പെരുമഴയില്‍ അരയിപ്പുഴ നിറഞ്ഞൊഴുകുകയാണ്. കുതിച്ചും കിതച്ചുമൊഴുകാന്‍ പുഴയ്ക്ക് സ്ഥലം മതിയാകുന്നില്ല. ചിലനേരത്തെ തള്ളിച്ചയില്‍ വെള്ളം കരയും കടന്നു തെറിക്കുന്നു. വയലുകള്‍ നിറഞ്ഞുതുടങ്ങി. മഴയെ വകഞ്ഞുമാറ്റി അരയിപ്പാലവും കടന്നു കാലിച്ചാംപൊതി വഴി യാത്ര. അഞ്ചു കിലോമീറ്റര്‍ പിന്നിട്ട്  മടിക്കൈ ഗ്രാമപ്പഞ്ചായത്തിലെ അമ്പലത്തുകരയിലെത്തി. മടിക്കൈ കര്‍ഷക ഗ്രാമമാണെന്നും നേന്ത്രവാഴയാണ് ഇപ്പോഴത്തെ പ്രധാന കൃഷിയെന്നും ആരോടും ചോദിക്കാതെയും പറയാതെയും അമ്പലത്തുകര കാട്ടിത്തരുന്നു. ഇവിടെ കുമിഞ്ഞുകൂടിക്കിടക്കുന്ന നേന്ത്രക്കായകളില്‍ മടിക്കൈയുടെ ജീവിതം എഴുതിവെച്ചിരിക്കുന്നു. വ്യാഴാഴ്ച രാവിലെയാണ് അമ്പലത്തുകരയിലെത്തിയത്. സമയം ഒന്‍പത് മണി ആയതേയുള്ളൂ. 

തിമിര്‍ത്തുപെയ്യുന്ന മഴയെ കൂസാതെ കര്‍ഷകര്‍ നേന്ത്രക്കായക്കുലകള്‍ എടുക്കുന്നു, തൂക്കുന്നു, ലോറിയിലേക്കെടുത്തുവെയ്ക്കുന്നു. ഇവിടെ കേരള വെജിറ്റബിള്‍ പ്രമോഷന്‍ കൗണ്‍സില്‍ എന്ന പേരില്‍ സൊസൈറ്റി പ്രവര്‍ത്തിക്കുകയാണ്. കൃഷിവകുപ്പിന്റെ അഭിനന്ദനത്തിന് ഒന്നിലേറെ തവണ അര്‍ഹമായ സഹകരണസംഘം.

സെക്രട്ടറി കെ.ശാരികയുടെ വാക്കുകളിലേക്ക്: 'കഴിഞ്ഞ വര്‍ഷം 2.10 കോടിയുടെ വിറ്റുവരവാണ് നേന്ത്രക്കായയില്‍ സൊസൈറ്റിക്ക് കിട്ടിയത്. ഇക്കുറി മൂന്നരക്കോടിയുടെ കച്ചവടമാണ് പ്രതീക്ഷിക്കുന്നത്...'

സെക്രട്ടറിയുടെ വാക്കുകള്‍ക്ക് കുറച്ചുകൂടി കാര്‍ഷിക മുഖംനല്കി പ്രസിഡന്റ് എന്‍.കൃഷ്ണന്‍ പറഞ്ഞു, 'ഇക്കുറി വിലക്കുറവാണ്. കിലോയ്ക്ക് 36 രൂപ മാത്രമേ ഉള്ളൂ. ഇല്ലെങ്കില്‍ കച്ചവടം നാലുകോടി കവിഞ്ഞേനെ...'

ഈ കണക്കൊക്കെ കേള്‍ക്കുമ്പോഴാണ് കാസര്‍കോടിന്റെ വാഴത്തോട്ടമെന്ന് മടിക്കൈയെ വിളിച്ചുതുടങ്ങിയതിന്റെ പൊരുള്‍ ശരിക്കും ബോധ്യപ്പെടുന്നത്. കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 46 മുതല്‍ 52 രൂപ വരെ കിട്ടിയിരുന്നു.

