ഗ്രോബാഗുകളില്‍ വലിയ പ്രതീക്ഷയോടെ നട്ടുവളര്‍ത്തിയ വഴുതനയില്‍ കായകളുണ്ടായി. പക്ഷേ,  കായ പിളര്‍ന്നുനോക്കിയപ്പോള്‍ എല്ലാത്തിലും പുഴുശല്യം. ഇതിന് വിഷമരുന്നല്ലാതെ ഏത് കീടനാശിനി പ്രയോഗിക്കാം?-പ്രീതിനായര്‍, വെച്ചൂച്ചിറ

തണ്ടും കായും തുരക്കുന്ന പുഴുവിന്റെ ഉപദ്രവമാണിത്. വീട്ടുകൃഷിയായതിനാല്‍ ജൈവനിയന്ത്രണമേ ഇവിടെ ശുപാര്‍ശചെയ്യാന്‍ കഴിയൂ. പുഴുശല്യം കാണുന്ന കായകള്‍ പുതുനാമ്പുകളോടെ മുറിച്ചെടുത്ത് പുഴുവടക്കം നശിപ്പിക്കണം. മീനെണ്ണ സോപ്പോ മീനെണ്ണ എമള്‍ഷനോ വെള്ളത്തില്‍ കലക്കി തളിക്കാം.

പുഴുക്കുത്തേറ്റ ഇളംതണ്ടും കായ്കളും മുറിച്ചുനീക്കി വേപ്പിന്‍കുരുസത്ത് അഞ്ചുശതമാനം വീര്യത്തില്‍ ലായനിയാക്കി തളിക്കുക. വേപ്പിന്‍കുരു 50 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ പൊടിച്ച് ഒരു തുണിയില്‍ കിഴികെട്ടി 12 മണിക്കൂര്‍ മുക്കിവെക്കുക. തുടര്‍ന്ന് കിഴി പലപ്രാവശ്യം മുക്കിപ്പിഴിയുക. ഈ മരുന്നുലായനി തളിച്ചാല്‍ പുഴുബാധ നിയന്ത്രിക്കാം.