ബന്തടുക്ക: ബേത്തലം പാടത്ത് ഇലചുരുട്ടി പുഴുക്കളെയും നീല വണ്ടുകളെയും വ്യാപകമായി കണ്ടെത്തിയതായി കൃഷിഭവന്‍ അധികൃതര്‍. ഇതിനാലാണ് വിളഞ്ഞ നെല്‍ക്കതിരുകള്‍ വാടി ഉണങ്ങുന്നത്.

നെല്‍ക്കതിരുകള്‍ ഉണങ്ങുന്നതിനെപ്പറ്റി ബുധനാഴ്ച 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. ബുധനാഴ്ച രാവിലെ കുറ്റിക്കോല്‍ കൃഷിഭവനില്‍നിന്ന് അധികൃതരെത്തി കര്‍ഷകരോടൊപ്പം പാടത്ത് വിശദപരിശോധന നടത്തി.

കതിരുകള്‍ കൊയ്യാന്‍പാകത്തില്‍ മൂപ്പെത്തിയതിനാല്‍ ഇനി കീടനാശിനികള്‍ തളിച്ചിട്ട് കാര്യമില്ലെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു. പൊട്ടാഷ് തളിച്ചാലും ഗുണം കിട്ടില്ല. വിളഞ്ഞ കതിരുകള്‍ പതിരായിതന്നെ നശിക്കും. തുടക്കത്തിലാണെങ്കിലേ കീടനാശിനികള്‍ ഗുണംചെയ്യുകയുള്ളൂ.

കൊയ്തതിന്ശേഷം ലഭിക്കുന്ന പുല്ല് പൊടിഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാല്‍ പശുക്കള്‍ക്ക് തീറ്റയായി കൊടുക്കാന്‍ പോലും ലഭിക്കില്ല.

സമീപത്തെ പാടങ്ങളിലേക്കും കീടങ്ങളുടെ അക്രമണം വ്യാപിക്കുന്നതായി കണ്ടെത്തി. കാര്‍ഷികവകുപ്പിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ ഉടന്‍ നടപടി ആരംഭിക്കുമെന്നും കൃഷി ഓഫീസര്‍ അറിയിച്ചു. രോഗംബാധിച്ച നെല്‍ക്കതിരുകളുടെ സാമ്പിള്‍ ശേഖരിച്ച് കൃഷിഭവനിലെത്തിച്ചിട്ടുണ്ട്. 

കൃഷി ഓഫീസര്‍ എ.എന്‍.അനുഷ, അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് പി.രജനി, ബേത്തലം പാടശേഖരസമിതി സെക്രട്ടറി കെ.വിജയന്‍, പ്രസിഡന്റ് പി.ദാമോദരന്‍, കര്‍ഷകരായ പുളിഞ്ചാല്‍ മുഹമ്മദ്, രാഘവന്‍, വി.കുഞ്ഞമ്പു, എ.വി.രതീഷ് തുടങ്ങിയവരാണ് പാടം സന്ദര്‍ശിച്ചത്.