വയനാടന്‍ കായ വിപണിയില്‍ നേരത്തെ എത്തിയതാണ് പ്രശ്‌നമായത് സൊസൈറ്റിക്കാരും കര്‍ഷകരും വിലക്കുറവിന്റെ കാരണവും വിശദീകരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉത്പാദനം കൂടിയിട്ടും ഇക്കുറി വരുമാനക്കുറവുണ്ടായതിന്റെ സങ്കടമാണ് ഇവര്‍ക്ക് പറയാനുള്ളത്. മടിക്കൈ ഗ്രാമപ്പഞ്ചായത്തില്‍ മൂന്നു ലക്ഷത്തിലേറെ വാഴകളുണ്ടെന്നാണ് ഒടുവിലത്തെ കണക്ക്. ഇതില്‍ ഭൂരിഭാഗവും ഈ സഹകരണസംഘം വഴിയാണ് വിപണിയിലെത്തുന്നത്. ഈ ജില്ലയില്‍ മാത്രമല്ല, കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും മുംബൈയിലേക്കുമെല്ലാം മടിക്കൈ നേന്ത്രക്കായ എത്തുന്നു. 

വയലില്‍ നെല്‍ക്കതിര്‍ വിരിയുമ്പോള്‍ ചുറ്റിലും വാഴകള്‍. മനോഹരക്കാഴ്ചകളാണ് ഈ ഗ്രാമമൊട്ടാകെ. സത്യത്തില്‍ മടിക്കൈക്ക് ഈ കൃഷി പാരമ്പര്യമായി കിട്ടിയതൊന്നുമല്ല. വയലേലകളില്‍ നെല്ല് വിളയുമ്പോള്‍ പറമ്പില്‍ മധുരക്കിഴങ്ങും പച്ചമുളകും സമൃദ്ധമാകുന്ന നാടായിരുന്നു ഇത്. രാഷ്ട്രീയത്തിന്റെ ചുവപ്പ് മാത്രമേ ഇവിടെ മാറാതെയുള്ളൂ. കാര്‍ഷിക കാഴ്ചയിലെ പച്ചയ്ക്ക് ഇടക്കിടെ മാറ്റം ഉണ്ടായിക്കൊണ്ടിരിക്കും. പരീക്ഷണങ്ങള്‍ നടത്തിയും കൃഷിപരീക്ഷകളെ അതിജീവിച്ചും നടന്നുവന്നതിന്റെ അടയാളങ്ങള്‍ പഴയ ആളുകളുടെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. സഹകരണസംഘത്തിന് മുന്നിലെ കുമിഞ്ഞുകൂടിയ നേന്ത്രവാഴകളുടെ ഉത്ഭവ സ്ഥാനങ്ങള്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. 

നീണ്ടുകിടക്കുന്ന വാഴത്തോട്ടങ്ങള്‍. മിക്കയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ചിലത് കൊലകൊത്തിയവ. മറ്റു ചില വാഴകളില്‍ കുല മൂത്തുനില്‍ക്കുന്നു. നീന്തിപ്പോയി കുല കൊത്തിയെടുത്ത് കയറില്‍ കെട്ടിവലിക്കുന്ന കാഴ്ചകള്‍. ചിലയിടങ്ങളില്‍ നൂറുകണക്കിന് വാഴകള്‍  ചാഞ്ഞും ചെരിഞ്ഞും കിടപ്പുണ്ട്. കര്‍ഷകരുടെ വാക്കിലും മനസ്സിലും തളംകെട്ടിക്കിടപ്പുണ്ട് സങ്കടക്കണ്ണീര്‍. താഴെ കഴുത്തറ്റം വരെയാണ് വെള്ളം കെട്ടിക്കിടക്കുന്നതെങ്കില്‍ ഇവര്‍ സങ്കടമഴയില്‍ തീര്‍ത്തും മുങ്ങിയിരിക്കുകയാണ്.

