ല്പമൊന്നു പരിശ്രമിച്ചാല്‍ വീട്ടുമുറ്റത്ത് ചുരുങ്ങിയ സാഹചര്യത്തില്‍ എങ്ങനെ കൃഷിചെയ്യാം എന്നു കാണിച്ചു തരികയാണ് വാഴൂര്‍ ഇടക്കരവീട്ടില്‍ അനില്‍ എബ്രഹാം. പല കൃഷിരീതികള്‍ ചെയ്ത് പരാജയപ്പെട്ടവര്‍ക്കും ലളിതമായ രീതിയില്‍ ചെയ്യാവുന്ന മൂന്ന് കൃഷികളാണ് കാട വളര്‍ത്തല്‍, കൂണ്‍കൃഷി, തേനീച്ച വളര്‍ത്തല്‍ എന്നാണ് അനില്‍ പറയുന്നത്.

മാതാപിതാക്കളുടെ കാര്‍ഷിക പാരമ്പര്യം പിന്തുടര്‍ന്ന അനില്‍ 14 വര്‍ഷം മുന്‍പ് കൈതയിലൂടെയും പച്ചക്കറിയിലൂടെയുമാണ് കാര്‍ഷികരംഗത്തേക്ക് വന്നത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇതോടെയാണ് മറ്റ് കൃഷിരീതികളെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. 

വിവിധ ഫാമുകളിലെത്തി കൃഷിയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കി. നൂറോളം കാടകളെ വാങ്ങിയായിരുന്നു തുടക്കം. പിന്നീട് കാടകളുടെ എണ്ണം വര്‍ധിപ്പിച്ചു. ആയിരത്തോളം കാടകളെ വളര്‍ത്താവുന്നരീതിയില്‍ ഫാം വിപുലമാക്കി. കാടകളുടെ എണ്ണം പരമാവധി ആയതോടെ കൂണ്‍ കൃഷിയെപ്പറ്റിയും അനില്‍ ചിന്തിച്ചുതുടങ്ങി.

വീടിനോടു ചേര്‍ന്നുള്ള കൊച്ചുമുറിയില്‍ കൂണ്‍ വളര്‍ത്തല്‍ ആരംഭിച്ചു. ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ എന്നീ രണ്ടുതരം കൂണുകളാണ് ഇദ്ദേഹം ഉത്പാദിപ്പിക്കുന്നത്. ഇവയ്ക്ക് ആവശ്യക്കാരും ഏറെ. കൂടാതെ കൂണ്‍വിത്തുകളും ഉത്പാദിച്ച് നല്‍കുന്നുണ്ട്. കൃഷിഭവനുകളുടെ നേതൃത്വത്തില്‍ കൂണ്‍കൃഷിയെപ്പറ്റി പരിശീലനം നല്‍കുന്നതും അനിലാണ്.

രണ്ടു കൃഷിരീതികളും വിജയകരമായതോടെയാണ് തേനീച്ച വളര്‍ത്തലിനെപ്പറ്റിയും ചിന്തിച്ചുതുടങ്ങിയത്. വീടിന്റെ പരിസരങ്ങളിലും സമീപത്തെ പുരയിടങ്ങളിലും അനില്‍ ഈച്ചപ്പെട്ടികള്‍ സ്ഥാപിച്ചു. സംഭരിച്ച തേനില്‍നിന്ന് സോപ്പ്, ഫെയ്സ് വാഷ്, ക്രീം തുടങ്ങി 15 മൂല്യവര്‍ധിതവസ്തുക്കളും നിര്‍മിച്ച് വിറ്റഴിക്കുന്നു.

Content Highlights: Mashroom Farming, Honeybee Culture, Quail Farming, Mixed Farm In Kottayam