ഇപ്പോള്‍ വേനല്‍മഴ ലഭിക്കുന്നതിനാല്‍ കരനെല്‍ക്കൃഷിക്ക് നിലമൊരുക്കല്‍ ആരംഭിക്കാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളാണ് അനുയോജ്യം. എന്നാല്‍, 25 വര്‍ഷത്തിനുമുകളില്‍ പ്രായമുള്ള തെങ്ങിന്‍തോപ്പിലും റബ്ബര്‍തൈകള്‍ നട്ടിരിക്കുന്ന പുരയിടങ്ങളിലും കരനെല്‍ക്കൃഷി ചെയ്യാം. മേയ്-ജൂണ്‍ മുതല്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ വരെയാണ് കൃഷിക്കാലം. കറുത്ത മോടന്‍, ചുവന്ന മോടന്‍, കൊച്ചു വിത്ത്, സ്വര്‍ണപ്രഭ, അന്നപൂര്‍ണ, മട്ടത്രിവേണി,  രോഹിണി, ഐശ്വര്യ, വൈശാഖ്, പ്രത്യാശ്, രേവതി, ഉമ, മകം, അരുണ, ജ്യോതി തുടങ്ങിയ ഇനങ്ങള്‍ ഉപയോഗിക്കാം.

കൃഷിയിടം നന്നായി ഉഴുത് കട്ടകളുടച്ച് നിരപ്പാക്കണം. മണ്ണിലെ പുളി ക്രമീകരിക്കുന്നതിന് സെന്റ് ഒന്നിന് ഒരു കിലോഗ്രാം വീതം കുമ്മായം നിലമൊരുക്കുമ്പോള്‍ ചേര്‍ക്കണം. കരനെല്‍ക്കൃഷിയിലെ പ്രധാനപ്രശ്‌നം കള ശല്യമാണ്. കൃഷിയിടം ഒരുക്കുമ്പോള്‍തന്നെ കളകള്‍ വേരുള്‍പ്പെടെ പരമാവധി നീക്കംചെയ്യാന്‍ ശ്രദ്ധിക്കണം. ജൈവവളം 20 കിലോഗ്രാം ഒരു സെന്റിന് എന്നതോതില്‍ നല്‍കണം. 15 സെ.മീ. അകലത്തില്‍ ചെറിയ ചാലുകള്‍ എടുത്ത് അതില്‍ 10 സെ.മീ. അകലത്തില്‍ ഓരോ പിടി മണ്ണിരക്കമ്പോസ്റ്റിട്ട് 2-3 വിത്തുവീതം ഇട്ട് നിലം നിരപ്പാക്കണം. മുളപ്പിക്കാത്ത വിത്താണ് നടാന്‍ എടുക്കേണ്ടത്. ഇതിനുപകരം വിത്ത് തുല്യമായി വീഴത്തക്ക വിധം പാകി അവ മൂടുന്ന തരത്തില്‍ പൊടിമണ്ണ് വിതറുകയുംചെയ്യാം. ഒരു സെന്റിലേക്ക് 300 മുതല്‍ 400 ഗ്രാം വരെ വിത്ത് ആവശ്യമായി വരും. മഴയില്ലെങ്കില്‍ ഇടയ്ക്ക് നനച്ചുകൊടുക്കണം. നാടന്‍ ഇനങ്ങള്‍ക്ക് അടിവളമായി ഒരു സെന്റിന് 120 ഗ്രാം യൂറിയ, 400 ഗ്രാം മസ്സുറിഫോസ്, 100 ഗ്രാം പൊട്ടാഷ് എന്നിവ അവസാന ഉഴവോടെ മണ്ണില്‍ ചേര്‍ക്കാം. മൂന്നാഴ്ചയ്ക്കുശേഷം 120 ഗ്രാം യൂറിയയും 50 ദിവസത്തിനു ശേഷം 120 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവയും നല്‍കാം. ഇടത്തരം മൂപ്പുള്ള അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ക്ക് 260 ഗ്രാം യൂറിയ, 900 ഗ്രാം മസ്സുറിഫോസ്, 150 ഗ്രാം പൊട്ടാഷ് എന്നിവ അടിവളമായി ചേര്‍ക്കണം. ഒരു മാസം കഴിഞ്ഞ് 260 ഗ്രാം യൂറിയയും രണ്ടുമാസം കഴിഞ്ഞ് 260 ഗ്രാം യൂറിയ, 150 ഗ്രാം പൊട്ടാഷ് എന്നിവയും നല്‍കണം.

സസ്യസംരക്ഷണത്തിന് വേപ്പധിഷ്ഠിത കീടനാശിനികളും ജൈവകുമിള്‍നാശിനികളും ഉപയോഗിക്കാം. തണ്ടുതുരപ്പന്‍, ഇലചുരുട്ടി എന്നിവയെ നിയന്ത്രിക്കാന്‍ ട്രൈക്കോ കാര്‍ഡുകള്‍ സഹായിക്കും. നട്ട് ഒരാഴ്ചയ്ക്കകവും 20 ദിവസത്തിനുശേഷവും കാര്‍ഡുകള്‍ നെല്ലോലകളില്‍ നിക്ഷേപിക്കേണ്ടതാണ്. കരനെല്‍ക്കൃഷിക്ക് ഒരു ഹെക്ടറിന് 13,600 രൂപ നിരക്കില്‍ കൃഷിവകുപ്പില്‍നിന്ന്  ആനുകൂല്യം ലഭിക്കും.