"ഇത്തവണത്തെ വേനല്‍മഴ കെടുതി വാഴത്തോട്ടത്തില്‍ വരുത്തിവെച്ചത് ഒന്നരക്കോടിയുടെ നഷ്ടമാണ്. കളക്ടര്‍  ഉള്‍പ്പെടെയുള്ളവര്‍ വന്നിരുന്നു. നഷ്ടപരിഹാരമൊന്നും ഇതുവരെ കിട്ടിയിട്ടില്ല. " നാദക്കോട്ടെ കുമാരനും ആലയിയിലെ എം.ഗോപാലനും പറഞ്ഞു.

ആലയിയിലെ വെള്ളച്ചിയും കരുവാക്കല്‍ കുഞ്ഞിരാമനും മോഹനനുമെല്ലാം വാഴക്കൃഷിയുടെ ചെലവും വരവും വിവരിക്കുന്നു. സ്ഥലത്തിന്റെ പാട്ടത്തുക മുതല്‍ ഊന്നല്‍കൊടുക്കാനുള്ള നാട്ട കുത്തിവെക്കുന്നതിനും കുല കൊത്തുന്നതിനും വരെയുള്ള ചെലവ്. ഒരു വാഴക്ക് ശരാരശി 300 രൂപയെങ്കിലുമാകും. നൂറ്റമ്പതോ ഇരുനൂറോ ലാഭം. ഇതിനിടയില്‍ ഇതുപോലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായാല്‍ പെട്ടുപോകും. തുലാമഴ കഴിയുന്നതോടെ കന്നുകള്‍ വെച്ചുതുടങ്ങും. മേട്ടുപ്പാളയത്തുനിന്നാണ് വാഴക്കന്നുകള്‍ എത്തുന്നത്. ഇടവപ്പാതിയിലാണ് കുലകൊത്തല്‍. വേനല്‍മഴ കെടുതിയില്‍ അഞ്ഞൂറും ആയിരവും വാഴകള്‍ നഷ്ടമായവരുടെ പട്ടികയും കൃഷിഓഫീസുകളിലുണ്ട്.     

നെല്‍സമൃദ്ധിയുടെ മടിക്കൈ  

agri

കണിച്ചിറപ്പുഴയോരത്തെത്തിയപ്പോഴാണ് വാഴക്കൃഷിയിലേക്ക് ഈ നാടു കടന്നുവന്നതിന്റെ വഴിത്താരകള്‍ കര്‍ഷകര്‍ പറഞ്ഞുതന്നത്. ഈ സ്ഥലം അങ്ങനെയാണ്. മടിക്കൈയുടെ രാഷ്ട്രീയവളര്‍ച്ചയില്‍ മാറ്റിനിര്‍ത്താനാകാത്ത ഉള്‍പ്രദേശം. ആദ്യം സഹകരണ സംഘം വന്നതും ബാങ്ക് വന്നതുമെല്ലാം ഇവിടെ. വള്ളിപ്പടര്‍പ്പുകളും കവുങ്ങിന്‍തോട്ടങ്ങളും അതേപടി നിലനിര്‍ത്തി ബാങ്കും സൊസൈറ്റിയുമെല്ലാം കുന്നുകയറി. മഴവെള്ളം ഒഴുകിയിറങ്ങുന്നു. തോട്ടങ്ങളില്‍ കെട്ടിക്കിടന്ന മുട്ടോളം വെള്ളത്തിലൂടെ നടന്നുകയറി. നേരെ പോയത് എരിക്കുളം വയലിലേക്ക്. എരിക്കുളം വേട്ടയ്‌ക്കൊരുമകന്‍ കോട്ടം ക്ഷേത്രത്തിനടുത്താണ് വയല്‍. 20 ഏക്കറോളം വിസ്താരത്തില്‍ നെല്‍പ്പാടങ്ങള്‍. മടിക്കൈയുടെ കാര്‍ഷിക സംസ്‌കൃതിയുടെ രണ്ടാമത്തെ നേര്‍ക്കാഴ്ച. നേരത്തെ നെല്‍ക്കലവറകള്‍ മുന്നിലായിരുന്നു. നഷ്ടങ്ങളുടെ പട്ടിക നെല്ലിനെ പിന്നിലേക്കും വാഴയെ തലയെടുപ്പുള്ളതുമാക്കി. നീണ്ടുനിവര്‍ന്നുകിടക്കുന്ന നെല്‍പ്പാടത്ത് ക്ഷേത്ര റോഡരികില്‍ ഒരേക്കര്‍ സ്ഥലത്ത് വളര്‍ന്ന ഞാറ്റടികള്‍ പറിച്ചുനടാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. ഈ കതിരുകളത്രയും ക്ഷേത്രത്തിലേക്കുള്ളതാണ്.മാതൃസമിതിക്ക് നേതൃത്വം നല്കുന്ന ടി.വി.ഷീബയും 41 സ്ത്രീത്തൊഴിലാളികളും പാടത്തിറങ്ങി. 

