കടലവര്‍ഗത്തില്‍പ്പെട്ട ബണ്‍കോഷ്യ കേരളത്തില്‍ പ്രചാരംനേടുന്നു. പച്ചയായി കൊറിക്കാനും പഴമായി നുണയാനും പറ്റിയതാണ് പീനട്ട് ബട്ടര്‍ഫ്രൂട്ട് എന്നറിയപ്പെടുന്ന കടലവര്‍ഗത്തില്‍പ്പെട്ട ബണ്‍കോഷ്യ. തെക്കേ അമേരിക്ക, വെനസ്വേല, കൊളംബിയ എന്നിവിടങ്ങളില്‍ ഇത് വ്യാപകമായി കാണപ്പെടുന്നു.

ഏതുതരം മണ്ണിലും എല്ലാകാലത്തും കൃഷിചെയ്യാവുന്ന ഈ കുറ്റിച്ചെടി വീട്ടുവളപ്പിലും പൂന്തോട്ടത്തില്‍ ഭംഗിക്കുവേണ്ടിയും വളര്‍ത്താം.  ഇത്തരം പത്തോളം ചെടി വളര്‍ത്തി ആദായം നേടുകയാണ് പാറശ്ശാല ചെറുവാരക്കോണം  ആത്മനിലയത്തിലെ ജയകുമാര്‍.

പത്തടിയോളം ഉയരത്തില്‍ ശാഖോപശാഖകളായി തിങ്ങിനിറഞ്ഞ് വളര്‍ന്ന് നിറയെ ഫലങ്ങള്‍ നല്‍കുന്ന ഈ ചെറുമരം വീടിന് അലങ്കാരമാണ്. ഇതിന്റെ ഇലയ്ക്ക്  നിലക്കടലയുടെ മണമാണ്.

കാടമുട്ടയുടെ ആകൃതിയും വിളഞ്ഞാല്‍ പച്ചനിറത്തിലും പഴുത്താല്‍ ഓറഞ്ചുനിറത്തിലും പിന്നീട് ചുവപ്പ് നിറത്തിലും കാണപ്പെടും. ഒരു  ഞെട്ടില്‍ 8-10 കായകളുണ്ടാവും. ചെടിനട്ട് മൂന്നാംമാസം പൂവിട്ട് ഒരുമാസം കഴിഞ്ഞാല്‍ വിളവെടുക്കാം. ഇളം പ്രായത്തിലെ  കായ്കള്‍ക്ക് നിലക്കടലയുടെ സ്വാദാണ്. വിളഞ്ഞുപഴുത്ത കായകള്‍ക്ക് കശുവണ്ടിപ്പരിപ്പിന്റെ  സ്വാദാണ്. ഇതുകൊണ്ട് ജെല്ലി, ജാം എന്നിവ നിര്‍മിച്ച് നീണ്ടനാള്‍ സൂക്ഷിച്ചുവെക്കാന്‍ കഴിയും.

വിത്തിട്ട് കിളിര്‍പ്പിച്ചതും പതിവെച്ച തൈകളും നടാം. രണ്ടടി സമചതുരത്തിലും ആഴത്തിലും കുഴിയെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയും നിറച്ച്  ഒരുപിടി എല്ലുപൊടിയും ചേര്‍ത്ത് നടാം. ആവശ്യത്തിന് നനയും വേണം. കീടരോഗങ്ങള്‍ ഒന്നുംതന്നെയില്ല. 
(ജയകുമാര്‍ - ഫോണ്‍: 9447045976, 04651 245976).