ഴക്കാലത്ത് കോഴികളുടെ ആരോഗ്യപാലനത്തിലും ശ്രദ്ധവേണ്ടതുണ്ട്. തണുത്തതും ഈര്‍പ്പമേറിയതുമായ അന്തരീക്ഷം രോഗാണുക്കള്‍ക്ക് വളരാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കും. മണ്ണിലുറങ്ങിക്കിടക്കുന്ന പരാദങ്ങളും ബാക്ടീരിയകളും വൈറസുകളുമെല്ലാം മഴ നനയുമ്പോള്‍ ഉണര്‍ന്നെഴുന്നേല്‍ക്കും.

ശുദ്ധജലം വേണം

കോഴികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുന്ന കാര്യത്തില്‍ ഒരു വീഴ്ചയുമരുത്. മലിനജലം അകത്തെത്തിയാല്‍ കോളിഫോം, സാല്‍മണെല്ലോസിസ് അടക്കമുള്ള ബാക്ടീരിയാ രോഗങ്ങള്‍ കോഴികളെ ബാധിക്കും. ആയിരം ലിറ്റര്‍ വെള്ളത്തില്‍ അഞ്ചുഗ്രാം വീതം ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത് വെള്ളം ശുദ്ധീകരിക്കാം. ഇത് രണ്ടുമണിക്കൂറിനുശേഷം കോഴികള്‍ക്ക് കുടിക്കാനായി നല്‍കാം. ക്വാര്‍ട്ടര്‍നറി അമോണിയ അടങ്ങിയ സൊക്രീന, സൈസെപ്റ്റ്, ടെട്രാസാന്‍ പോലുള്ള റെഡിമെയ്ഡ് ജലശുദ്ധീകരണലായനികളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.

പൂപ്പല്‍ബാധയെ കരുതാം

തീറ്റയിലെ പൂപ്പല്‍ വിഷബാധ കോഴികള്‍ക്കും മാരകമാണ്. ഈര്‍പ്പമേറിയ സാഹചര്യത്തില്‍ തീറ്റയില്‍ കുമിള്‍ ബാധയേല്‍ക്കാന്‍ സാധ്യതയേറെയാണ്. തീറ്റച്ചാക്കുകള്‍ തണുത്ത കാറ്റടിക്കാത്ത മുറിയില്‍ തറയില്‍നിന്ന് ഒരടി ഉയരത്തിലും ഭിത്തിയില്‍നിന്ന് ഒന്നരയടി അകലത്തിലും മാറി മരപ്പലകയുടെ മുകളില്‍ വേണം സൂക്ഷിക്കാന്‍. നനഞ്ഞ കൈകൊണ്ടോ പാത്രങ്ങള്‍ കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ചു സൂക്ഷിക്കണം. വലിയ തീറ്റച്ചാക്കില്‍നിന്ന് നിത്യവും നേരിട്ട് എടുക്കുന്നതിന് പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റ മാത്രം എടുത്തുപയോഗിക്കാം. ഇതുവഴി വലിയ തീറ്റ ചാക്കില്‍ പൂപ്പല്‍ബാധ തടയാം. പൂപ്പല്‍ ബാധിച്ച തീറ്റകള്‍ ഒരു കാരണവശാലും കോഴികള്‍ക്ക് നല്‍കാന്‍ പാടില്ല.

തറവിരിപ്പൊരുക്കുമ്പോള്‍

ഡീപ്ലിറ്റര്‍ രീതിയിലാണ് കോഴികളെ വളര്‍ത്തുന്നതെങ്കില്‍ തറവിരിപ്പില്‍ ഈര്‍പ്പമുയരാതെ നോക്കേണ്ടത് പ്രധാനമാണ്. ഈര്‍പ്പത്തിന്റെ തോത് 30 ശതമാനത്തിലുമുയര്‍ന്നാല്‍ തറവിരിപ്പ് കട്ടപിടിക്കാന്‍ തുടങ്ങും. ഒപ്പം കോഴികള്‍ക്ക് ദോഷകരമായ അമോണിയ വാതകം പുറന്തള്ളുന്നതിനും കാരണമാവും. മാത്രമല്ല, കോക്സീഡിയ അടക്കമുള്ള പരാദങ്ങള്‍, സാല്‍മൊണെല്ല പോലുള്ള ബാക്ടീരിയകള്‍ എന്നിവയെല്ലാം നനഞ്ഞ ലിറ്ററില്‍ സജീവമാകും. കോഴിക്കുഞ്ഞുങ്ങളില്‍ ബ്രൂഡര്‍ ന്യുമോണിയയ്ക്കും നനഞ്ഞ തറ വിരിപ്പ് കാരണമാവും. ഈര്‍പ്പം ഒഴിവാക്കാന്‍ ആഴ്ചയില്‍ രണ്ടുതവണ വിരിപ്പ് നന്നായി ഇളക്കി നല്‍കണം. നല്ല വെയിലും വായുസഞ്ചാരവുമുള്ള സമയത്താണിത് ചെയ്യേണ്ടത്.