ഞാറുനടുന്നതിന്റെ മുന്നൊരുക്ക പ്രവൃത്തിയിലാണ് അവര്‍. വെള്ളിയാഴ്ചയാണ് ഞാറുനടല്‍ ഉത്സവം. നാടിന്റെ കൂട്ടായ്മയും സ്‌നേഹവും വിളംബരം ചെയ്യുന്ന കാഴ്ചയാണതെന്ന് സംഘാടകരായ പി.രമേശനും എ.കെ.വിജയകുമാറും പറയുന്നു. വെള്ളിയാഴ്ചത്തെ ചടങ്ങ് കഴിഞ്ഞാല്‍ അവരവരുടെ ഉടമസ്ഥതയിലുള്ള വയലുകളിലേക്ക് ചേക്കേറും.    വയലുകള്‍ നെല്‍സമൃദ്ധമാകും. വിളവെടുപ്പ് കഴിയുന്നതോടെ ഈ വയല്‍ അത്രയും പച്ചക്കറികള്‍ക്ക് വഴിമാറും. ഏതു പച്ചക്കറിയാണെന്ന് ചോദിച്ചപ്പോള്‍ നാട്ടുകാരന്‍ എം.വി.അശോകന്റെ പുഞ്ചിരികലര്‍ന്ന മറുപടി, 'ഏതു പച്ചക്കറിയാണ് ഇവിടെ ഇല്ലാത്തതെന്ന് ചോദിച്ചാല്‍മതി...'    
 
