തളിച്ച ചാക്ക് കൂടിന്റെ പാര്‍ശ്വഭിത്തികളില്‍ ഇടാം. ഓലമേഞ്ഞ കൂടുകളാണ് വേനലില്‍ കൂടിനുള്ളിലെ ഊഷ്മാവിന്റെ കാഠിന്യത്തെ നിയന്ത്രിക്കാന്‍ നല്ലത്. ഓടുമേഞ്ഞവയും നല്ലതുതന്നെ. കോഴിക്കൂടിന് ചുറ്റും ചെറുചെടികളും പുല്‍ത്തകിടികളും വെച്ച് പിടിപ്പിക്കുന്നത് നന്നായിരിക്കും. തണല്‍ വൃക്ഷങ്ങളും ചുറ്റും വെച്ചുപിടിപ്പിക്കാം. തണല്‍വൃക്ഷങ്ങള്‍ കൂടിന്റെ തറയില്‍ നിന്ന് 2-3 മീറ്റര്‍ അകലെയായി വെച്ചുപിടിപ്പിക്കണം.
വേനല്‍ക്കാലത്ത് തറയില്‍ വിരിക്കുന്ന വിരി(ലിറ്റര്‍)യുടെ കനം പകുതിയാക്കണം. വിരികള്‍ ദിനംപ്രതി ഒരു തവണ ഇളക്കിയിടണം. വേനല്‍ക്കാലത്ത് കോഴികള്‍ എടുക്കുന്ന തീറ്റയുടെ അളവ് കുറയുന്നതിനാല്‍ മാംസ്യം, ഊര്‍ജം, കാല്‍സ്യം, ഫോസ്ഫറസ്, ജീവകം എ, ബി2, ഡി3 തുടങ്ങിയവയുടെ അളവ് സാധാരണത്തേതിനെക്കാള്‍ 10 ശതമാനം അധികമുള്ള തീറ്റ നല്‍കണം. തീറ്റ നല്‍കുന്നതാവട്ടെ അതിരാവിലെയും വൈകുന്നേരവും ആണ് നല്ലത്.
പുലര്‍ച്ചെ വൈദ്യുതി വെളിച്ചം നല്‍കി തീറ്റ നല്‍കാം. ഉച്ചസമയത്തിന് മൂന്നുനാലു മണിക്കൂര്‍ മുമ്പ് തീറ്റ നല്‍കാതിരിക്കാം. തണുത്ത വെള്ളം ധാരാളമായി കൊടുക്കാം. ജീവകം സി പ്രൊബയോട്ടിക് ഔഷധങ്ങള്‍ തുടങ്ങിയവയും വെള്ളത്തില്‍ ചേര്‍ത്തു നല്‍കാം. ഇലക്ട്രോലൈറ്റ്, ഗ്ലൂക്കോസ് തുടങ്ങിയവയും വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കുമ്പോള്‍ ചൂടുകൊണ്ടുള്ള ആഘാതം കുറയുന്നു.
Content Highlights: Poultry Farming Care In Summer Season