ബ്രൂഡിങ്ങില്‍ ശ്രദ്ധിക്കാന്‍

വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങള്‍ക്ക് ബ്രൂഡിങ് ഒരുക്കി കൃത്രിമചൂട് നല്‍കുന്നത് സാധാരണ മൂന്നാഴ്ച വരെയാണ് മഴക്കാലത്ത് ഇത് അഞ്ച് ആഴ്ച വരെ നീട്ടി നല്‍കാം. പ്രത്യേകിച്ച്് രാത്രികാലങ്ങളില്‍ തണുപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ കൃത്രിമച്ചൂട് നല്‍കേണ്ടതാവശ്യമാണ്. ഒരു കോഴിക്കുഞ്ഞിന് ഒരു വാട്ട് എന്ന കണക്കില്‍ കാര്‍ഡ്ബോര്‍ഡ്/തകര ഹോവറുകളില്‍ ഇന്‍കാന്റസെന്റ് ബള്‍ബുകള്‍ ക്രമീകരിക്കാം. 250 കോഴിക്കുഞ്ഞുങ്ങളടങ്ങിയ ഒരു ബ്രൂഡര്‍ യൂണിറ്റിന് കുറഞ്ഞത് ഒരു മീറ്റര്‍ വ്യാസമുള്ള ഹോവറുകള്‍ വേണം. ബ്രൂഡര്‍ ഗാര്‍ഡിനുള്ളില്‍ കോഴിക്കുഞ്ഞുങ്ങളുടെ പെരുമാറ്റവും വിന്യാസവുമനുസരിച്ച് ബള്‍ബുകളുടെ എണ്ണവും ഉയരവും ക്രമീകരിക്കാം. കൃത്രിമച്ചൂട് നല്‍കുമ്പോള്‍ താപം പുറത്തേക്ക് നഷ്ടപ്പെടാതിരിക്കാന്‍ കൂടിന്റെ തുറന്നഭാഗങ്ങള്‍ കര്‍ട്ടനുപയോഗിച്ച് മറയ്ക്കുകയും ചെയ്യാം.

മുട്ടയുത്പാദനം

മുട്ടയുത്പാദന കാലയളവിലുള്ള കോഴികള്‍ക്ക് ഉത്പാദനമികവിന് നല്ല മേന്മയുള്ള തീറ്റ മാത്രം പോരാ. പകല്‍വെളിച്ചവും കൃത്രിമവെളിച്ചവും ഉള്‍പ്പെടെ ദിനേനെ 16 മണിക്കൂര്‍ പ്രകാശം ഉറപ്പുവരുത്താനും ശ്രദ്ധവേണം. മുട്ടയുത്പാദനം ആറുമാസത്തിന് മുകളിലാണെങ്കില്‍ ദിവസം 17 മണിക്കൂര്‍ വെളിച്ചം ലഭിക്കണം. 'ഫോട്ടോ പിരിയഡ്' എന്നാണ് ഈ കാലയളവ് അറിയപ്പെടുന്നത്. മഴക്കാലത്ത് പകല്‍വെളിച്ചം കുറയാനിടയുള്ളതിനാല്‍ ബള്‍ബുകള്‍ ഒരുക്കി കൃത്രിമവെളിച്ചം ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മഴക്കാല രോഗങ്ങള്‍

കോക്സീഡിയ എന്ന പരാദങ്ങള്‍ കാരണമായുണ്ടാവുന്ന രക്താതിസാരം, സാല്‍മോണെല്ല, കോളിഫോം ബാക്ടീരിയ അണുബാധകള്‍ എന്നിവയെല്ലാമാണ് മഴക്കാലത്തെ മുഖ്യ ആരോഗ്യപ്രശ്‌നങ്ങള്‍. ശുദ്ധജലം ഉറപ്പുവരുത്തിയും തറവിരിപ്പിന്റെയും കൂടിന്റെയും ശുചിത്വവും ശാസ്ത്രീയപരിപാലനവും ഉറപ്പുവരുത്തിയും രോഗങ്ങള്‍ ഒരു പരിധിവരെ തടയാം. കോഴികളുടെ ശരീരസമ്മര്‍ദം ഏറിയാല്‍ അത് രോഗങ്ങള്‍ക്ക് വഴിവെക്കും. കൂടുകളില്‍ കോഴികളെ തിങ്ങിപ്പാര്‍പ്പിക്കാതെ മതിയായ സ്ഥലം ഒരുക്കി നല്‍കണം.

Content Highlights: Poultry Farm Care