മണ്‍കലത്തെ കാണാതെ മടങ്ങാനാകുമോ

agriculture

എരിക്കുളത്തെത്തിയാല്‍ മടിക്കൈയുടെ പൊന്‍കലം കണ്ടേ മടങ്ങാവൂ. എ.കെ.ബാലനും വി.പി.ചന്ദ്രനുമെല്ലാം വിരല്‍ചൂണ്ടിയത് ഒന്നും രണ്ടുമല്ല, ഈ ഗ്രാമത്തിലെ 250 കുടുംബങ്ങളിലേക്കാണ്. ഇവരുടെ ജീവിത ഉപാധിയാണ് മണ്‍കല നിര്‍മാണം. കന്യാകുമാരിക്കലങ്ങള്‍ വിപണികീഴടക്കിയതിന്റെ സങ്കടമാണ് ഈ കുടുംബക്കാര്‍ക്ക് പറയാനുള്ളത്.മണ്ണു ശേഖരിക്കുന്നതില്‍ തുടങ്ങി ചൂളയുണ്ടാക്കുന്നതു വരെ നീളുന്ന തിരശ്ശീലക്ക് പിറകിലെ പ്രവൃത്തികള്‍ വിവരിച്ചപ്പോള്‍, മുപ്പത്തൊമ്പതുകാരന്‍ ചന്ദ്രന്റെ വാക്കുകളില്‍ നിറഞ്ഞതത്രയും നഷ്ടത്തിന്റെ കണക്കുകള്‍. 'ഇനി ഓണമാകണം ഇതെല്ലാം തീരണമെങ്കില്‍' അകത്തളങ്ങളില്‍ അട്ടിവെച്ചിരിക്കുന്ന കലങ്ങളില്‍ ഉണങ്ങിയവ എടുത്തുവെയ്ക്കുന്നതിനിടെ ചന്ദ്രന്‍ പറഞ്ഞു. ചെറുപ്പക്കാര്‍ മുഖം തിരിക്കുകയാണ് ഈ നിര്‍മാണമേഖലയില്‍നിന്ന്. അലൂമിനിയം പാത്രങ്ങളെ ഉപേക്ഷിക്കാനും പ്രകൃതിയിലേക്ക് മടങ്ങാനും ആവര്‍ത്തിച്ചുപറയുന്നവര്‍ പോലും മണ്‍കലം ഉപയോഗിക്കുന്നില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്.
     
മടിക്കൈ തിരിച്ചറിയുന്നു, കുന്നുകള്‍ ഇല്ലാതായതിന്റെ ദുരിതം

 ഈ നാട് മറ്റൊരു ഉദ്യമത്തിലാണിപ്പോള്‍. കാവുകള്‍ സംരക്ഷിക്കാനുള്ള കൈകോര്‍ക്കല്‍. കുന്നുകളുടെ നാടെന്ന വിശേഷണം കൂടിയുണ്ടായിരുന്നു ഗ്രാമത്തിന്. മടിക്കൈയുടെ മാറുപിളര്‍ന്ന് കുന്നുകള്‍ ഇടിച്ചുനിരത്തിയതിന്റെ ദുരന്തഫലം നാട് അനുഭവിച്ചുതുടങ്ങി. ജലസമൃദ്ധിക്ക് കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരം കിട്ടിയ നാട്. ഇപ്പോള്‍ കുംഭപ്പാതിപോലും എത്താന്‍ കാത്തുനില്‍ക്കാതെ ഭൂമി വെള്ളത്തെ പിന്‍വലിക്കുന്നു. കുടിവെള്ളക്ഷാമത്തിന് നാടു കേഴുന്ന കാഴ്ച. ഇനി കുന്നുകള്‍ വെച്ചുപിടിപ്പിക്കാനാവില്ല. എങ്കിലും പരിഹാരമുണ്ട്. 

 കാവുകള്‍ സംരക്ഷിക്കുക. മരങ്ങള്‍ വെച്ചുപിടിപ്പിക്കുക. ഇത്തവണ വെച്ചുപിടിപ്പിച്ച വൃക്ഷത്തൈകള്‍ അടുത്തവര്‍ഷം എണ്ണിനോക്കി അവയ്ക്ക് ഒരെണ്ണത്തിന് 15 രൂപ തോതില്‍ നല്കുന്ന പദ്ധതിക്കാണ് പഞ്ചായത്ത് രൂപം നല്കിയിട്ടുള്ളത്. അതു സ്വകാര്യവ്യക്തിക്കായാലും കൂട്ടായ്മയ്ക്കായാലും നല്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍ പറഞ്ഞു. തിരികെ മടങ്ങുമ്പോള്‍ കണ്ണിപ്പാറകാവിലേക്കും കാലിച്ചാമരം കാവിലേക്കും വിരല്‍ചൂണ്ടി മാതൃഭൂമി ഏജന്റ് ഗോപാലകൃഷ്ണന്‍ പറഞ്ഞു, കാവുസംരക്ഷണത്തിന് മുന്നില്‍ നിന്നത് കര്‍ഷകസംഘമാണ്...