വീട്ടുചെടികളില്‍ പലതിലും മീലിമൂട്ടയുടെ ഉപദ്രവം കാണുന്നു. പച്ചക്കറിച്ചെടികളുമുള്ളതിനാല്‍ രാസകീടനാശിനിപ്രയോഗം കഴിയില്ല. ഇവയെ ജൈവരീതിയില്‍ എങ്ങനെ നിയന്ത്രിക്കാം? ഇത് ഫലപ്രദമാകുമോ?
 -ജ്യോതിറാണി, ആനാട്.

'വെര്‍ട്ടിസീലിയം ലിക്കാനി' എന്ന മിത്രകുമിളിനെ ഉപയോഗിച്ച് മീലിമൂട്ടകളെ ജൈവരീതിയില്‍ നിയന്ത്രിക്കാന്‍ കഴിയും. മീലിമൂട്ടയ്ക്കു പുറമേ മുഞ്ഞ, വെള്ളീച്ച, ഇലപ്പേന്‍ എന്നിവയെയും ഇതുപയോഗിച്ച് നശിപ്പിക്കാം. ഇത്തരം കീടങ്ങളുടെ ശരീരവുമായി സമ്പര്‍ക്കത്തില്‍വരുമ്പോള്‍ ഈ മിത്രകുമിള്‍ ചില വിഷവസ്തുക്കള്‍ ഉത്പാദിപ്പിച്ചാണ് കീടനശീകരണം നടത്തുന്നത്.

10-15 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കണം. 5 ഗ്രാം ബാര്‍സോപ്പ് ഒരു ലിറ്റര്‍ ചൂടുവെള്ളത്തില്‍ ലയിപ്പിച്ചശേഷം മീലിമൂട്ടയുടെ ശല്യമുള്ള ചെടികളില്‍ ആദ്യം തളിക്കുക. അപ്പോള്‍ മുട്ടയുടെ വെള്ളനിറത്തിലുള്ള പുറം ആവരണം മാറുന്നതുകാണാം. ഇതിനുശേഷം വേണം വെര്‍ട്ടിസീലിയം തളിക്കാന്‍.

48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ കീടങ്ങള്‍ നശിക്കും. 15 ദിവസത്തിലൊരിക്കല്‍ ഇത് വീണ്ടും ആവര്‍ത്തിക്കുക. മീലിമൂട്ടയെ ഫലപ്രദമായി നിയന്ത്രിക്കാം.